ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ചയാകാം; റഷ്യ

യുക്രൈനുമായുളള ചര്‍ച്ചയ്ക്ക് ഉപാധിവച്ച് റഷ്യ. ആവശ്യങ്ങളെല്ലാം അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ചയാകാമെന്നും റഷ്യ. അതേസമയം യുക്രൈന്റെ ആകാശം വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതോടെ പാശ്ചാത്യചേരിയുടെ സഹകരണം നഷ്ടപ്പെടുന്നുവോ എന്ന ആശങ്കയിലാണ് സെലിന്‍സ്‌കി.

യുദ്ധാം പത്താ ദിനവും തുടരുന്നതിനിടെ കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് ഇരുരാജ്യങ്ങളും കടക്കുന്നതായാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ പൂര്‍ണമായും അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നിലപാട്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടയിലാണ് പുടിന്‍ മോസ്‌കോയുടെ നിലപാടറിയിച്ചത്.

ബ്രെസ്റ്റിലെ രണ്ടാം വട്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രതീക്ഷാനിര്‍ഭരമായ മൂന്നാംവട്ട ചര്‍ച്ചകള്‍ അരങ്ങേറുമെന്ന സൂചനകള്‍ക്കിടെയാണ് റഷ്യയുടെ കടുത്ത പ്രതികരണം. ഇതോടെ ഇരുപക്ഷത്തെയും ഉദ്യോഗസ്ഥര്‍ മാത്രമാണ് മയപ്പെടുന്നതെന്നും മോസ്‌കോയിലും കീവിലുമിരിക്കുന്ന രാഷ്ട്രീയനേതൃത്വം കടുംപിടിത്തം തുടരുകയാണെന്നുമുള്ള ദുഃസൂചനയാണ് പുറത്തുവരുന്നത്.

നാറ്റോ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ യുക്രൈന്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കാഞ്ഞതും യുക്രൈന് തിരിച്ചടിയാകുകയാണ്. യുക്രൈന്റെ ആകാശം നോ-ഫ്‌ലൈ സോണാക്കി മാറ്റണമെന്ന ആവശ്യം പരിഗണിക്കാതിരുന്ന നാറ്റോ, വ്യോമനിരോധനമേഖലയെന്ന നിര്‍ദേശം ഇപ്പോള്‍ കിട്ടുന്ന പിന്തുണ ഇല്ലാതാക്കുമെന്നും അറിയിച്ചു. ദുര്‍ബലവും സംശയം ജനിപ്പിക്കുന്നതുമായ പ്രതികരണമാണിതെന്നായിരുന്നു ഇതിനോടുള്ള സെലിന്‍സ്‌കിയുടെ പ്രതികരണം.

പാശ്ചാത്യചേരിയുടെ സഹകരണം നഷ്ടപ്പെടുന്നുവെന്ന ആശങ്ക നിഴലിക്കും വിധമായിരുന്നു സെലിന്‍സ്‌കിയുടെ പിന്നീടുള്ള പ്രസ്താവനകളും. യുക്രൈന്റെ നിലനില്‍പ്പ് ഉറപ്പാക്കാനായില്ലെങ്കില്‍ യൂറോപ്പിന്റെയാകെ നിലനില്‍പ്പ് അവതാളത്തിലാകുമെന്നായിരുന്നു യുക്രൈന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സെലിന്‍സ്‌കിയുടെ വൈകാരികപ്രസംഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News