വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യയ്ക്ക് വിജയത്തുടക്കം

ന്യൂസിലാന്‍ഡില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ 107 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യയുടെ വിജയത്തുടക്കം. കൂട്ടത്തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ബാറ്റിങ് നിര പിന്നീട് ശക്തമായാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 244 റണ്‍സ് നേടിയത്.

പാക്കിസ്ഥാന്റെ മറുപടി 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. മികച്ച വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്ക്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് ആദ്യ കളിയിലെ ജയത്തിലൂടെ രണ്ടു പോയിന്റ് വീതമുണ്ടെങ്കിലും റണ്‍റേറ്റിലെ മികവാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്. ഈ മാസം 10ന് ആതിഥേയരായ ന്യൂസീലന്‍ഡിനെതിരെ ഹാമില്‍ട്ടനിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഓപ്പണര്‍ സിദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. 64 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 30 റണ്‍സാണ് സിദ്ര നേടിയത്. ഓപ്പണര്‍ ജാവേരിയ ഖാന്‍ (28 പന്തില്‍ 11), ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (25 പന്തില്‍ 15), ആലിയ റിയാസ് (23 പന്തില്‍ 11), ഫാത്തിമ സന (35 പന്തില്‍ 17), സിദ്ര നവാസ് (19 പന്തില്‍ 12), ഡയായ ബെയ്ഗ് (35 പന്തില്‍ 24) എന്നിവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.

എന്നാല്‍ ഒമൈമ സുഹൈല്‍ (നാലു പന്തില്‍ അഞ്ച്), നിദ ദാര്‍ (10 പന്തില്‍ നാല്), നഷ്‌റ സന്ധു (0) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. അഞ്ച് റണ്‍സുമായി അനം അമീന്‍ പുറത്താകാതെ നിന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. 10 ഓവറില്‍ 31 റണ്‍സ് മാത്രമാണ് രാജേശ്വരി വഴങ്ങിയത്. സ്‌നേഹ് റാണ 9 ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ജുലന്‍ ഗോസ്വാമി 10 ഓവറില്‍ 26 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ദീപ്തി ശര്‍മ, മേഘ്‌ന സിങ് എന്നിവര്‍ ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍ പങ്കിട്ടു. അര്‍ധസെഞ്ച്വറി നേടി ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍നിന്ന് കരകയറ്റിയ പൂജാര വസ്ത്രാകാറാണ് കളിയിലെ താരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here