പത്തരമാറ്റ് തിളക്കത്തോടെ വനിതാദിനം

ഇന്ന് മാര്‍ച്ച് 8, ലോക വനിതാ ദിനം. ഈ വനിതാദിനത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. കാരണം, കേരളം റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. ഇത്തവണ അത് ഒളിമ്പിക് റെക്കോര്‍ഡോ വേള്‍ഡ് കപ്പോ 100 കോടി ക്ലബോ ഒന്നുമല്ല. മറിച്ച്, സംസ്ഥാന ഭരണത്തിലെ പെണ്‍കരുത്തിലാണ്. കേരള ചരിത്രത്തിലാദ്യമായി പതിനാലില്‍ പത്ത് ജില്ലകളുടെയും തലപ്പത്ത് സ്ത്രീകള്‍ എത്തിയിരിക്കുന്നു. ലിംഗവിവേചനവും അസമത്വവും സമൂഹത്തില്‍ നിന്ന് പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ പെണ്‍വിജയം ഏതൊരു സ്ത്രീയ്ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

ആലപ്പുഴ ജില്ലാ കലക്ടറായി ഡോ. രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തില്‍ വനിതാപ്രാതിനിധ്യം റെക്കോഡിലെത്തിയത്. ഇതോടെ കലക്ടര്‍മാരില്‍ വനിതകളുടെ സാന്നിധ്യം 71.4% ആയിരിക്കുകയാണ്. ഹരിത വി കുമാര്‍, ദിവ്യ എസ് അയ്യര്‍, അഫ്സാന പര്‍വീണ്‍, ഷീബ ജോര്‍ജ്, ഡോ. പി കെ ജയശ്രീ, ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ഡോ. എ ഗീത എന്നിവരാണ് മറ്റു വനിതാ കളക്ടര്‍മാര്‍. അതേസമയം, കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് നേടിയ മൂന്നു പേരില്‍ രണ്ടു പേര്‍ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി എന്നിവരാണ് ഇതിനര്‍ഹരായത്. ഈ പുരസ്‌കാരനേട്ടം സ്വന്തമാക്കിയ എ. അലക്‌സാണ്ടര്‍ വിരമിക്കുന്നതോടെയാണ് ഡോ. രേണു രാജിനെ ആലപ്പുഴ കലക്ടറായി നിയമിച്ചിരിക്കുന്നത്.

ഏതായാലും, ഇത്തരമൊരു സ്ത്രീമുന്നേറ്റത്തിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് കേരളം. സാക്ഷരതയില്‍ മാത്രമല്ല, ഭരണപദവികള്‍ കൈകാര്യം ചെയ്യുന്നതിലും കേരളത്തിലെ മിടുക്കികള്‍ ഏറെ മുന്നില്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കുന്നു. സ്ത്രീകളെ ഉന്നം വെച്ച് വേട്ടയാടുന്ന സൈബര്‍ അക്രമികള്‍ക്ക് മുന്നില്‍ അവര്‍ അടിയുറച്ച് നീങ്ങുകയാണ്. നാടിനെ സേവിക്കുന്ന പടക്കുതിരകളായി.. വരും തലമുറയ്ക്ക് കരുത്തു പകരുന്ന പ്രചോദനങ്ങളായി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News