വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം മറ്റന്നാള്‍

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഞായറാഴ്ച രാവിലെ 6.30 ന് ബേ ഓവലില്‍ നടക്കും. വിജയത്തുടക്കം കുറിക്കാനുറച്ചാണ് മിതാലി രാജിന്റെ സംഘത്തിന്റെ പടയൊരുക്കം. മിതാലി രാജ് ക്യാപ്ടനായ ഇന്ത്യയും ബിസ്മ മാറൂഫ് നയിക്കുന്ന പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ന്യൂസിലന്‍ഡ് ആതിഥ്യമരുളുന്ന വനിതാ ലോകകപ്പിനെ ത്രസിപ്പിക്കും.

സന്നാഹ മത്സരങ്ങളില്‍ രണ്ടിലും വിജയിച്ചെത്തുന്ന ഇന്ത്യയ്ക്ക് പരമ്പരാഗത വൈരികള്‍ക്കെതിരെ വ്യക്തമായ മുന്‍തൂക്കം ഉണ്ടെങ്കിലും ഫലം പ്രവചനാതീതമാണ്. മൗണ്ട് മോംഗനൂയിയിലെ ബേ ഓവലിലാണ് ത്രില്ലര്‍ പോരാട്ടം അരങ്ങേറുന്നത്. ബാറ്റിംഗിലും ബോളിംഗിലുമെല്ലാം ശക്തമാണ് നിലവിലെ ഫൈനലിസ്റ്റ് കൂടിയായ ഇന്ത്യയുടെ പെണ്‍പട . സ്മൃതി മന്ദാന, ഷഫാലി വെര്‍മ, ഹര്‍മന്‍ പ്രീത് കൌര്‍, മിതാലി രാജ് തുടങ്ങി പ്രതിഭാധനരായ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ബാറ്റര്‍ ലൈനപ്പില്‍. ജൂലന്‍ ഗോസ്വാമി ചുക്കാന്‍ പിടിക്കുന്ന ബോളിംഗും മൂര്‍ച്ചയേറിയതാണ്. ബദ്ധവൈരികള്‍ക്കെതിരെ വിജയത്തില്‍ കുറഞ്ഞൊന്നും മിതാലിയുടെ പെണ്‍പടയെ തൃപ്തരാക്കില്ല.

രമേഷ് പൊവാറാണ് ടീമിന്റെ മുഖ്യ പരിശീലകന്‍: അതേസമയം പുരുഷ ടീമിനെ മാതൃകയാക്കി ലോകകപ്പില്‍ ഇന്ത്യക്കെതിരെ ചരിത്ര വിജയം നേടാമെന്ന മോഹത്തിലാണ് ബിസ്മ മാറൂഫിന്റെ പാക് പെണ്‍പട. ഇറാം ജാവേദ് , ജവേരിയ ഖാന്‍ ,നഹിദ ഖാന്‍ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. അലിയ റിയാസും ഒമൈമ സുഹൈലും ചുക്കാന്‍ പിടിക്കുന്ന ബോളിംഗ് നിര പുറത്തെടുക്കുന്നതും ഭേദപ്പെട്ട പ്രകടനമാണ്. ഡേവിഡ് ഹെംപാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. നേരത്തെ ലോകകപ്പില്‍ രണ്ട് തവണ മുഖാമുഖം വന്നപ്പോഴും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

2009 ല്‍ 57 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇന്ത്യയ്‌ക്കെതിരെയുള്ള പാകിസ്താന്‍ ഏറ്റവും ചുരുങ്ങിയ ടോട്ടല്‍. ടീം ഇന്ത്യയുടെ ലോകകപ്പ് പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ ഉറച്ച് ഇന്ത്യന്‍ പെണ്‍പടയും ആവേശജയം കൊതിച്ച് പാകിസ്ഥാന്‍ പെണ്‍പടയും പോരിനിറങ്ങുമ്പോള്‍ നാടെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ബേ ഓവലിലേക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News