‘ഇരകൾക്ക്’ നിങ്ങൾ ഇന്നൊരു വഴികാട്ടിയാണ്’:ഭാവനയോട് സുധ മേനോൻ

താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പ്രതികരിച്ചിരിക്കുകയാണ് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം നടത്തിയിരുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്‍റെ ചോദ്യങ്ങള്‍ക്കാണ് ഭാവന മറുപടി പറഞ്ഞത്.

തന്‍റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താനെന്നും ഭാവന പറഞ്ഞു. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും ഭാവന ഇന്നലെ നടന്ന ഇന്റർവ്യൂ വിൽ പറഞ്ഞു. താരത്തിന്റെ നിലപാടുകൾക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.

ഇപ്പോഴിതാ പ്രശസ്ത സാമൂഹ്യ പ്രവർത്തകയായ സുധാ മേനോൻ ഭാവനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.’ഒരേ സമയം കണ്ണ് നനയിപ്പിക്കുകയും, അഭിമാനം കൊണ്ട് ഹൃദയം തുടിപ്പിക്കുകയും ചെയ്ത അനുപമമായ ഒരനുഭവം ആയിരുന്നു നിങ്ങളുടെ ഇന്റർവ്യൂ’ എന്നാണ് സുധാ മേനോൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ;

പ്രിയപ്പെട്ട ഭാവനാ,
ഒരേ സമയം കണ്ണ് നനയിപ്പിക്കുകയും, അഭിമാനം കൊണ്ട് ഹൃദയം തുടിപ്പിക്കുകയും ചെയ്ത അനുപമമായ ഒരനുഭവം ആയിരുന്നു നിങ്ങളുടെ ഇന്റർവ്യൂ.

ലൈംഗികഅക്രമങ്ങൾക്കു ഇരയാകുന്ന എല്ലാ സ്ത്രീകൾക്കും കരുത്തും പൊരുതാനുള്ള ഊർജ്ജവും നൽകുന്ന ഒരു പാഠപുസ്തകമാണ്, പ്രിയപ്പെട്ട ഭാവനാ, നിങ്ങൾ നമുക്കു മുന്നിൽ തുറന്നു വെച്ചത്.

സ്ഥലപ്പേരുകളിലേക്കും മറ്റു പല ഇരട്ടപ്പേരുകളിലേക്കും ചുരുങ്ങി, സ്വന്തം പേരും വ്യക്തിത്വവും ഒളിപ്പിച്ചു കൊണ്ട് പൊതുജീവിതത്തിൽ നിന്നും എന്നന്നെക്കുമായി പലായനം ചെയ്യപ്പെടേണ്ടി വരുന്ന ‘ഇരകൾക്ക്’ നിങ്ങൾ ഇന്നൊരു വഴികാട്ടിയാണ്. അതിജീവനത്തിന്റെ പാത തെളിക്കുന്ന ധ്രുവനക്ഷത്രം.

പലവിധ ചൂഷണങ്ങൾക്ക് ഇരയായ, പ്രിവിലേജുകൾ ഒന്നും ഇല്ലാത്ത ഒരു പാട് സാധുസ്ത്രീകൾക്ക് നിവർന്നു നിൽക്കാനും, പതുക്കെ ജീവിതം തിരിച്ചു പിടിക്കാനും ഉള്ള ശക്തി കൂടിയാണ് നിങ്ങളുടെ തുറന്നു പറച്ചിൽ നൽകുന്നത്. ആ അർത്ഥത്തിൽ ഏറ്റവും വിപ്ലവകരമായ ഒരു കാൽവെപ്പ് ആണ്, പ്രിയപ്പെട്ട ഭാവനാ, നിങ്ങളുടേത്. കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ പ്രാധാന്യത്തോടെ കൊത്തിവെക്കേണ്ട പേരാണ് ഇന്ന് ഭാവന എന്ന മൂന്നക്ഷരം.

മലയാളസിനിമാലോകത്തെ ഒരേയൊരു മെഗാസ്റ്റാറിന്, ഒരേയൊരു സൂപ്പർസ്റ്റാറിന്, ഒറ്റനക്ഷത്രത്തിന് ഹൃദയാഭിവാദ്യങ്ങൾ.
ഇനിയും അഭിനയ ജീവിതത്തിൽ മുന്നോട്ട് പോവുക. സമീപഭാവിയിൽ ദേശീയപുരസ്കാരം തന്നെ തേടി വരട്ടെ. ഈ പ്രപഞ്ചം മുഴുവൻ ഭാവനക്ക് വേണ്ടി ഗൂഢാലോചന നടത്തും. ഉറപ്പാണ്. ❤️❤️🙏

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here