കരള്‍മാറ്റ ശസ്ത്രക്രിയ; സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തു, പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലാദ്യമായി കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തു.
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി നേരിട്ടെത്തിയാണ് സുബീഷിനെ വീട്ടിലേക്ക് യാത്രയാക്കുന്നത്. സുബീഷിനു കരള്‍ പകുത്തു നല്‍കിയ ഭാര്യ പ്രവിജ നേരത്തെ ആശുപത്രി വിട്ടിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും മന്ത്രി വീണാ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷ് ഇന്ന് ഡിസ്ചാര്‍ജ് ആകുകയാണ്. സുബീഷിനേയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെപി ജയകുമാറുമായും സൂപ്രണ്ട് ഡോ. ടികെ ജയകുമാറുമായും സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവുമായും മറ്റ് ടീം അംഗങ്ങളുമായും സംസാരിച്ചു.

ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുകയാണ്. ഇത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ്.

സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുന്നതാണ്. കോഴിക്കോടും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News