തോട്ടണ്ടി സംഭരണവില ഉയര്‍ത്തും; സംഭരണച്ചുമതല സഹകരണ സംഘങ്ങള്‍ക്ക്

ഈ വര്‍ഷത്തെ തോട്ടണ്ടി സംഭരണ വില വര്‍ധിപ്പിക്കാന്‍ മന്ത്രി തല യോഗത്തില്‍ തീരുമാനമായി. വില നിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഒരു കിലോയ്ക്ക് 102 രൂപയായിരുന്നു നല്‍കിയത്.

കേരളത്തില്‍ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇത്തവണ നാടന്‍ തോട്ടണ്ടി സംഭരിക്കുകയെന്നും യോഗം തീരുമാനിച്ചു. ഇതിനുള്ള ചുമതല സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനും വ്യവസായ മന്ത്രി പി.രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു. നാടന്‍ തോട്ടണ്ടി സംഭരിക്കുന്നതിനാവശ്യമായ 35 കോടി രൂപ കാഷ്യൂ ബോര്‍ഡിന് കേരള ബാങ്ക് നല്‍കാനും ധാരണയായി.

തോട്ടണ്ടി സംഭരണവില ഉയര്‍ത്താനുള്ള തീരുമാനം കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് തോട്ടണ്ടി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വഴിയൊരുക്കും. കാലതാമസമില്ലാതെ തന്നെ തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പ് വരുത്തും.

പരമാവധി നാടന്‍ തോട്ടണ്ടി ലഭ്യമാക്കി കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കും. തോട്ടണ്ടി ഉത്പാദനം വര്‍ധിക്കുന്നതിനൊപ്പം സംഭരണ പ്രക്രിയ കൂടി കാര്യക്ഷമമാവുകയും ചെയ്യും.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സഹകരണ സംഘം ഭരണസമിതികളുടെയും കാഷ്യൂ കോര്‍പ്പറേഷന്‍, കാപെക്‌സ്, കാഷ്യൂ ബോര്‍ഡ് പ്രതിനിധികളുടെയും യോഗം ചേരും. കണ്ണൂരില്‍ മാര്‍ച്ച് ഏഴാം തീയതി ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലും കാസര്‍ഗോഡ് എട്ടിന് രാവിലെ പത്തര മണിക്കുമാണ് യോഗം. മറ്റ് ജില്ലകളിലും ഇതോടൊപ്പം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ജോയിന്റ് രജിസ്റ്റ്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനകീയ കശുവണ്ടി സംഭരണ യജ്ഞം നടപ്പിലാക്കുക എന്ന നിലയില്‍ സംഭരണം വിജയിപ്പിക്കാനാണ് മന്ത്രിതല യോഗം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, കാപ്പെക്‌സ് ചെയര്‍മാന്‍ ജി.ശിവശങ്കരപ്പിള്ള, പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News