168 വിദ്യാർഥികൾ 
ചാർട്ടേഡ്‌ വിമാനത്തിൽ കൊച്ചിയിലെത്തി

യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയ മലയാളി വിദ്യാർഥികളെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ച് സംസ്ഥാന സർക്കാർ. യുക്രൈനിൽ നിന്ന് ദില്ലിയിലെത്തിയ 168 വിദ്യാർഥികളെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ചത്.

മന്ത്രിമാരും നോർക്ക വൈസ് ചെയർമാനും ചേർന്ന് വിദ്യാർഥികളെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇവരെ സ്വദേശങ്ങളിലേക്കെത്തിക്കാനായി നോർക്ക പ്രത്യേകം ബസ്സുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു.

ദില്ലിയിൽ നിന്ന്, കേരള സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനമായ എയർ ഏഷ്യയിൽ യാത്രപുറപ്പെട്ട 168 പേരുടെ സംഘം രാത്രി 8.20 ഓടെയാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്.മന്ത്രിമാരായ പി രാജീവ്,കെ എൻ ബാലഗോപാൽ,വി എൻ വാസവൻ,നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവർ ചേർന്ന് വിദ്യാർഥികളെ സ്വീകരിച്ചു.

യുദ്ധഭൂമിയിൽ നിന്നും ആശ്വാസ തീരത്തേയ്ക്കെത്തിയ സന്തോഷത്തിലായിരുന്നു മടങ്ങിയെത്തിയവരെല്ലാം.മടങ്ങിയെത്തിയ മക്കളെ കണ്ടതോടെ കണ്ണീരണിഞ്ഞ രക്ഷിതാക്കൾ അവരെ ചേർത്തുപിടിച്ചു.മാധ്യമങ്ങളോട് അനുഭവങ്ങൾ പങ്കുവെക്കവെ പലർക്കും വാക്കുകൾ മുറിഞ്ഞു.

യുക്രൈനിലെ തീവ്ര പ്രശ്നബാധിത മേഖലയിൽ നിന്നും പരമാവധി വേഗം എല്ലാവരെയും രക്ഷിക്കണമെന്നാണ് സംസ്ഥാനസർക്കാർ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മടങ്ങിയെത്തിയവരിൽ പലരും രക്ഷിതാക്കളോടൊപ്പം സ്വന്തം വാഹനത്തിലാണ് വീട്ടിലേക്ക് പോയത്.അതേ സമയം നോർക്കയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സജ്ജമാക്കിയ ബസ്സുകളിൽ ബാക്കിയുള്ളവരെയും സ്വദേശത്തേക്ക് എത്തിച്ചു.

യുക്രൈനിൽനിന്നു കൂടുതൽ വിദ്യാർഥികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു പരമാവധി വേഗത്തിൽ ഇവരെ കേരളത്തിലെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയത്. ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഫെബ്രുവരി 26 മുതൽ രാജ്യത്തേക്കെത്തുന്ന മലയാളി വിദ്യാർഥികളെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സൗജന്യമായാണു വിമാനമാർഗം കേരളത്തിലേക്ക് എത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News