ഇനിയും ഭീഷ്മപർവം കാണാത്തവരോട് ഒന്നേ പറയാനുള്ളു “വേഗം ജാവോ”.

ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഭീഷ്മപർവം’.ഇതായിരുന്നു സിനിമയെക്കുറിച്ച് ആദ്യം വന്ന ടാഗ്‌ലൈൻ.പതിനഞ്ച് വര്ഷം കഴിഞ്ഞിട്ടും ബിലാലും കൊച്ചിയുമൊക്കെ നമ്മുടെ നിത്യജീവിതത്തിലെ ഡയലോഗുകളിൽ മിന്നിക്കൊണ്ടിരുന്നു ..അതുവരെ മലയാളികൾ കാണാത്ത ,ശീലമില്ലാതിരുന്ന സ്ലോമോഷനും മഴയും സ്റ്റൈലിഷ് ഫൈറ്റുമൊക്കെ ചേർന്ന് ബിലാൽ നമ്മുടെയൊക്കെ നെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു എന്ന് വ്യക്തം.ഇയ്യോബ് ,വരത്തൻ ,കുള്ളന്റെ ഭാര്യ പോലെയുള്ള വ്യത്യസ്ത സിനിമകൾ വന്നിട്ടും അമൽ നീരദ് എന്ന് പറഞ്ഞാൽ ബിലാൽ തന്നെയായിരുന്നു ആദ്യം മനസിലേക്കെത്തുക.പക്ഷെ ഇനി മുതൽ അത് മൈക്കിളപ്പനായിരിക്കും. ബിലാലും സ്ലോമോഷൻ നടത്തവും ഫൈറ്റുമൊക്കെ പ്രതീക്ഷിച്ചവരോട് ഒന്നേ പറയാനുള്ളൂ ; ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പൻ അതുക്കും മേലെ .

ശരീരഭാഷ കൊണ്ടും, നോട്ടം കൊണ്ടും ,സ്റ്റൈൽ കൊണ്ടും,എല്ലാംകൊണ്ടും ആറാടുകയാണ് മൈക്കിളപ്പനായി മമ്മൂട്ടി എന്ന നടൻ. പ്രസ് മീറ്റിൽ മാസ്സ് ആണോ ക്‌ളാസ് ആണോ ഭീഷ്മപർവം എന്ന ചോദ്യത്തിന് മമ്മൂട്ടി കൃത്യമായി ഉത്തരം നൽകിയിരുന്നില്ല …പക്ഷെ കണ്ടവർ ഒരുമിച്ചു പറയും ഇത് മാസ്സ് ആണ് ഒപ്പം ക്ലാസ് ആണ് എന്ന് …

രണ്ട് തറവാടുകൾ തമ്മിലുള്ള കുടിപ്പകയുടെ കഥ ഇതിനു മുൻപും മലയാള സിനിമ പറഞ്ഞിട്ടുണ്ട്.കണ്ടു ശീലിച്ച ഒരു കഥാപശ്ചാത്തലം തന്നെയാണ് സിനിമയിലേത്.. …അഞ്ഞൂറ്റി , കോച്ചേരി എന്നീ രണ്ട് തറവാട്ടിലെ മനുഷ്യർക്കിടയിലെ കഥ …ഒരു ഗ്യാങ്‌സ്റ്റർ കഥയ്ക്കപ്പുറത്തേക്ക് അസാധ്യ ക്രാഫ്റ്റ് കൊണ്ട് മാറ്റിമറിക്കപ്പെട്ട സിനിമയെന്ന് ഭീഷ്മപർവ്വത്തെ പറയാം.ഒപ്പം മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത വേർഷൻ എന്നും

സിനിമ തുടങ്ങി 2 മിനിറ്റ് കഴിഞ്ഞാൽ മൈക്കിൾ എത്തും …പിന്നെ മൊത്തം മൈക്കിളാണ് വെള്ള ഷർട്ടും മുണ്ടും ഉടുത്ത് സ്റ്റെപ്പിറങ്ങി വരുന്ന മൈക്കിലിന്റെ എൻട്രി ഒക്കെ മാസ്സ് ആണ് എന്ന് പറയാതെ വയ്യ.ആദ്യ പകുതിവരെ മൈക്കിളിനോടുള്ള ഭയമാണ് സിനിമ.ആ ഭയത്തിലൂടെ നമ്മൾ അറിയുന്നത് അഞ്ഞൂറ്റി എന്ന കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളെയാണ്.കൃത്യമായി ഓരോ കഥാപാത്രത്തെയും വരച്ചു വെക്കാൻ അമൽ നീരദിനായിട്ടുണ്ട്.

പ്രത്യേകമായി എടുത്തു പറയേണ്ടത് സ്ത്രീ കഥാപാത്രങ്ങൾക്ക് നൽകിയ ആഴമാണ്.പല പെൺജീവിതങ്ങളെ നമ്മൾ ഈ സിനിമയിൽ കാണുന്നുണ്ട്.പുരുഷന്റെ വൃത്തികേടുകൾ സഹിക്കാതെ ഇറങ്ങിപ്പോയവർ,സഹിച്ച് ജീവിക്കുന്നവർ ,നിലപാടുള്ളവർ,നിസ്സഹായർ,മനസ്സിൽ പക സൂക്ഷിക്കുന്നവർ ….. അങ്ങനെ പലർ.പെൺജീവിതങ്ങൾ ഗ്യാങ്സ്റ്റർ കഥയിൽ നിഴലാകുന്നില്ല എന്ന് മാത്രമല്ല ഇമോഷണൽ രംഗങ്ങൾ ഈ അമൽ നീരദ് ചിത്രത്തിൽ ഉണ്ട് എന്നതും പ്രത്യേകതയാണ്.എന്നെ നിങ്ങൾക്ക് കൊല്ലം പക്ഷെ ഞാൻ കൂടി തീരുമാനിക്കണം എപ്പോൾ മരിക്കണമെന്ന് എന്ന മൈക്കിളിന്റെ ഡയലോഗിൽ മാത്രമല്ല കൈയടികൾ ഉയരുന്നത് രണ്ടുപേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ നമ്മൾ കൂടെ നിൽക്കും മതവും ജാതിയും നോക്കാതെ എന്ന് മൈക്കിൾ പറയുമ്പോഴും കൈയടികൾ കേൾക്കാം.

അമൽ നീരദും ,ദേവദത്തും കൂടി എഴുതിയ തിരക്കഥയെ സുന്ദരമാക്കുന്നത്ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണമാണ് . സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ആനന്ദത്തിന്റെയും സങ്കടത്തിന്റെയും പറുദീസ തീർക്കുന്നുണ്ട് .. കുറച്ചു കാലമായി സൗബിനു കിട്ടിക്കൊണ്ടിരുന്ന എല്ലാ പരിഹാസങ്ങൾക്കുള്ള മറുപടികൂടിയാണ് മൈക്കിളിനൊപ്പം നിൽക്കുന്ന അജാസ്. നദിയ മൊയ്‌ദുവും ലെനയും ഷൈൻ ടോമും,ശ്രീനാഥ്‌ ഭാസിയും ശ്രിന്ദയും മാലാപാര്‍വതിയുമൊക്കെ എത്ര ഭംഗിയായാണ് അവരവരുടെ കഥാപാത്രങ്ങളെ ഉൾക്കൊണ്ടിരിക്കുന്നത്. ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് വന്ന്, കണ്ണ് നിറച്ച്, എന്നെന്നേക്കുമായി കടന്നു പോയ  നെടുമുടിയും കെ പി എ സി ലളിതയും…ഓരോരുത്തരും നമ്മുടെ നെഞ്ചിൽ ആഞ്ഞു തറഞ്ഞിരിക്കുന്നു എന്തായാലും ഇനിയും സിനിമ കാണാത്തവരോട് ഒന്നേ പറയാനുള്ളു :ജാവോ”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News