ക്ഷേത്ര സന്ദര്‍ശനം; പവിത്രത കാത്തുസൂക്ഷിക്കുന്ന വസ്ത്രം ധരിക്കണം , മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ പവിത്രത കാത്തുസൂക്ഷിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. തിരുച്ചി ശ്രീരംഗം സ്വദേശിയും ക്ഷേത്ര ആക്ടിവിസ്റ്റുമായ രംഗരാജന്‍ നരസിംഹന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി, ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തി എന്നിവര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവര്‍ പവിത്രത സൂക്ഷിക്കുന്ന തരം വസ്ത്രമാണോ ധരിക്കുന്നത് എന്ന് ഉറപ്പാക്കാന്‍ ഭരണസമിതിക്ക് നിയന്ത്രണ ഏര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന പുരുഷന്മാര്‍ ധോത്തി, കുര്‍ത്ത, പൈജാമ എന്നിവയും സ്ത്രീകള്‍ സാരി, ഹാഫ് സാരി, സല്‍വാര്‍ കമീസ് എന്നിവയും ധരിക്കണമെന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകള്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ഥാപിക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ പ്രവേശിക്കുമ്പോള്‍ ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കണമെന്നും ഹർജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ ക്ഷേത്രങ്ങള്‍ക്കും പൊതുവായ ഡ്രസ് കോഡ് നിര്‍ദേശിക്കാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, ക്ഷേത്രത്തില്‍ എത്തുന്നവര്‍ ഡ്രസ് കോഡ് പാലിക്കണമെന്ന ബോര്‍ഡ് ക്ഷേത്രഭാരവാഹികള്‍ സ്ഥാപിക്കണം. വസ്ത്രധാരണരീതി നിര്‍ദേശിച്ചിട്ടില്ലാത്ത മറ്റ് ക്ഷേത്രങ്ങള്‍ 1959ലെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം.

”ക്ഷേത്രത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ ഭക്തര്‍ ശരിയായ വസ്ത്രം ധരിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിക്കണം. ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ കോടതികള്‍ക്കാകില്ല. ആരാധനാലയത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് ഭക്തര്‍ തിരിച്ചറിയണം. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ പാലിക്കേണ്ടതുണ്ട്. ദൈവത്തോടുള്ള വിശ്വാസവും ഭക്തിയുമുള്ള വ്യക്തി ശരിയായ വസ്ത്രം ധരിക്കുകയും ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുകയും വേണം” -ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ ആചാരം പാലിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെന്ന് ഫോട്ടോഗ്രാഫുകള്‍ സഹിതമാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here