ഷെയ്ന്‍ വോണ്‍ ; കാലത്തെ കറക്കി വീ‍ഴ്ത്തിയ മാന്ത്രികന്‍

ഒരു കാലഘട്ടത്ത് തൻറെ മാന്ത്രിക വിരലുകൾ കൊണ്ട് അമ്മാനമാടിയ അദ്ഭുതമായിരുന്നു ഷെയ്ൻ വോണെന്ന ഇതിഹാസം. കുത്തിത്തിരിഞ്ഞു വരുന്ന പന്തുകൾക്ക് പിന്നിൽ വോൺ ഒളിപ്പിച്ച ചതിക്കുഴികൾ ആധുനിക ക്രിക്കറ്റ് ലോകത്തെ കറക്കി വീഴ്ത്തി.

1969 ൽ ഓസ്ട്രേലിയയിലെ വിക്ടോറിയൻ പ്രവിശ്യയിലായിരുന്നു ഷെയ്ൻ വോണെന്ന ലെഗ്സ്പിൻ മാന്ത്രികൻറെ ജനനം.ഒടുവിൽ 52-ാമത്തെ വയസിൽ പാതിനിർത്തിയ ഇന്നിംഗ്സ് പോലെ അയാൾ ജീവിതത്തിൻറെ ക്രീസിൽ നിന്ന് വിട പറയുമ്പോൾ ബാക്കിയാകുന്നത് ലെഗ് സ്പിന്നിൻറെ മാന്ത്രികതയിൽ ലോകത്തിന് സമ്മാനിച്ച വിസ്മയ പ്രകടനങ്ങള്‍ മാത്രമാണ്.

145 ടെസ്റ്റുകൾ 708 വിക്കറ്റുകൾ. എവറസ്റ്റിനോളം പൊക്കമുണ്ട് വോണിൻറെ നേട്ടങ്ങൾക്ക്. ഏകദിനത്തിലും മോശമാക്കിയില്ല ഷെയ്ൻ വോൺ. 194 കളികളിൽ നിന്ന് 293 വിക്കറ്റുകൾ. അത്യാവശ്യഘട്ടത്തിൽ ബാറ്റ് കൊണ്ടും ടീമിന് സംഭാവന നൽകി. പേസ് ബൗളിംഗിനെ തുണക്കുന്ന ഓസ്ട്രേലിയയിലേയും, ഇംഗ്ലണ്ടിലേയും ഒക്കെ പിച്ചുകളിലാണ് വോൺ 22 വാരയിൽ ലെഗ്സ്പിൻ കൊണ്ട് ചതിക്കുഴികളൊരുക്കിയത്.

ലോകം കീഴടക്കിയ ഓസ്ട്രേലിയൻ ക്രിക്കറ്റിൻറെ സുവർണ തലമുറയുടെ നട്ടെല്ലായിരുന്നു വോണെന്ന വിസ്മയം. 1993 ലെ ആഷസ് പരമ്പര ഓൾഡ് ട്രാഫോഡിലെ മൂന്നാം ടെസ്റ്റ് ഇംഗ്ലീഷ് ഇതിഹാസം മൈക്ക് ഗാറ്റിംഗിൻറെ മുന്നിലേക് ഷെയ്ൻ വോണെന്ന പൊടി മീശക്കാരൻ പന്തുമായെത്തുന്നു. ചെറിയ റണ്ണപ്പിനൊടുവിൽ വോൺ റിലീസ് ചെയ്ത പന്ത് ലെഗ് സ്റ്റംപിന് മുന്നിൽ പിച്ച് ചെയ്യുന്നു. വിക്കറ്റ് പോകാതിരിക്കാൻ എല്ലാ പ്രതിരോധവുമൊരുക്കിയ ഗാറ്റിംഗിൻറെ നില തെറ്റിച്ച് ഓഫ് സ്റ്റംപിൻറെ ബെയിൽ വീഴുമ്പോൾ ക്രിക്കറ്റ് ലോകം അദ്ഭുതത്തോടെ അയാളെ വിളിച്ചു ലെഗ്സ്പന്നിൻറെ മാന്ത്രികൻ.

വലിയൊരു യാത്ര അവിടെ നിന്ന് തുടങ്ങി. മൂന്ന് ലോകകപ്പുകളും, നിരവധി ആഷസുകളും ആ യാത്രയിൽ വോണെന്ന ഇതിഹാസത്തിന് അലങ്കാരമായി. സച്ചിനും വോണും തമ്മിലുള്ള പോരാട്ടം 90 കളുടെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് കാഴ്ചയായിരുന്നു . ബ്രയാൻ ലാറയും ഷെയ്ൻ വോണും തമ്മിലുള്ള പോരാട്ടം ലോക ക്രിക്കറ്റിൻറെ ക്ലാസിക് ഓർമ്മകളാണ്. ഒരു പക്ഷേ ഷെയ്ൻ വോൺ അൽപ്പമെങ്കിലും തല കുനിച്ചത് ഈ മനുഷ്യൻമാരുടെ മാത്രം മുന്നിലായിരുന്നു .

അതെ വെറുതെ കുറച്ച് വിക്കറ്റുകൾ വീഴ്ത്തി ഇതിഹാസമായതല്ല ഷെയ്ൻ വോൺ മറിച്ച് അയാൾ വീഴ്ത്തിയതെല്ലാം ലോകക്രിക്കറ്റിനെ അടക്കി ഭരിച്ച കൊമ്പന്മാരുടെ വിക്കറ്റുകളായിരുന്നു. വോണിൻറെ ബൗളിംഗ് പോലെ അപ്രതീക്ഷിത നീക്കങ്ങളായിരുന്നു അയാളുടെ വ്യക്തി ജീവിതത്തിലും കാണാൻ കഴിഞ്ഞത്.

വിവാദങ്ങൾ എന്നും ഷെയ്ൻ വോണിൻറെ കൂടെപ്പിറപ്പായിരുന്നു. മരുന്നടി വിവാദവും, ലൈംഗിക ആക്ഷേപങ്ങളും വോണെന്ന പ്രതിഭക്ക് മേൽ പതിഞ്ഞ തീരാത്ത കറകളായി. പക്ഷെ പിന്നീട് പശ്ചാത്താപത്തിൻറെ പാതയിൽ അയാൾ ജീവിതത്തിലേക്ക് തിരികെ വന്നു. ഒരു കാലഘട്ടം ഇവിടെ അവസാനിക്കുകയാണ്. ഇനി മടക്കമാണ്. പക്ഷെ ഓർമ്മകളുടെ ക്രീസിൽ നിങ്ങൾ അരങ്ങൊഴിയുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News