സുമിയില്‍ ബസ് പോകുന്ന പാതയില്‍ സ്‌ഫോടനം; രക്ഷാദൗത്യം തടസപ്പെട്ടു

യുക്രൈനില്‍നിന്നുള്ള അവസാന ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം നീളുന്നു. സുമിയില്‍നിന്നുള്ള രക്ഷാദൗത്യം തടസപ്പെട്ടു. വിദ്യാര്‍ത്ഥികളുമായി ബസ് തിരിക്കുന്ന പാതയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷാദൗത്യം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചത്. സുമിയില്‍നിന്ന് ബസില്‍ വിദ്യാര്‍ത്ഥികളുമായി തിരിക്കാനിരിക്കെയായിരുന്നു സ്ഫോടനം.

ഇതോടെ യാത്ര സുരക്ഷിതമല്ലെന്ന് മനസിലാക്കി വിദ്യാര്‍ത്ഥികളെ ബസില്‍നിന്ന് തിരിച്ചിറക്കി. സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അടിയന്തര രക്ഷാദൗത്യങ്ങള്‍ക്കു വേണ്ടി യുക്രൈനിലെ വിവിധ നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യയിലേക്കും ബെലറൂസിലേക്കും മാത്രമാണ് സുരക്ഷാ ഇടനാഴി നിശ്ചയിച്ചിട്ടുള്ളത്.

സുമിയിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സഹായം തേടി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍, യുക്രൈന്‍ നേതാക്കളെ വിളിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും യുക്രൈന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്‌കിയും സഹായവും പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ട്. പുടിനുമായി അഞ്ചു മിനിറ്റ് നേരമാണ് മോദി സംസാരിച്ചത്. സെലന്‍സ്‌കിയുമായുള്ള സംസാരം 35 മിനിറ്റും നീണ്ടു. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായം നല്‍കിയതില്‍ ഇരുവര്‍ക്കും പ്രധാനമന്ത്രി നന്ദിപറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ നേതാക്കള്‍ വിലയിരുത്തുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here