റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക

റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക.ആവശ്യവുമായി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി കൂടിക്കാഴ്ച നടത്തി. വെനസ്വേലയ്ക്കെതിരായ അമേരിക്കന്‍ ഉപരോധം തുടരവെയാണ് വാഷിംഗ്ടണിന്‍റെ സഹായാഭ്യര്‍ത്ഥന.

2019ല്‍ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് വെനസ്വേലയ്ക്കെതിരെ അമേരിക്ക സ്വീകരിച്ചത് കടുത്ത ഉപരോധ നടപടികളായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിക്കോളാസ് മഡൂറോയെ തള്ളി യുവാന്‍ ഗ്വയ്ഡോയെ പ്രസിഡന്‍റായി അംഗീകരിച്ചു.

സാമ്പത്തിക ഉപരോധങ്ങളും എണ്ണ കയറ്റുമതിക്ക് വിലക്കും ഏര്‍പ്പെടുത്തി. എംബസിയുള്‍പ്പെടെ പൂട്ടി യുഎസ് സര്‍ക്കാര്‍ പ്രതിനിധികള്‍ വെനസ്വേല വിടുകയും ചെയ്തു. അങ്ങനെ വെനസ്വേല വിട്ട വാഷിംഗ്ടണ്‍ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാരക്കാസിലേക്ക് എത്തി.

വിലക്കും ഭീഷണിയുമായല്ല. പകരം റഷ്യയെ ഒറ്റപ്പെടുത്താന്‍ സഹായമഭ്യര്‍ത്ഥിച്ച്. ഇതിനായി അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വെനസ്വേലന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. ലാറ്റിന്‍ അമേരിക്കയിലെ പല രാജ്യങ്ങളുമായി റഷ്യയ്ക്ക് നല്ല ബന്ധമാണ് ഉള്ലത്.

അമേരിക്കന്‍ ഉപരോധത്തെ അതിജീവിക്കാന്‍ വെനസ്വേലയ്ക്ക് നയതന്ത്ര , സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതില്‍ റഷ്യയായിരുന്നു മുന്‍പന്തിയില്‍. റഷ്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതില്‍ വെനസ്വേല പ്രധാനിയാണ്. റഷ്യയുടെ ഈ ലാറ്റിനമേരിക്കന്‍ ബന്ധം ഇല്ലാതാക്കുകയായിരുന്നു വെനസ്വേലന്‍ സന്ദര്‍ശനത്തിലൂടെ അമേരിക്കയുടെ ലക്ഷ്യം.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമോയെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല.

കടുത്ത ഉപരോധങ്ങള്‍ പിന്‍വലിക്കാതെ ക്യൂബ, വെനസ്വേല ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് കൊവിഡ് കാലത്ത് പോലും പ്രതികാര ബുദ്ധിയോടെയായിരുന്നു അമേരിക്കന്‍ പെരുമാറ്റം. ആ അമേരിക്കന്‍ കടുംപിടിത്തമാണ് റഷ്യ – യുക്രൈന്‍ യുദ്ധം മൂലം വെനസ്വേലയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here