രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ ഉപാധികളില്ലാത്ത ഐക്യം അനിവാര്യം

രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ ഉപാധികളില്ലാത്ത ഐക്യം അനിവാര്യമെന്ന് സി.പി.ഐ.എം – പി.ബി അംഗം പ്രകാശ് കാരാട്ട്. സംസ്ഥാനങ്ങൾക്ക് മേലുള്ള കേന്ദ്രസർക്കാർ കടന്നുകയറ്റത്തിനെതിരെ 12 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു ചേർക്കാൻ സി.പി.ഐ.എം മുൻകയ്യെടുക്കും. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് കാരാട്ട്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പാടെ ഇല്ലാതാക്കുവാനാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ അധികാരം പൂർണമായും അവഗണിച്ച് പ്രധാനമന്ത്രി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

ഇഷ്ടഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങളിൽ പോലും ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴ്പ്പെടേണ്ട സ്ഥിതിയാണ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മരണമൊഴി മുഴങ്ങാനൊരുങ്ങുന്ന കാലത്ത് പോരാട്ടം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. 12 ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കാൻ സി.പി.ഐ.എം മുൻകൈയെടുക്കും.

ബി.ജെ.പി ഭരണത്തിന് കീഴിൽ സ്വന്തം അധികാരത്തെക്കുറിച്ച് ഗവർണർമാർക്ക് പോലും നിശ്ചയമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജയിച്ചു വരുന്നവരെ ഒഴിവാക്കി മറ്റുള്ളവരെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുകയാണ് ഗവർണർമാർ.

മാറിയ കാലത്ത് ദേശീയതയെന്നാൽ ഹിന്ദുത്വ ദേശീയതയെന്ന് നിർവചിക്കപ്പെട്ടു കഴിഞ്ഞുവെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എ.വിജയരാഘവൻ ചൂണ്ടിക്കാട്ടി. ഗാന്ധിയും നെഹ്റുവും സ്വാതന്ത്ര്യ സമരവും തന്നെ തമസ്കരിക്കപ്പെടുന്നിടത്ത് പുതിയ പ്രതീകങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.

ഭരണഘടന, ഫെഡറിലിസം, മതനിരപേക്ഷത ഇന്ത്യയിൽ ജനാധിപത്യത്തിൻ്റെ ഭാവി എന്ന വിഷയത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News