മഹാരാഷ്ട്രാ മന്ത്രി നവാബ് മാലികിന് ജാമ്യമില്ല

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ മന്ത്രി നവാബ് മാലികിന് ജാമ്യമില്ല. മാർച്ച് ഏഴുവരെ ഇഡി കസ്റ്റഡിയിൽ തുടരും. നേരത്തെ പ്രത്യേക കോടതി നവാബ് മാലിക്കിനെ മാർച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് ബന്ധമുള്ള കള്ളപ്പണക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ആഴ്ച മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.

ചൊവ്വാഴ്ചയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഇദ്ദേഹത്തിന്റെ ഹരജി ബോംബേ ഹൈക്കോടതി കേൾക്കാൻ സമ്മതിച്ചത്. ഹരജിയിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അതിനാൽ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തനിക്ക് സമൻസയച്ച ഫെബ്രുവരി 23ന് തന്നെ അറസ്റ്റ് ചെയ്തത് കേന്ദ്രഏജൻസിയെ സർക്കാർ ദുരുപയോഗം ചെയ്തതിന്റെ തെളിവാണെന്നും ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തെ മാത്രമല്ല, രാജ്യത്തിന്റെ പലഭാഗത്തും രാഷ്ട്രീയ എതിരാളികളെ കേന്ദ്രഏജൻസികൾ വേട്ടയാടുന്നുണ്ടെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.

എൻസിപി മുംബൈ പ്രസിഡന്റും നിലവിൽ ശിവസേന നയിക്കുന്ന മഹാരാഷ്ട്രാ സർക്കാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് ഇദ്ദേഹം. അഞ്ചുവട്ടം എംഎൽഎയായ നവാബ് മാലിക് എൻസിപിയുടെ ദേശീയ വക്താവാണ്. ആര്യൻ ഖാൻ കേസിലടക്കം ബിജെപി സർക്കാറിന്റെ നിശിത വിമർശകനാണ് ഈ 62 കാരൻ. ഫെബ്രുവരി 23ന് രാവിലെ ആറുമണിയോടെ നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം ഏഴുമണിയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

മുംബൈയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യൽ നടന്നത്. തുടർന്ന് മൂന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഇതേ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ അറസ്റ്റ് ചെയ്തിരുന്നു. നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്ന് മഹാ വികാസ് അഘാഡി മുന്നണി തീരുമാനിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളും ഒരേ നിലപാടാണ് സ്വീകരിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News