‘സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’, ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തന്റെ വിവാഹ നിശ്ചയ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചു.
ADVERTISEMENT
ഇന്ന് രാവിലെ 11ന് തിരുവനന്തപുരം എ കെ ജി സെന്‍ററിലെ ഹാളിലാണ് മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് ഇരുവരും ചടങ്ങിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു.
നീല ഗൗണിൽ മേയറും നീല കര മുണ്ടും നീല ഷർട്ടുമിട്ട് എം എൽ എയുമെത്തി. എ കെ ജി സെന്‍ററിലെ ഹാളിൽ ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ്. വിവാഹ നിശ്ചയത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുമായിരുന്നു.
ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് സച്ചിനും ആര്യയും പറഞ്ഞു. ബാലസംഘം, എസ് എഫ് ഐ കാലഘട്ടം മുതൽ ഇരുവരും സുഹൃത്തുക്കളാണ്.
രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എം എൽ എയുടെയും വിവാഹ നിശ്ചയം എന്ന പ്രത്യേകതയുമുണ്ടായിരുന്നു ചടങ്ങിന്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, എം എൽ എമാർ, മുതിർന്ന സിപിഐ(എം) നേതാക്കൾ, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.