ഭാവന, ഈ പോരാട്ടത്തോട്, ഈ മറുപടികളോട്, ഈ അടയാളപ്പെടുത്തലുകളോട്, ലോകം കടപ്പെട്ടിരിക്കുന്നു

ഒരിക്കലും മറക്കാനാകാത്ത അതിക്രമത്തെക്കുറിച്ചും അതിനുശേഷം ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ആദ്യമായി നടി ഭാവന ഇന്നലെ തുറന്നു പ്രതികരിച്ചിരുന്നു.

വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ ‘വി ദ് വിമെന്‍’ പരിപാടിയിലാണ് ഭാവനയുടെ പ്രതികരണം. അതുവരെയുള്ള ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവങ്ങളാണ് അതിനുശേഷം ഉണ്ടായത്. ബുദ്ധമുട്ടേറിയ ആ യാത്ര ഇപ്പോഴും തുടരുകയാണ്. ഒരിക്കലും ഒരു ഇരയല്ല, അതിജീവിതയാണ് താനെന്നും ഭാവന പറഞ്ഞിരുന്നു.

ഭാവനയുടെ പോരാട്ടങ്ങളുടെ മുന്നിൽ ലോകം കടപ്പെട്ടിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഷിബു ഗോപാലകൃഷ്ണൻ അടയാളപ്പെടുത്തുന്നത്.

നമ്മൾ ഇങ്ങനെയുള്ള സ്ത്രീകളെ കണ്ടിട്ടില്ല. ഞാൻ ഇവിടെയുണ്ട് എന്നു പറഞ്ഞുകൊണ്ട് നമുക്കു മുന്നിലേക്ക് പിന്നെയും കസേരവലിച്ചിടുന്ന തിരിച്ചുവരവുകളെ നമ്മൾ അനുഭവിച്ചിട്ടില്ല… എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ തുടക്കം തന്നെ..

പൂർണരൂപം ഇങ്ങനെ…

നമ്മൾ ഇങ്ങനെയുള്ള സ്ത്രീകളെ കണ്ടിട്ടില്ല. ഞാൻ ഇവിടെയുണ്ട് എന്നു പറഞ്ഞുകൊണ്ട് നമുക്കു മുന്നിലേക്ക് പിന്നെയും കസേരവലിച്ചിടുന്ന തിരിച്ചുവരവുകളെ നമ്മൾ അനുഭവിച്ചിട്ടില്ല

എത്രയോ അധികം സ്ത്രീകൾ കുഴിച്ചുമൂടപ്പെട്ട, നിശബ്ദമാക്കപ്പെട്ട, വെറും സ്ഥലനാമങ്ങൾ മാത്രമായി അറിയപ്പെട്ട, ആഘോഷിക്കപ്പെട്ട, അപ്രത്യക്ഷപ്പെട്ട, അനീതിയുടെ മുന്നിലേക്കാണ് ഭാവന വന്നിരുന്നു വർത്തമാനം പറയുന്നത്.
ഇതുവരെ തിരിച്ചറിയപ്പെടാനാവാത്തവിധം മുഖം മറയ്ക്കപ്പെട്ടവരായിരുന്നു അവർ. സ്വന്തം പേരു പോലും ഓർക്കാനിഷ്ടപ്പെടാത്ത ഒരു ഭൂതകാലത്തെ കുഴിവെട്ടിമൂടാൻ ശ്രമിച്ചു പിന്നെയും പരാജയപ്പെടുന്നവർ.

ഓരോ വാക്കിലും മുറിവേറ്റു നുറുങ്ങിയർ, പെറുക്കിക്കൂട്ടാവാത്തവിധം ചിന്നിച്ചിതറിയവർ. സ്വയം പഴിച്ചു ആജീവനാന്തം ശിക്ഷയേറ്റുവാങ്ങിയവർ. പുറത്തുവരാതെ തൊണ്ടയിൽ കുരുങ്ങിയ ശബ്ദവുമായി തിരിച്ചറിയപ്പെടാനാവാത്ത ലോകങ്ങളിലേക്ക് സ്വയം ബലിയായവർ.

അവിടെ നിന്നും ഒരാൾ കൂടുതൽ സുന്ദരിയായി നമ്മളുടെ മുന്നിലേക്കു തിരിഞ്ഞുനടക്കുന്നു. സ്വന്തം പേരിനെ ഉയർത്തിപ്പിടിച്ചു കൂടുതൽ ഉറച്ച ശബ്ദത്തിൽ മുഴങ്ങുന്നു. ഇനി വരാനിരിക്കുന്നവർക്കായി മുൻപേ നടക്കുന്നു. അവരുടെ പാതകളെ കരുത്തുള്ളതാക്കുന്നു.

ഞാൻ ഇരയല്ല, അതിജീവിതയെന്നു കാലത്തിന്റെ മുഖത്തു നോക്കി പറയുന്നു. ഞാൻ മാറിനിൽക്കേണ്ടവളോ മാറ്റിനിർത്തപ്പെടേണ്ടവളോ അല്ലെന്നു ലോകത്തെ അറിയിക്കുന്നു.
ഭാവന, ഈ പോരാട്ടത്തോട്, ഈ മറുപടികളോട്, ഈ അടയാളപ്പെടുത്തലുകളോട്, ലോകം കടപ്പെട്ടിരിക്കുന്നു ❤️

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News