ഇന്ന് സഹോദരന്‍ അയ്യപ്പൻറെ 54-ാം ചരമവാര്‍ഷികം

റഷ്യൻ വിപ്ലവത്തിൽ ആകൃഷ്ടനാവുകയും, ലെനിനെയും ഗാന്ധിയെയും ഉൾകൊണ്ട് ഗുരുദേവ ദർശനങ്ങളെ മരണം വരെ നെഞ്ചേറ്റിയ ,അയ്യപ്പൻറെ അന്‍പത്തിനാലാം ചരമവാര്‍ഷികമാണ് ഇന്ന്. ചെറായിയിൽ മിശ്ര ഭോജനത്തിന്റെ ഇലയിടുമ്പോൾ ജാതിക്കോമരങ്ങൾക്ക് മുൻപിൽ മനുഷ്യവിമോചനത്തിന്റെ ഐതിഹാസിക രാഷ്ട്രീയമുയർത്തിപിടിക്കുകയായിരുന്നു സഹോദരൻ അയ്യപ്പൻ.

കേരളത്തിന്റെ നവോത്ഥന ചരിത്രത്തിലെ വിപ്ലവകരമയൊരേടാണ് സഹോദരൻ അയ്യപ്പൻ. രാഷ്ട്രീയമായി ജന്മിത്വവും സാമൂഹികമായി അടിമത്തവും അരങ്ങുവാണിരുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിലേക്കാണ് അയ്യപ്പൻ മിശ്രഭോജനത്തിലൂടെ രാഷ്ട്രീയ ആഹാരവുമായെത്തുന്നത്.

കേവല മതനവീകരണ സിദ്ധാന്തങ്ങളോ ജാതിമുന്നേറ്റ വാദങ്ങളോ  ആയിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതി. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണിരുന്ന കേരളത്തിലെ ജാതിവാഴ്ച്ചയോടുള്ള അടങ്ങാത്ത രോഷത്തിൽ നിന്നായിരുന്നു കേരള സഹോദര സംഘം പിറവിയെടുക്കുന്നത്.

മിശ്ര ഭോജനത്തിനും മിശ്ര വിവാഹത്തിനും നേതൃത്വം നൽകി കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിലെ അനിഷേധ്യമായ അടയാളപ്പെടുത്തലായി  മാറുകയായിരുന്നു സഹോദര സംഘം. അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താൻ ആണെങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച, ജാതിയുടെ ഉച്ചനീചത്വങ്ങളോട് നിതാന്തമായി കലഹിച്ച പോരാളിയായിരുന്നു സഹോദരൻ അയ്യപ്പൻ.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ ഇന്റർ മീഡിയറ്റ് പഠനക്കാലം അയ്യപ്പന്റെ  ദർശനങ്ങളെ പുതിയൊരു ദിശാ മുഖത്തേക്ക് നയിച്ചു.  ഒരിക്കലും കൂട്ടിമുട്ടാത്ത സാമാന്തര പാതയിൽ ഒരേ ലക്ഷ്യത്തിലേക്ക് കുതിച്ച ഗുരുവും ശിഷ്യനുമായിരുന്നു ശ്രീ നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും, വിയോജിപ്പുകളിലൂടെ  കൂടുതൽ ആഴത്തിൽ ഗുരുദർശനങ്ങളിൽ ഇറങ്ങിച്ചെന്ന് ജീവിതാവസാനം വരെ ഗുരുവിനോടുള്ള ഹൃദയ ഐക്യം അദ്ദേഹം കാത്തുസൂക്ഷിച്ചു.

 ജാതി മേൽകോയ്മകളെയെല്ലാം പരസ്യമായി വെല്ലുവിളിച്ചു, 1917 മെയ്‌ 29 ന് ചെറായിയിലെ തുണ്ടിടപറമ്പിൽ ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി സംഘടിപ്പിച്ച മിശ്ര ഭോജനം മനുഷ്യ വിമോചന ചരിത്രത്തിലെ സുവർണാധ്യായമാണ്. വിറളി പിടിച്ച വ്യവസ്ഥിതിയുടെ കാവൽ തമ്പ്രാക്കന്മാർക്ക് അങ്ങനെയാണ് അദ്ദേഹം പുലയനയ്യപ്പനായി മാറുന്നത്.

റഷ്യൻ വിപ്ലവത്തെക്കുറിച്ച് കേരളമറിയുന്നത് അയ്യപ്പൻറെ തൂലികയിൽ നിന്നായിരുന്നു. സഹോദരൻ എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പത്രം അടിസ്ഥാന വർഗ്ഗത്തിനായി  ആയുധമേന്തി. സോവിയേറ്റ് വിപ്ലവത്തിൽ നിന്നുൾക്കൊണ്ട ഊർജ്ജമാണ് തൊഴിലാളികൾക്കായി വേലക്കാരൻ എന്ന പത്രമായി രൂപം കൊണ്ടത്. പ്രഭാഷണങ്ങളിൽ നിന്നല്ല പ്രവർത്തനങ്ങളൂടെ വേണം രാഷ്ട്രീയം എന്നതായിരുന്നു അയ്യപ്പന്റെ തത്വം.

ചാല സ്കൂളിലെ അയ്യപ്പൻ മാസ്റ്ററായും കൊച്ചിയിലെ അധികാര സ്ഥാനങ്ങളിലും  അഭിരമിക്കാതെ അദ്ദേഹം മട്ടാഞ്ചേരിയിലെ കങ്കാണിമാർക്കെതിരായ തൊഴിലാളി സമരങ്ങൾക്ക് തീപ്പന്തമായി. അസംഘടിതരായ ജനതയുടെ പ്രതീക്ഷയായിരുന്നു അയ്യപ്പൻ.

നിയമസഭാ സാമാജികനായും തിരു-കൊച്ചി മന്ത്രിസഭയിലെ മന്ത്രിയായും അധികാര സ്ഥാനങ്ങളിലും അദ്ദേഹം വിശ്രമമില്ലാത്ത പോരാട്ടം നയിച്ചു. 1968 മാർച്ച് മാസം ആറിന് കഥാന്ത്യം വരെയും  ജാതിനശീകരണത്തിന്റെ, സാഹോദര്യത്തിന്റെ, സ്ഥിതിസമത്വത്തിന്റെ പാഠങ്ങൾ അയ്യപ്പൻ പകർന്നുകൊണ്ടേയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here