ഈ ആഴ്ചയും പ്രഖ്യാപനം ഉണ്ടാകില്ല ; കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നീളും

കോൺഗ്രസ് പുനഃസംഘടനാ നടപടികൾ വീണ്ടും നീളും. ഈ ആഴ്ചയും പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. തർക്കങ്ങൾക്ക് പ്രതിവിധിയായി ജംബോ കമ്മിറ്റികൾ രൂപീകരിക്കാനും ആലോചന. പ്രധാന നേതാക്കൾ തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ചയും മാറ്റിവെച്ചു.

അഴിച്ചിട്ടും അഴിയാത്ത കുരുക്കായി മാറുകയാണ് കോൺഗ്രസിന്റെ ഡിസിസി-ബ്ലോക്കുതല പുനഃസംഘടന. അവസാന പട്ടികയിൽ തിരുത്തൽ വരുത്തേണ്ടി വന്നതോടെ കാര്യങ്ങൾ കലങ്ങിമറിഞ്ഞു. സമവായം തേടിയപ്പോൾ ഗ്രൂപ്പുകളുടെ നിർദേശങ്ങൾക്കൊപ്പം എംപിമാരുടെ അടക്കം നോമിനികളും രംഗത്തെത്തി.

പഴയ പട്ടികയിലെ ചിലരെ ഒഴിവാക്കുന്നതിലാണ് പ്രധാന തർക്കം.അനർഹരെ ഒഴിവാക്കണമെന്നാണ് പരാതി നൽകിയ എംപിമാരുടെ ആവശ്യം. ഇതിലുള്ള പലരും സുധാകരന്റെയും വിഡി സതീശന്റെയും നോമിനികളാണ്.

ഇരുനേതാക്കളും പരസ്പരം അകന്നതോടെ നോമിനികളെ തഴയുന്നതിൽ രണ്ടുപേരും വിട്ടുവീഴ്ചക്കില്ല. തർക്കപരിഹാരത്തിനായി ഭാരവാഹിളുടെ എണ്ണം വർദ്ധിപ്പിക്കാമെന്നാണ് പുതിയ നിർദേശം. അങ്ങനെ വന്നാൽ ഭാരവാഹികളുടെ എണ്ണം 50 ലേക്ക് ഉയരും. പഴയപടി ജംബോ കമ്മിറ്റിയായി മാറുകയും ചെയ്യും.

ഇത് സുധാകരന്റെ പ്രഖ്യാപനത്തിന് വിപരീതമാണ്. അതേസമയം സംഘടന തെരഞ്ഞെടുപ്പിന് മുൻപ് കേവലം ഒരുമാസത്തേക്കായി ഇനിയും പുനഃസംഘടനയെന്ന വാശി ഇനിയും വേണമോയെന്നും ഒരു വിഭാഗം നേതാക്കൾ ചോദിക്കുന്നുണ്ട്. എന്നാൽ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ച് സുധാകരന്റെ വിശ്വസ്തരായ ചില ജനറൽ സെക്രട്ടറിമാരാണ് പുനഃസംഘടന നടപടികളെ കുഴപ്പിച്ചതെന്ന വാദവും സതീശവിഭാഗം ആരോപിക്കുന്നുണ്.

ഏതായാലും തർക്കങ്ങൾ കാരണം ഈ ആഴ്ചയും പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന.പ്രധാന നേതാക്കൾ തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ച മാറ്റിവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here