സിപിഐഎം സംസ്ഥാനസമിതി ക്ഷണിതാവായി ജോണ്‍ ബ്രിട്ടാസ് എംപി

സിപിഐഎം സംസ്ഥാനസമിതി ക്ഷണിതാവായി ജോണ്‍ ബ്രിട്ടാസ് എംപിയെ തെരഞ്ഞെടുത്തു. ഇന്ന് കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞടുത്തത്. സെക്രട്ടറിയായി കോടിയേരിയെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്

22ാം  വയസില്‍  മാധ്യമപ്രവര്‍ത്തകനായി ദേശാഭിമാനിയില്‍ തുടക്കം.  1988 നവംബറിൽ ഡൽഹിയിൽ കാലുകുത്തിയതിന്റെ പിറ്റേന്ന് തന്നെ മുഖ്യമന്ത്രി ഇ.കെ.നായനാരോടൊപ്പം പഞ്ചാബിലേക്ക് യാത്രചെയ്താണ് ഡൽഹി ഇന്നിംഗ്സ് ആരംഭിക്കുന്നത്. ദേശീയരാഷ്ട്രീയം കലങ്ങിമറിയുന്ന കാലമായതുകൊണ്ട് ഒട്ടേറെ വാർത്ത മുഹൂർത്തങ്ങൾ ഒപ്പിയെടുക്കാനുള്ള അവസരം ലഭിച്ചു. ബോഫേ‍ഴ്സ് കുംഭകോണം മുതൽ ബാബറി മസ്ജിദ് പതനം വരെയുള്ള സുപ്രധാന രാഷ്ട്രീയ ഏടുകളിൽ നിന്നാണ് ബ്രിട്ടാസിന്റെ മാധ്യമപ്രവർത്തനം കരുത്താർജ്ജിക്കുന്നത്. ഇ.എം.എസ്, വി.ടി.രണദിവേ, ബസവ പുന്നയ്യ, സുർജിത് തുടങ്ങി തലയെടുപ്പുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. മൂന്ന് പതിറ്റാണ്ട് കാലത്തെ മാധ്യമ പ്രവർത്തനത്തിൽ ഏറെയും ചെലവഴിച്ചത് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ.

മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം അക്കാദമി തലത്തില്‍ ശ്രദ്ധ പതിപ്പിച്ച ബ്രിട്ടാസ് ജെഎന്‍യുവില്‍ ആറുവര്‍ഷം ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ കോളേജില്‍ നിന്ന് ബിരുദവും തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് ഡല്‍ഹിയിലെത്തുന്നത്. മലയാളം ടെലിവിഷനില്‍ അഭിമുഖത്തിന് തനതായ പാത വെട്ടിത്തെളിച്ച ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷന്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ക്വസ്റ്റ്യന്‍ ടൈം, ക്രോസ് ഫയര്‍, നമ്മള്‍ തമ്മില്‍, ഞാന്‍ മലയാളി തുടങ്ങി നിരവധി സംവാദ പരിപാടികള്‍ക്ക് നായകത്വം വഹിച്ച ബ്രിട്ടാസ്, അഞ്ച് തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്‌കാരത്തിനര്‍ഹനായി. അക്കാദമിക് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ”മാധ്യമ രംഗത്തെ ആഗോളവല്‍ക്കരണ”ത്തെക്കുറിച്ചുള്ള പഠനത്തിന് ബാംഗ്ലൂരിലെ ജേണലിസം എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ് നല്‍കുകയുണ്ടായി.

ദേശീയ-സാര്‍വ്വദേശീയ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒട്ടേറെ വാര്‍ത്ത മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇറാക്ക്-അമേരിക്ക യുദ്ധക്കാലത്ത് ബാഗ്ദാദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധേയമായ മാധ്യമ ചുവടുവയ്പ്പായിരുന്നു. യുദ്ധപശ്ചാത്തലത്തില്‍ ബാഗ്ദാദിന്റെ മണ്ണില്‍ കാലുകുത്തിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന പദവിയും ജോണ്‍ ബ്രിട്ടാസിനുള്ളതാണ്. ഇറാഖ് യുദ്ധത്തെ ഭീകരതക്കെതിരെയുള്ള ആക്രമണമായി ഒട്ടുമിക്കവാറും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചപ്പോള്‍, ”അധിനിവേശം” എന്ന തലക്കെട്ടിലാണ് ജോണ്‍ ബ്രിട്ടാസിന്റെ ”ബാഗ്ദാദ് ഡയറി” കൈരളി സംപ്രേഷണം ചെയ്തത്.
യുദ്ധക്കെടുതികള്‍ക്കപ്പുറം ഇറാക്ക് ജനതയുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ ഏടുക്കളും വിസ്തൃതമായ ബാഗ്ദാദ് കവറേജില്‍ ഉള്‍പ്പെട്ടിരുന്നു. ബോംബ് വര്‍ഷത്തിനിടയിലും അനാഥക്കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്ന, ടൈഗ്രീസ് നദിക്കരയിലുള്ള അനാഥമന്ദിരത്തില്‍ കഴിയുന്ന നാല് ഇന്ത്യന്‍ കന്യാസ്ത്രീകളെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യ ടുഡേ പ്രത്യേക ഫീച്ചറായി നല്‍കുകയുണ്ടായി. ബാഗ്ദാദില്‍ നിന്നുള്ള ബ്രിട്ടാസിന്റെ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്, ദി ഹിന്ദു പോലുള്ള ദേശീയ മാധ്യമങ്ങള്‍ പ്രത്യേക വാര്‍ത്തകള്‍ നല്‍കുകയുണ്ടായി.

ബാബറി മസ്ജിദിന്റെ പതനം, ഗുജറാത്ത് കലാപം, നേപ്പാള്‍ തെരഞ്ഞെടുപ്പ്, പാകിസ്ഥാന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവ സമഗ്രമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ജോണ്‍ ബ്രിട്ടാസിന് ലഭിച്ചു. ”മിനാരങ്ങള്‍ ധൂളികളായപ്പോള്‍’ എന്ന ബാബറി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. ബാബറി മസ്ജിദ് പൊളിച്ച കര്‍സേവകരുടെ ആക്രമണത്തില്‍ നിന്ന് കാവിത്തുണി കെട്ടി ”ജയ് സിയാറാം” മുദ്രാവാക്യം വിളിച്ച് രക്ഷപ്പെട്ട ബ്രിട്ടാസിന്റെ അനുഭവ-അനുസ്മരണക്കുറിപ്പുകള്‍ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ സ്ഥാനംപിടിച്ചു. ദേശീയ രാഷ്ട്രീയ ഗതിവിഗതികളിലെ സുപ്രധാനമായ പ്രശ്നങ്ങളെക്കുറിച്ച് ”ഇന്ദ്രപ്രസ്ഥം ഡയറി” എന്നപേരില്‍ ലേഖന പരമ്പരകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തില്‍ അംഗമായിക്കൊണ്ട് അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ബിജു കണ്ടക്കൈയെയും ക്ഷണിതാവായി സിപിഐഎം സംസ്ഥാനസമിതി തെരഞ്ഞെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News