ദ ക്വീന്‍ ഓഫ് കാമാത്തിപുര, മുംബൈ സിറ്റിയെ വിറപ്പിച്ച പെണ്‍കരുത്ത്….ഗംഗുഭായ്

ആലിയഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ഗംഗുഭായ് കത്ത്യാവാടി. ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പലകോണില്‍ നിന്നു ഉയര്‍ന്നുവന്ന ചോദ്യമായിരുന്നു ആരായിരുന്നു ഗംഗുഭായ്?. മാഫിയ ക്വീന്‍സ് ഓഫ് മുംബൈ, ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ് എന്നപേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തകത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്.

ആരായിരുന്നു ഗംഗുഭായ്?

ഗുജറാത്തിലെ കാത്തിയവാഡില്‍ വക്കീലന്മാരുടെ കുടുംബത്തിലായിരുന്നു 1939ല്‍ ഗംഗ ഹര്‍ജീവന്‍ ദാസിന്റെ ജനനം. ലോകം അറിയുന്ന സിനിമ താരം ആകുകയായിരുന്നു അവരുടെ ലക്ഷ്യം. ബോംബെയായിരുന്നു അവരുടെ സ്വപ്നനഗരം . അങ്ങനെയാണ്, വീട്ടില്‍ പതിവായി എത്തിയിരുന്ന വക്കീല്‍ അക്കൗണ്ടന്റിന്റെ വാക്ക് വിശ്വസിച്ച് പതിനാറാം വയസ്സില്‍ ബോംബെയിലേക്കു വണ്ടി കയറിയത്. അയാളെ വിവാഹം കഴിച്ചു ജീവിക്കുന്നതിനൊപ്പം സിനിമയില്‍ മുഖം കാട്ടാമെന്നു ഗംഗ പ്രതീക്ഷിച്ചു. പക്ഷേ, 500 രൂപയ്ക്ക് അവളെ ‘വിറ്റ്’ അയാള്‍ കടന്നു കളഞ്ഞു.

ബോംബെയുടെ ലൈംഗിക കച്ചവട ലോകത്തിലേക്കാണു താന്‍ മുങ്ങിപ്പോയതെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലുമുണ്ടായിരുന്നില്ല അന്ന് അവള്‍ക്ക്. കൗമാരത്തിന്റെ ചിറകറ്റു വീഴുന്നതും ഭീതിയുടെയും വേദനയുടെയും ഇരുള്‍ മുറിയില്‍ ഒറ്റപ്പെട്ടു കിടക്കുന്നതും ഉള്‍ക്കൊണ്ടപ്പോള്‍, കരഞ്ഞു കരഞ്ഞു മടുത്തപ്പോള്‍ ഒന്നുറപ്പിച്ചു, തോല്‍ക്കാനില്ല.

ഗംഗുഭായിടെ ജീവിതവും ഒരു തരത്തില്‍ ഒരിക്കലും അവസാനിക്കാത്ത ഫൈറ്റ് ആയിരുന്നു. ലൈംഗിക തൊഴിലാളികളുടെയും അനാഥരുടെയും ഉന്നമനത്തിനായി അവള്‍ തന്റെ ജീവിതം മുഴുവനായും സമര്‍പ്പിച്ചു.

അങ്ങനെ ചെറുപ്രായത്തില്‍തന്നെ ഗംഗ, ഗംഗു ബായ് ആയി. കാമാത്തിപുരയുടെ തലൈവി ആയി . ഒട്ടേറെ ലൈംഗിക തൊഴിലാളികളുമായി തന്റെ ഹവേലി തുറന്നു. ലൈംഗിക തൊഴിലിനു താല്‍പര്യമുണ്ടോ എന്ന് ‘ഇന്റര്‍വ്യു’ നടത്തിയാണു ഹവേലിയിലേക്കു യുവതികളെ തിരഞ്ഞെടുത്തിരുന്നത്. സേഠുമാരില്‍നിന്നു കാശ് കൃത്യമായി മേടിക്കാന്‍ ഗംഗുജി അവരെ പഠിപ്പിച്ചു. പട്ടിണിയില്‍ നട്ടംകറങ്ങിയിരുന്ന ലൈംഗിക തൊഴിലാളികള്‍ക്കു സഹായമെത്തിച്ചു. അവരുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാന്‍ മുന്നിട്ടിറങ്ങി. ലൈംഗിക തൊഴിലാളികള്‍ക്കു മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കാനായി, കോര്‍പറേഷന്‍ അധികാരികളെ സമീപിക്കുകയും വിവിധ സന്നദ്ധ സംഘടനകളെ കാമാത്തിപുരയില്‍ കൊണ്ടുവരികയും ചെയ്തു.

കാമാത്തിപുരയിലെ അവസാനവാക്കായി മാറി ഗംഗുഭായി.  സ്വര്‍ണം തുന്നിച്ചേര്‍ത്ത ബോര്‍ഡറുള്ള തൂവെള്ള സാരിയും സ്വര്‍ണ കുടുക്കുകളുള്ള ബ്ലൗസും അണിഞ്ഞ് ബെന്റ്‌ലി കാറിലുള്ള യാത്രകള്‍ അവര്‍ ആസ്വദിച്ചു. കാമാത്തിപുര അവരിലൂടെയാണു സംസാരിച്ചത്. ആസാദ് മൈതാനത്തുതന്നെ വനിതാ കണ്‍വന്‍ഷനില്‍ ഗംഗുബായ് സംസാരിച്ചതും ലൈംഗിക തൊഴിലാളികള്‍ക്കു വേണ്ടിയാണ്. ‘മുംബൈ സ്ത്രീകള്‍ക്കു സുരക്ഷിത നഗരമാണെങ്കില്‍ അതില്‍ വലിയ പങ്കുവഹിക്കുന്നതു കാമാത്തിപുരയാണ്’ അവര്‍ തുറന്നടിച്ചു.

കാമാത്തിപുരയ്ക്കു വേണ്ടി ഗംഗുബായ് ചെയ്ത സേവനങ്ങളുടെ സ്മാരകമായി അവരുടെ പ്രതിമയുണ്ട് അവിടെ, ഒപ്പം അവിടുത്തെ മിക്ക വീടുകളുടെയും ഉമ്മറഭിത്തിയില്‍ അവരുടെ ഫോട്ടോയും. ഗംഗുഭായ് ഇന്നും കാമാത്തിപുരയിലെ ഓരോ സ്ത്രീകളുടെ ഇടയിലും ജീവിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here