സോഷ്യൽ മീഡിയയിൽ വൈറലായി ഇന്ത്യ – പാകിസ്താൻ മത്സരത്തിനിടയിലെ അതി മനോഹര നിമിഷങ്ങൾ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരത്തിനിടയിലെ അതി മനോഹര നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാകിസ്താൻ ക്യാപ്റ്റൻ ബിസ്മ മാറൂഫിന്റെ പിഞ്ചോമന മകളെ ഇന്ത്യൻ താരങ്ങൾ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്.

കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പാകിസ്താൻ ക്യാപ്റ്റൻ ബിസ്മ മാറൂഫ് പെൺകുട്ടിക്ക് ജന്മം നൽകിയത്. പ്രസവം കഴിഞ്ഞ് ആറ് മാസത്തിനകം ലോകകപ്പ് പോലൊരു വലിയ സ്റ്റേജിൽ മാതൃരാജ്യത്തെ നയിക്കാൻ ബിസ്മയെത്തി.

ഒരു കൈയിൽ പിഞ്ചുകുഞ്ഞും, മറു കയ്യിൽ ക്രിക്കറ്റ്‌ കിറ്റുമായുമുള്ള ബിസ്മയുടെ വരവ് ബേ ഓവലിലെ ക്രിക്കറ്റ് പ്രേമികളെ ഒട്ടൊന്നുമല്ല ആഹ്ലാദത്തിലാക്കിയത്.

മത്സരത്തിൽ പാകിസ്താന്‍ ഇന്ത്യയോട്പരാജയപ്പെട്ടെങ്കിലും അതി മനോഹര നിമിഷങ്ങൾക്കാണ് സ്‌റ്റേഡിയം പരിസരം വേദിയായത്. ബിസ്മയുടെ കയ്യിലുള്ള കുഞ്ഞു ഫാത്തിമയെ, ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൌറും സ്മൃതി മന്ദാനയും ഷെഫാലി വെർമയും സ്നേഹ് റാണയും ഉൾപ്പെടെ ലാളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

അമ്മയും കുഞ്ഞുമൊത്തുള്ള സെൽഫിക്കും ഇന്ത്യൻതാരങ്ങളെല്ലാവരും സമയം കണ്ടെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ളവരും ഈ അതിമനോഹര നിമിഷത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തി.

ക്രിക്കറ്റിന് മൈതാനത്ത് അതിരുകൾ ഉണ്ടെങ്കിലും കളത്തിന് പുറത്ത് അവയെല്ലാം തകർക്കുന്നുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ സച്ചിന്റെ കുറിപ്പ്.

ബിസ്മാ മാറൂഫും , കുഞ്ഞു മകൾ ഫാത്തിമയും വനിതാ ഏകദിന ലോകകപ്പിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. എന്തായാലും
കുഞ്ഞു ഫാത്തിമയുടെ ആദ്യപാഠം അതിരുകളില്ലാത്ത സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആകട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News