‘ഒരു ശവപ്പെട്ടിയുടെ സ്ഥാനത്ത് 10 ആളുകളെ കൊണ്ടുവരാം’; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ കുമാറിന്റെ മൃതദഹേം നാട്ടിലെത്തുന്നതിനായി ബന്ധുക്കളുടെ കാത്തിരിപ്പിനിടെ വിവാദപരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ്. മൃതദേഹം കൊണ്ടുവരാന്‍ വിമാനത്തില്‍ കുടുതല്‍ സ്ഥലം എടുക്കുമെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

കര്‍ണാടകത്തിലെ ഹ്ലൂബ്ലി – ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അരവിന്ദ് ബെല്ലാഡ്. നവീന്റെ മൃതദേഹം ജന്മനാടായ ഹാവേരിയിലേക്ക് എപ്പോള്‍ കൊണ്ടുവരുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിമാനത്തില്‍ ഒരു ശവപ്പെട്ടിക്ക് പകരം പത്ത് പേര്‍ക്ക് അധികം കയറാമെന്നായിരുന്നു എംഎല്‍എയുടെ മറുപടി. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യുക്രൈന്‍ ഒരു യുദ്ധഭൂമിയാണ്. അത് എല്ലാവര്‍ക്കും അറിയാം. മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ബെല്ലാഡ് പറഞ്ഞു.

ജീവിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരുന്ന കാര്യം ബുദ്ധിമുട്ടാകുമ്പോള്‍, ഒരു മൃതദേഹം കൊണ്ടുവരികയെന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്, കാരണം വിമാനത്തില്‍ ഒരു ശവപ്പെട്ടി വെക്കാന്‍ കൂടുതല്‍ സ്ഥലം എടുക്കും. അതിന് പകരം എട്ടോ പത്തോ ആളുകളെ കൂടുതല്‍ കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിനകം മകന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുതരണമെന്ന് പ്രധാനമന്ത്രി മോദിയോടും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോടും ആവശ്യപ്പെട്ടിരുന്നതായും പിതാവ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ നടന്ന ഷെല്ലാക്രമണത്തിലാണ് കര്‍ണാടകയിലെ ചലഗേരി സ്വദേശി നവീന്‍ എസ്ജി കൊല്ലപ്പെട്ടത്. ഹര്‍കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News