‘ഞങ്ങളുടെ ഭൂമിയില്‍ അതിക്രമം നടത്തുന്നവരെയെല്ലാം ശിക്ഷിക്കും,ഞങ്ങൾ ഒന്നും മറക്കില്ല’; സെലെൻസ്കി

റഷ്യ അധിനിവേശം തുടരുന്നതിനിടെ ഒന്നും മറക്കില്ലെന്നും പൊറുക്കില്ലെന്നുമുള്ള മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച യുദ്ധത്തിൽ ക്രൂരത ചെയ്ത എല്ലാവരെയും ശിക്ഷിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലൻസ്‌കി പ്രതിജ്ഞ ചെയ്തു.

“ഇത് കൊലപാതകമാണ്, ആസൂത്രിത കൊലപാതകമാണ്. ഞങ്ങളുടെ ഭൂമിയില്‍ അതിക്രമം നടത്തുന്നവരെയെല്ലാം ശിക്ഷിക്കും”- റഷ്യ ഷെല്ലാക്രമണം തുടരുന്നതിനിടെ സെലന്‍സ്കി രോഷത്തോടെ പറഞ്ഞു.

റഷ്യന്‍ അധിനിവേശം പന്ത്രണ്ടാം ദിവസത്തിലെത്തിനില്‍ക്കെ ഇന്ന് മൂന്നാം ഘട്ട സമാധാന ചര്‍ച്ച നടക്കും. അതിനിടെ യുക്രൈനിൽ രക്ഷാപ്രവർത്തനത്തിനായി നാലിടത്ത് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഖാർകീവ്, സുമി, കിയവ്, മരിയുപോൾ എന്നീ നഗരങ്ങളിൽ ഇന്ത്യൻ സമയം 12.30 മുതലാണ് വെടിനിർത്തൽ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രേണിന്റെ അഭ്യർഥന പ്രകാരമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി എന്നിവരുമായി മാക്രോൺ ഫോണിൽ സംസാരിച്ചിരുന്നു. സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാനായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് മാക്രോണ്‍ ഇരുരാജ്യങ്ങളിലെ പ്രസിഡന്റുമാരോടും അഭ്യർഥിച്ചിരുന്നു.

സുമിയിൽ മലയാളി വിദ്യാർഥികളടക്കം നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. പോൾട്ടാവ വഴി വിദ്യാർഥികളെ പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർഥികളോട് സജ്ജമായിരിക്കാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ എംബസി സമയവും തിയ്യതിയും ഉടൻ അറിയിക്കുമെന്ന് വ്യക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ രക്ഷാദൗത്യം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here