യുദ്ധത്തിന്റെ ഭീതി വിതയ്ക്കുന്ന നാളുകൾ; ആക്രമണം ഒമ്പതാം ദിനത്തിലേക്ക്

ഒമ്പതാം ദിനവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. യുദ്ധത്തെപ്പറ്റി കേട്ടുകേൾവി മാത്രമുണ്ടായിരുന്ന നമ്മൾ പലരും ഇന്നതിന്റെ തീവ്രത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെ പ്രതിസന്ധി ലോകമാകെ ബാധിക്കുന്നു. ഖർക്കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ഒരു വിദ്യാർത്ഥിക്ക് വെടിയേറ്റു. രാജ്യവും ആശങ്കയിലാണ്.

ഈ കഴിഞ്ഞ 8 ദിവസം യുക്രൈൻ റഷ്യൻ യുദ്ധം കടന്നുപോയ ഭീതിതമായ അവസ്ഥകളിലൂടെ നമുക്കൊന്ന് കടന്നുചെല്ലാം.

2022 ഫെബ്രുവരി 24- ഇന്ത്യൻ സമയം പുലർച്ചെ യുക്രൈനിൽ പുടിന്‍ സൈനിക നീക്കം പ്രഖ്യാപിക്കുന്നു. പ്രഖ്യാപനം കഴിഞ്ഞ ഏതാനും മിനിറ്റുകൾക്കകം റഷ്യയുടെ സൈനിക പട യുക്രൈനിലേക്ക് ഇരച്ചു കയറുന്നു.

യുദ്ധം കൊടുമ്പിരികൊണ്ട് ഏതാനും മിനിറ്റുകൾക്കകം ഓഹരിവിപണി കൂപ്പുകുത്തുന്നതിനും സ്വർണവിലയും ഇന്ധന വിലയും കുതിച്ചുയരുന്നതിനും അന്താരാഷ്ട്ര വിപണി സാക്ഷ്യം വഹിച്ചു. യുക്രൈനിലെ ചെര്‍ണോബില്‍ പിടിച്ചെടുത്തുകൊണ്ട് ആദ്യ ദിന യുദ്ധം റഷ്യ അവസാനിപ്പിച്ചു.

ഫെബ്രുവരി 25- യുദ്ധത്തിന്റെ രണ്ടാം ദിനം. പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്‌ഫോടനങ്ങളും അൽപ്പം അകലെയായി മൂന്നാമത്തെ സ്‌ഫോടനവും നടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലാക്രമണമാണ് നടന്നതെന്ന് യുക്രൈൻ മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ പറഞ്ഞു. തെക്കൻ യുക്രൈനിലെ ഖെർസോൻ അടക്കം ആറ് മേഖലകൾ റഷ്യ പിടിച്ചെടുത്തു. 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങൾ തകർത്തു. റഷ്യൻ സൈന്യം കീവിൽ പ്രവേശിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് സെലൻസ്‌കി പറഞ്ഞു.

ഫെബ്രുവരി26– യുദ്ധത്തിന്റെ മൂന്നാം ദിനം യുക്രൈനെതിരായ ആക്രമണം റഷ്യ കടുപ്പിച്ചു. കീവില്‍ സ്ഫോടനങ്ങളും കനത്ത വെടിവെയ്പുമുണ്ടായി. സാധാരണക്കാരും യുദ്ധരംഗത്തേയ്ക്ക് കടന്നു വന്നു. പൗരന്മാര്‍ തോക്കുകളേന്തി സൈന്യത്തോടൊപ്പം ചേർന്ന് രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തു. യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ആയുധം താഴെ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി രംഗത്തെതിയത് യുക്രൈന്‍ ജനതയ്ക്ക് പകർന്ന കരുത്ത് ചെറുതല്ല. യുദ്ധകലുഷിതമായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ദൗത്യത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരിട്ടു. ദൗത്യത്തിന്‍റെ ഭാഗമായി 219 പേരുമായുള്ള ആദ്യ വിമാനം മുംബൈയിലിറങ്ങി.

ഫെബ്രുവരി 27– നാലാം ദിനം. യുക്രെയിനിലെ വലിയ നഗരങ്ങളായ ഖെർസനും ബെർ‌ഡിസ്‌നകും പിടിച്ചെടുത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. രണ്ട് നഗരങ്ങളും പൂർണമായി റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കി.

യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു. ഖാര്‍ക്കീവ്, സുമി, വാസില്‍ക്കീവ് എന്നിവിടങ്ങളിലും വലിയ ആക്രമണങ്ങള്‍ അരങ്ങേറി. വാസില്‍കീവില്‍ എണ്ണ സംഭരണ ശാലയില്‍ പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തു. ഖാര്‍കീവില്‍ ഗ്യാസ് പൈപ്പ് ലൈന് നേരെയും റഷ്യന്‍ ആക്രമണം ഉണ്ടായി.


ഫെബ്രുവരി 28– അഞ്ചാം ദിനം
ആദ്യത്തെ നാല് ദിവസം കൊണ്ട് യുക്രൈന്‍ പിടിക്കാനുള്ള റഷ്യയുടെ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല. കനത്ത പ്രതിരോധമാണ് യുക്രൈന്‍ സൈന്യം ഏര്‍പ്പെടുത്തിയത്. ഒപ്പം ഗറില്ലാ മോഡല്‍ യുദ്ധങ്ങളും യുക്രൈൻ നടത്തി. പോരാട്ടം തുടർന്നു യുക്രൈനിലെ രണ്ടാമത്തെ നഗരമായ ഖാര്‍ക്കീവിൽ കടുത്ത റോക്കറ്റാക്രമണവും വെടിവെപ്പുമാണ് റഷ്യ നടത്തിയത്.

മാർച്ച് 1- യുക്രൈന് കനത്ത നഷ്ടങ്ങളുണ്ടാക്കിയാണ് യുദ്ധത്തിന്റെ ആറാം ദിനം കടന്നുപോയത്. ഇന്ത്യയെ സംബന്ധിച്ച് വേദനയുടെ ദിനം കൂടിയായിരുന്നു അത്. യുക്രൈനിലെ ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീന്‍ കൊല്ലപ്പെട്ടു.

21കാരനായ നവീന്‍ കര്‍ണാടകയിലെ ഹാവേരി സ്വദേശിയായിരുന്നു. യുക്രൈനിലെ രണ്ടാമത്തെ നഗരമായ കാര്‍ക്കീവിൽ കടുത്ത റോക്കറ്റാക്രമണവും വെടിവെപ്പുമാണ് റഷ്യ നടത്തിയത്. പത്ത് പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 35 പേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റെന്ന് യുക്രൈന്‍ അറിയിച്ചു. അതേസമയം റഷ്യക്കെതിരെ കടുത്ത നടപടികള്‍ക്ക് ലോകരാജ്യങ്ങള്‍ നീക്കം തുടങ്ങി.

മാർച്ച് 2– ഏഴാം ദിനത്തിൽ കീവിലും ഖാർക്കീവിലും ആക്രമണം അതിരൂക്ഷമായി. കീവിലെ ടെലിവിഷൻ ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഖാർകീവ് നഗരത്തിൽ റഷ്യൻ വ്യോമസേന എത്തിയതായി യുക്രൈൻ സ്ഥിരീകരിച്ചു. ഖാർകീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ക്ർകീവിൽ രാത്രിയും യുക്തം ശക്തമായി.

മാർച്ച് 3– യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യൻ സേന വിവിധ നഗരങ്ങളിൽ ബോംബിട്ടു. രൂക്ഷമായ കരയുദ്ധം നടക്കുന്ന ഖാർകീവിൽ റഷ്യ ക്രൂസ് മിസൈൽ ആക്രമണം നടത്തി.

ഒഡേസ പിടിച്ചെടുക്കാനായി കൂടുതൽ റഷ്യൻ സൈന്യമെത്തുമെന്നാണ് ഒൻപതാം ദിവസത്തിൽ ലഭ്യമാകുന്ന റിപ്പോർട്ട്. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. യുക്രൈൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർകീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു.

യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം. ഒഡേസയിൽ കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു.

ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടെന്നും 18 പേർക്ക് പരുക്കേറ്റതായും യുക്രൈൻ സ്ഥിരീകരിച്ചു. മരിയപോളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.

യുദ്ധത്തിന്റെ ഒൻപതാം ദിനത്തിൽ എത്തിനിൽക്കുമ്പോൾ ഉക്രൈനിലെ അവസ്ഥ കൂടുതൽ സങ്കിർണമാണ്. രണ്ടു ദിവസം കൊണ്ട് യുക്രെയിനെ കീഴടക്കാമെന്ന് കരുതിയ റഷ്യയെ അമ്പരപ്പിച്ച്കൊണ്ടാണ് യുദ്ധം എട്ടാം ദിവസത്തിലേക്ക് നീണ്ടത്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി.

എന്നാൽ യുധം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും രക്ഷാ ദൗത്യം വൈകിപ്പോയെന്ന് പലഭാഗങ്ങളിൽ നിന്നും ആക്ഷേപം ഉയര്ന്നുമുണ്ട്. മലയാളി വിദ്യാർത്ഥികളെ സുരക്ഷിതരാക്കി നാട്ടിലെത്തിക്കാനുള്ള കൃത്യമായ നടപടികളുമായി കേരളസർക്കാരും മുന്നോട്ട് നീങ്ങുന്നു. യുക്രൈൻ നാറ്റോയിൽ അംഗമാകരുതെന്നാണ് സിപിഐഎം നിലപാടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ലോക രാജ്യങ്ങൾ എല്ലാം ഒരിമിച്ചു നിന്നിട്ടും യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പുടിൻ. യുദ്ധത്തിന്റെ ഗതി എങ്ങൊട്ടന്നറിയാതെ ലോകരാഷ്ട്രങ്ങളും നോക്കി നിൽക്കുകയാണ്. ഇരുപക്ഷവും വിജയം അവകാശപ്പെടുന്നെങ്കിലും യുദ്ധം കൊടുമ്പിരി കൊള്ളുകയാണ് എന്നതാണ് വാസ്തവം. കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെയുദ്ധം എന്തായാലും പിടിച്ചുലച്ചു കഴിഞ്ഞു. സമാധാനപരമായ ദിനങ്ങൾ ഉടൻ പുലരുമെന്ന് നമുക്ക് പ്രത്യാശിക്കാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News