ലൈബ്രറികള്‍ അറിവുകള്‍ നിര്‍മ്മിക്കുന്നയിടങ്ങള്‍ കൂടിയാവണം; മുഖ്യമന്ത്രി

ചില്ലു കൂടുകളില്‍ ചിട്ടയായി നിരത്തി വെച്ച പുസ്തകങ്ങളുടെ ശേഖരം മാത്രമല്ല ഒരു ലൈബ്രറി. അത് അറിവ് നേടുകയും പങ്കു വെക്കുകയും ചെയ്യാനുള്ള പൊതു ഇടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുസ്തകങ്ങളിലെ അറിവ് മനുഷ്യരുടെ മനസ്സിലേക്ക് എത്തണം. മനസ്സില്‍ നിന്നും അവരുടെ നിത്യജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്ന നിലയിലേക്ക് അറിവുകള്‍ ഉപയോഗിക്കപ്പെടണം.

ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അറിവ് എല്ലാവര്‍ക്കും വേണ്ടിയാവണം, അറിവ് സാമൂഹ്യ പുരോഗതിക്കും പൊതുനന്മയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ഇതിനു ഏവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.

ആ കാഴ്ചപ്പാടോട് കൂടിയാണ് സാമൂഹ്യ വികസനത്തിനുള്ള ഈ ജനകീയ കൂട്ടായ്മ, സാമൂഹ്യവികസനത്തിനുള്ള ജനകീയ യജ്ഞം പ്രവര്‍ത്തിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ് ഇതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ ജില്ലയില്‍ സാമൂഹ്യവികസനത്തിനുള്ള ജനകീയ യജ്ഞത്തിന്റെ ഭാഗമായി പുതുതായി ആരംഭിക്കപ്പെട്ടിട്ടുള്ള 112 വായനശാലകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായനശാലകളും ലൈബ്രറികളും നാടിന്റെ വളര്‍ച്ചയ്ക്കും അറിവ് പകര്‍ന്നു നല്‍കുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്. ഏവര്‍ക്കും ഒന്നിക്കാനുള്ള ഇടമാണ് ലൈബ്രറി, പുസ്തകങ്ങളിലെ അറിവ് മനുഷ്യരുടെ മനസ്സിലേക്ക് എത്തണം.

മനസ്സില്‍ നിന്നും അവരുടെ നിത്യജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്ന നിലയിലേക്ക് അറിവുകള്‍ ഉപയോഗിക്കപ്പെടണം. മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ ലൈബ്രറികളുടെ കെട്ടിലും മട്ടിലും വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. വായന സുഗമമാക്കുന്ന ഓഡിയോ ബുക്കുകള്‍ വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.

വിവിധ ഭാഷകളിലുള്ള ഓഡിയോ ബുക്കുകളുടെ ശേഖരം കൂടി വളരെ എളുപ്പത്തില്‍ ലഭ്യമാക്കാവുന്നതാണ്. സാമൂഹ്യ വികസനത്തിനുള്ള ജനകീയ യജ്ഞത്തിന്റെ ഭാഗമായി വരുന്ന വിനോദ വിജ്ഞാന കേന്ദ്രങ്ങള്‍ ഈ പ്രക്രിയ കുറേക്കൂടി വിപുലപ്പെടുത്തുമെന്നാണ് മനസ്സിലാക്കുന്നത്.

തൊഴില്‍ നൈപുണ്യം വികസിപ്പിക്കാനായുള്ള കോഴ്‌സുകള്‍, മത്സരപരീക്ഷകള്‍ക്കും മറ്റും വിജയം കൈവരിക്കാന്‍ സഹായിക്കുന്ന പരിശീലനങ്ങള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ പ്രവൃത്തികള്‍ കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ശക്തി പകരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ വ്യത്യസ്ത വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ, ഫോക്ക്‌ലോര്‍ മ്യൂസിയം, സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള പദ്ധതികള്‍ ഒക്കെ ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു ഏവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.

ശ്രീ ടി പദ്മനാഭന്‍ ഇതിനെ ‘ഒരു നൂറു വസന്തങ്ങളായാണ്’ വിശേഷിപ്പിച്ചിരിക്കുന്നത്. ശ്രീ എം മുകുന്ദന്‍ തന്റെ ആത്മാവിന്റെ അംശമുള്ള പുസ്തകങ്ങളുമായി എത്തുമെന്നാണ് പറഞ്ഞത്. തന്റെ പുസ്തകശേഖരം സംഭാവന ചെയ്ത കൊണ്ടാണ് മുന്‍ എം എല്‍ എ ആയ എം വി ജയരാജന്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. എത്ര മാതൃകാപരമായ പ്രവര്‍ത്തനമാണിത്.

എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമുള്ള സന്ദേശം അതിലുണ്ട്. പ്രൊഫ ബി മുഹമ്മദ് അഹമ്മദ് കേരളത്തിലെ അറിയപ്പെടുന്ന ഗാന്ധിയന്‍ ആണ്. ഗാന്ധിയന്‍ കാഴ്ചപ്പാടില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനമായിട്ടാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. തന്റെ പുസ്തകശേഖരം ഈ യജ്ഞത്തിലേക്ക് നല്‍കികൊണ്ടാണ് അദ്ദേഹം ഈ പ്രവര്‍ത്തനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇത് കാണിക്കുന്നത് എത്രമാത്രം തീവമായാണ് ഇവരൊക്കെ ഈ ഉദ്യമത്തോട് ഐക്യപ്പെട്ടിരിക്കുന്നു എന്നതാണ്.

അറിവ് എല്ലാവര്‍ക്കും വേണ്ടിയാവണം എന്ന ഈ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു സമ്പൂര്‍ണ സാക്ഷരത നേടാനുള്ള ജനകീയ പ്രയത്‌നം. ഒരു നാട് ഒന്നിച്ചു എഴുതാനും വായിക്കാനും പഠിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോഴാണ് നാം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത്. അറിവിനെ ജനകീയമാക്കുന്ന പ്രക്രിയയുടെ ആദ്യഘട്ടമാണ് സാക്ഷരത.

രണ്ടാമത്തെ ഘട്ടം, വായിച്ചോ കേട്ടോ നാം ഗ്രഹിക്കുന്ന കാര്യങ്ങളുടെ നെല്ലും പതിരും വേര്‍തിരിച്ചറിയാനുള്ള കഴിവ് വളര്‍ത്തുക എന്നതാണ്. അറിവില്‍ നിന്ന് തിരിച്ചറിവിലേക്ക് എത്തുക എന്നതാണ്. വ്യാജവാര്‍ത്തകളുടെ ഒരു പ്രളയം തന്നെയുള്ള ഈ കാലത്ത്, വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് ആര്‍ജിക്കുക എന്നത് പ്രധാനമാണ്.

ആ കഴിവ് വികസിപ്പിച്ചില്ലെങ്കില്‍, വ്യാജപ്രചരണങ്ങള്‍ നമ്മെ വഴി തെറ്റിക്കാനുള്ള സാധ്യതയും ഇന്നത്തെ കാലത്ത് വളരെയേറെ ആണ്. അച്ചടി മഷി പുരണ്ടതെന്തും ശരിയാണ് എന്ന് വിശ്വസിച്ചു പോയാല്‍ വലിയ അബദ്ധമാകും. മാധ്യമസാക്ഷരത കൂടി നാം ആര്‍ജ്ജിക്കേണ്ടതുണ്ട്. പത്രങ്ങളിലും ഇതര മാധ്യമങ്ങളിലും വരുന്ന അറിവുകളെ, സ്വന്തം യുക്തിയുടെയും അനുഭവത്തിന്റെയും സഹായത്തോടെ വിലയിരുത്താന്‍ നമുക്ക് കഴിയണം.

മൂലധന ശക്തികള്‍ നമ്മളിലേക്ക് നിരന്തരം സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന അറിവുകള്‍, അവരുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കും. അതിനെ അന്ധമായി പിന്തുടരാതെ, ഒരു ജനകീയ ബദല്‍ നമുക്ക് നിര്‍മിക്കേണ്ടതുണ്ട്. അറിവ് ആര്‍ജിക്കുന്ന പ്രക്രിയയില്‍ മാത്രമല്ല അറിവ് നിര്‍മിക്കുന്ന പ്രക്രിയയിലും ജനകീയ ഇടപെടല്‍ ഉണ്ടാകണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ലൈബ്രറികള്‍ അറിവ് പങ്കു വെയ്ക്കുന്ന ഇടങ്ങള്‍ മാത്രമല്ല തദ്ദേശീയമായി അറിവുകള്‍ ഉത്പാദിപ്പിക്കുന്ന ഇടങ്ങള്‍ കൂടി ആവണം എന്നതാണ് ഇതിന്റെ അര്‍ഥം.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 112 ലൈബ്രറികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ഈ പുതിയ ലൈബ്രറികള്‍ പ്രധാനമായും ആദിവാസി പിന്നോക്ക മേഖലകളില്‍ ആണ് നിലവില്‍ വന്നത് എന്നതും സന്തോഷകരമാണ്.

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയുടെ ഫലമായി മനുഷ്യ രാശി കൈവരിച്ച പുരോഗതി എല്ലാ ജനവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യേണ്ടതുണ്ട്. അതിനു ഈ ഉദ്യമം ഏറെ സഹായകരമാകും. ഈ ഉദ്യമം ശരിയാം വണ്ണം മുന്നോട്ട് പോയാല്‍, കേരളത്തിനു വലിയ സംഭാവന ആകുന്ന ഒരു കുതിപ്പായിരിക്കും. ഡോ വി ശിവദാസന്‍ എം പിയും ജില്ലാ ലൈബ്രറി കൗണ്‍സിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി നടത്തുന്ന ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. കേരള സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഈ പ്രവര്‍ത്തനത്തിന് ഉണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ കേരള ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് കണ്‍വീനര്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഡോ.വി.ശിവദാസന്‍ എം പി അധ്യക്ഷത വഹിച്ചു. പുതുതായി രൂപീകരിച്ച ലൈബ്രറികള്‍ക്കുള്ള ഉപഹാര വിതരണം തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. എം.മുകുന്ദന്‍, എം വി ജയരാജന്‍, പ്രൊഫ.മുഹമ്മദ് അഹമ്മദ് എന്നിവര്‍ അവരുടെ പുസ്തകശേഖരം ഈ യജ്ഞത്തിലേക്ക് കൈമാറി.

എം മുകുന്ദനില്‍ നിന്നും മുഖ്യമന്ത്രിയും, പ്രൊഫ.മുഹമ്മദ് അഹമ്മദില്‍ നിന്നും എം വി ഗോവിന്ദന്‍ മാസ്റ്ററും പുസ്തകം ഏറ്റുവാങ്ങി.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ, മേയര്‍ ടി.ഒ.മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐ.എ.എസ്, കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍, കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍ ജോസഫ്, കെ കെ രാഗേഷ്, കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു, സാഹിത്യ പ്രസാധക സഹകരണ സംഘം ഡയറക്ടര്‍ എം.കെ.മനോഹരന്‍, ശ്രീധരന്‍ കൈതപ്രം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം എന്‍.സുകന്യ, കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത്, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോക്‌ലോര്‍ അക്കാദമിയുടെ ഭാഗമായി കണ്ണൂര്‍ വടക്കന്‍സ് അവതരിപ്പിച്ച നാടന്‍ പാട്ടുകളും അരങ്ങേറി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കൂടിയായ പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറി പി.കെ.വിജയന്‍ നന്ദി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News