തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ലോക വനിതാ ദിനത്തോടനുബന്ധിച്ച് തൊഴിൽ വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

സഹജ കോൾ സെന്റർ

കേരളത്തിലെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ഒരു കോൾ സെന്റർ സംവിധാനം സംസ്ഥാന തൊഴിൽ വകുപ്പ് ‘സഹജ’ എന്ന പേരിൽ സജ്ജീകരിക്കുകയാണ്.

സ്ത്രീ തൊഴിലാളികൾക്ക് അവരുടെ തൊഴിലിടങ്ങളിലെ എന്ത് പ്രശ്നങ്ങളായാലും – അത് ക്രഷ് ലഭ്യമല്ല , ഇരിപ്പിട സൗകര്യമില്ല, ടോയ്ലറ്റ് സംവിധാനം ഇല്ല തുടങ്ങി എന്ത് പരാതിയായാലും അത് സ്ത്രീയായിട്ടുള്ള കോൾ സെന്റർ എക്സിക്യുട്ടീവിനെ രാവില 10 മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയത്ത് നേരിട്ട് വിളിച്ച് അറിയിക്കാവുന്നതാണ്. 180042555215 എന്നതാണ് ടോൾ ഫ്രീ നമ്പർ.

ഈ നമ്പറിലേക്ക് വിളിച്ചാൽ ആവശ്യമായ നിർദ്ദേശങ്ങൾ കോൾ സെന്റർ എക്സിക്യൂട്ടീവ് നൽകുന്നതോടൊപ്പം ഈ പരാതി ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന് കൈമാറുകയും അത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ മെസേജായി പരാതി നൽകിയ തൊഴിലാളിക്ക് ലഭിക്കുകയും ചെയ്യും. മാത്രവുമല്ല തൊഴിലാളി ആഗ്രഹിക്കുന്ന പക്ഷം അവരുടെ ഐഡന്റിറ്റി വെളിവാക്കാതെ തന്നെ ഈ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന നടപ്പിലാക്കുന്നുണ്ട്.

അത് കൂടാതെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലെ പരാതി ശ്രദ്ധയിപ്പെട്ടാൽ, അതിനാവശ്യമായിട്ടുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിനുള്ള സംവിധാനവും തൊഴിൽ വകുപ്പ് ഒരുക്കുന്നുണ്ട്.

ഗാർഹിക തൊഴിലാളികളുടെ രജിസ്ട്രേഷൻ

ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് ക്യാമ്പയിനുകളും സ്പെഷ്യൽ ഡ്രൈവുകളും നടത്തുന്നതാണ്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഈ മേഖലയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥാപനങ്ങൾ മുഖാന്തിരം ജോലി ലഭിച്ചിട്ടുളള തൊഴിലാളികളെ ബോർഡിൽ അംഗത്വം എടുക്കുന്നതിനായുളള ശ്രമം നടത്തും.

ആയത് മൂലം ബോർഡ് നടപ്പിലാക്കുന്ന പല ആനുകൂല്യങ്ങൾക്കും ഇവർ അർഹരാകും. ഇത് കൂടാതെ ഒരു പ്രധാന വിഷയം അസംഘടിത മേഖലയിലുള്ള ഗൃഹ ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളാണ്. ഇവർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഘട്ടം എന്ന നിലയിലാണ് എല്ലാ ഗൃഹ തൊഴിലാളികളെയും അസംഘടിത ബോർഡിന്റെ രജിസ്റ്റേഡ് അംഗങ്ങളാക്കുന്നത്.

രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ക്യാംപെയിനിൽ പുതിയ രജിസ്ട്രേഷൻ കൂടാതെ നിലവിലെ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക മെമ്പർ ഷിപ്പ് തുക ഗഡുക്കളായി ഒടുക്കുന്നതിനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അവരുടെ മെമ്പർ ഷിപ്പ് എത്രയും വേഗം സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ട് താമസം കൂടാതെ പുതുക്കുന്നതിനുള്ള സംവിധാനവും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ഒരുക്കുന്നുണ്ട്.

മാത്രവുമല്ല മേൽ സംവിധാനം ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് ക്യൂ നിൽക്കാതെ തന്നെ എളുപ്പത്തിൽ നടത്തുവാനുള്ള സൗകര്യം എല്ലാ ജില്ലാ ബോർഡ് ഓഫീസുകളിലും നടപ്പിലാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ട്രേഡ് യൂണിയൻ നേതാക്കളുമായും തൊഴിലാളി പ്രതിനിധികളുമായും നടത്തിയിട്ടുണ്ട്.

ഇതിനെ തുടർന്ന് ഈ രംഗത്തെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരുന്നതും തൊഴിലാളി/തൊഴിലുടമ ബന്ധം നിർബന്ധമായും കരാറിന്റെ പരിധിയിൽ കൊണ്ടുവരുന്നതുമടക്കമുള്ള നടപടികൾ ഉടനെ തന്നെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതായിരിക്കും.

ഇരിപ്പിട സൗകര്യം ഉറപ്പുവരുത്തൽ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച ഒരു പ്രധാന നടപടിയായിരുന്നു തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടങ്ങൾ ഉറപ്പാക്കുക എന്നത് 2018-ലെ KS&CE നിയമ ഭേദഗതി ഓർഡിനൻസ് വകുപ്പ് 21 (ബി) പ്രകാരം തൊഴിലാളികൾക്ക് ജോലി സ്ഥലത്ത് ഇരിക്കുന്നതിനുളള ഇരിപ്പിട സൗകര്യം തൊഴിലുടമ ഏർപ്പെടുത്തി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

ആയതു പ്രകാരം ഇത് ഉറപ്പു വരുത്തുന്നതിനായി തൊഴിൽ വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കും. ഇത് സംബന്ധിച്ച ഒരു ക്യാംപെയിൻ കൂടി നിലവിലെ സർക്കാർ തുടക്കമിടുകയാണ്. അതിന് ശേഷം ഇതിന്റെ എൻഫോഴ്സ്മെന്റ് നടപടികളിലേക്കും തൊഴിൽ വകുപ്പ് കടക്കുന്നതായിരിക്കും. ഇങ്ങിനെ സ്ത്രീ തൊഴിലാളികൾക്ക് അവരുടെ തൊഴിലിടങ്ങളിലെ എല്ലാ അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിച്ചുവരുന്നു.

തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അതിനായി കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here