യുദ്ധത്തിന്റെ നടുവില്‍ യുക്രൈനിലെ ബങ്കറില്‍ കല്ല്യാണം; ചിത്രങ്ങള്‍ വൈറല്‍

എങ്ങും യുദ്ധഭയം നിഴലിക്കുമ്പോള്‍, സ്‌ഫോടന ശബ്ദങ്ങള്‍ ഉയരുമ്പോള്‍, ആഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാതെ ഒരു വിവാഹം നടന്നിരിക്കുന്നു. തുറമുഖ നഗരമായ ഒഡേസയിലാണ് സംഭവം. ആഹ്ലാദത്തിന്റെ മണിമുഴക്കം ഉണ്ടായില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആഹ്ലാദ ശബ്ദങ്ങളും ഉണ്ടാക്കിയില്ല. എന്നാല്‍, എല്ലാ ഗൗരവത്തോടും സ്നേഹത്തോടും കൂടിയാണ് വധുവരന്‍മാര്‍ പവിത്രമായ വിവാഹ ബന്ധത്തില്‍ ഒരുമിച്ചത്.

റഷ്യന്‍ സൈന്യം മിസൈല്‍ ആക്രമണവും ഷെല്‍ പ്രയോഗങ്ങളും തുടരുന്നതിനിടെയായിരുന്നു വിവാഹം നടന്നത്. സംഭവത്തിന്റെ വിഡിയോ ബെലാറസില്‍ നിന്നുള്ള മാധ്യമങ്ങളാണു പുറത്തുവിട്ടത്. പുഞ്ചിരിയോടെ നില്‍ക്കുന്ന വധുവിന്റെ കൈകളില്‍ പൂക്കള്‍ കാണാം. വരന്‍ അതീവ ശ്രദ്ധയോടെ വിവാഹ റജിസ്റ്ററില്‍ ഒപ്പുവയ്ക്കുകയാണ്. ചടങ്ങിന്റെ ഭാഗമായി ഇരുവരും ബ്രെഡ് പങ്കുവയ്ക്കുന്നുമുണ്ട്.

ആക്രമണം തുടങ്ങി 8-ാം ദിവസം റഷ്യന്‍ സൈന്യം ഹാര്‍സന്‍ നഗരം പിടിച്ച ദിവസം തന്നെയായിരുന്നു യുക്രെയ്ന്‍ സ്വദേശികളുടെ വിവാഹവും നടന്നത്. ഇതുവരെ 2000 പൗരന്‍മാര്‍ കൊല്ലപ്പെട്ടു എന്നാണ് യുക്രെയ്ന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ മരണമുഖത്തും ധൈര്യം കൈവിടാതെയാണ് രാജ്യം റഷ്യയ്ക്കെതിരെ പോരാടുന്നത്. പ്രശസ്തരും സാധാരണക്കാരുമെല്ലാം സൈന്യത്തിന്റെ ഭാഗമായി റഷ്യന്‍ സേനയ്ക്കെതിരെ ആക്രമണം നടത്തുന്നുണ്ട്.

ഒന്നോ രണ്ടോ ദിവസം കൊണ്ടു തീരുമെന്നു വിചാരിച്ച യുദ്ധം ആഴ്ചകളിലേക്കു നീളുന്നത് യുക്രെയ്ന്‍ ചെറുത്തുനില്‍പിന്റെ തീവ്രത കൊണ്ടാണെന്ന് പല മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്തായാലും തങ്ങള്‍ അത്ര വേഗമൊന്നും കീഴടങ്ങാന്‍ തയാറല്ലെന്നും ആക്രമണത്തിനിടെയും തങ്ങളുടെ ദൈന ദിന ജീവിതം തുടരുകയാണെന്നും തെളിയിക്കുന്നതായി ബോംബ് ഷെല്‍ട്ടറില്‍ നടന്ന വിവാഹം. ചടങ്ങിന്റെ ഒട്ടേറെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News