ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ അയൽക്കാരുടെ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ അയൽക്കാരുടെ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മാഞ്ചസ്റ്റർ ഡെർബി ഞായറാഴ്ച രാത്രി 10 മണിക്ക് നടക്കും.

ഇതേവരെയുള്ള ഡെർബികളുടെ ആകെ കണക്കിൽ യുണൈറ്റഡിനാണ് മുൻതൂക്കമെങ്കിലും നടപ്പ് സീസണിൽ സിറ്റിക്കാണ് മേൽക്കൈ. ഏറ്റവും ഒടുവിൽ ഓൾഡ് ട്രാഫോർഡിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടു ഗോൾ വിജയം പെപ്പിന്റെ നീലപ്പടയ്ക്കൊപ്പമായിരുന്നു.

27 മത്സരങ്ങളിൽ നിന്നും 66 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 10 ഗോളുകൾ നേടിയ റഹിം സ്റ്റെർലിങ്ങാണ് സിറ്റിയുടെ ഗോൾ വേട്ടക്കാരിൽ ഒന്നാമൻ. കെവിൻ ഡിബ്രൂയിനെയും ഫിൽ ഫോദനും ബെർനാഡോ സിൽവയുമെല്ലാം മധ്യനിരയിൽ കെട്ടഴിക്കുന്നത് തകർപ്പൻ പ്രകടനമാണ്.

കാൻസലോ – ലപ്പോർട്ടെ – ഡയസ് – സ്‌റ്റോൺസ് സഖ്യത്തിനാണ് പ്രതിരോധ ചുമതല. ഗോൾ വലക്ക് മുന്നിൽ വിസ്മയ സേവുകളുമായി എഡേഴ്സൺ മിന്നിത്തിളങ്ങുമ്പോൾ സിറ്റി ആരാധകർക്ക് ആശങ്ക ഏതുമില്ല. അതേസമയം പ്രായത്തെ വെല്ലുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി മികവിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ പ്രതീക്ഷ.

ബ്രൂണോ ഫെർണാണ്ടസാണ് , റാൾഫ് റാങ്നിക്ക് പരിശീലകനായ റെഡ് ഡെവിൾസിന്റെ പ്ലേമേക്കർ. ലിങ്കാർഡും സാഞ്ചോയും പോഗ്ബയുമെല്ലാം തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയാൽ ആദ്യപാദത്തിലെ തോൽവിക്ക് യുണൈറ്റഡിന് കണക്ക് തീർക്കാം.

നായകൻ ഹാരി മഗ്വയർ ചുക്കാൻ പിടിക്കുന്ന പ്രതിരോധത്തിനും ഡെർബി അഗ്നി പരീക്ഷയാകും. കിരീട പ്രതീക്ഷകൾ അസ്തമിച്ച് കഴിഞ്ഞ യുണൈറ്റഡ് 27 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി നാലാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ വീണ്ടും സിറ്റിയുടെ നീലിമയണിയുമോ, അതോ യുണൈറ്റഡിന്റെ ചുവന്ന ചെകുത്താന്മാർ ഒരിടവേളക്ക് ശേഷം മാഞ്ചസ്‌റ്റർ ചുവപ്പിക്കുമോ .

ഏതായാലും ചിരവൈരികളായ മാഞ്ചസ്റ്റർ ക്ലബ്ബുകളുടെ നൂറ്റാണ്ടുകൾ നീണ്ട ആവേശപ്പോരാട്ടത്തിന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News