“തന്റേടം” തന്റേതായ ഇടം വേണം സ്ത്രീയ്ക്ക് ; മന്ത്രി ആർ ബിന്ദു

സ്ത്രീയ്ക്ക് തന്റേതായ ഇടം വേണമെന്ന് മന്ത്രി ആർ ബിന്ദു. വനിതാ ദിനത്തിന്റെ ഭാ​ഗമായി കൈരളി ന്യൂസ് ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ആൺ – പെൺ എന്ന വേർതിരിവ് മാറ്റാൻ സമൂഹത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ആർ ബിന്ദു കൈരളി ന്യൂസ് ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിന്റെ പൂർണരൂപം;

01. വനിത എന്ന നിലയിലും മന്ത്രിയെന്ന നിലയിലും വനിതാ ദിനത്തെ എങ്ങനെ കാണുന്നു..?

ലോകമെമ്പാടും സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി നടന്നിട്ടുള്ള ഒരുപാട് ത്യാഗോജ്വലങ്ങളായ പോരാട്ടങ്ങളുടെ ഓർമ്മകളാണ് സമൂഹത്തിനു മുമ്പിൽ വനിതാദിനത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത് .സമൂഹത്തിന്റെ പകുതിയിലേറെ വരുന്ന സ്ത്രീകൾ ഇപ്പോഴും നാനാവിധത്തിലുള്ള അസമത്വങ്ങൾ നേരിടുകയാണ്.

ചൂഷണങ്ങളും വിവേചനങ്ങളും അവമതികളും സ്ത്രീകൾ നേരിടുന്നു. എല്ലാം അനുഭവിച്ചു കൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് . സ്ത്രീകൾ ചെയ്യുന്ന ജോലികൾക്ക് ആനുപാതികം ആയിട്ടുള്ള സാമൂഹിക അംഗീകാരമില്ല. വീടുമായിട്ട് ബന്ധപ്പെട്ട ചെയ്യുന്ന ജോലികൾക്ക് പ്രതിഫലം കിട്ടില്ല എന്നതുകൊണ്ടുതന്നെ, സാമ്പത്തികമായി റിട്ടേണുകൾ ഒന്നും കിട്ടുന്നില്ല എന്നതിനാൽ കാണാ പണികൾ ആയി ഇതൊക്കെ അവശേഷിക്കുകയാണ്.

യഥാർത്ഥത്തിൽ സമൂഹത്തിന്റെ പുനരുൽപാദന പ്രക്രിയയിൽ മക്കളെ പ്രസവിച്ച് വളർത്തി വലുതാക്കുന്ന അമ്മമാർ വഹിക്കുന്ന പങ്ക് തമസ്കരിക്കപ്പെടുകയാണ് അല്ലെങ്കിൽ അതു കണക്കിൽ പെടുന്നില്ല എന്നതാണ്. അങ്ങനെ സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന സാമൂഹികമായ അന്തസ്സും അംഗീകാരവും തിരിച്ചുപിടിക്കാൻ ആവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും സ്ത്രീകളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും ഒക്കെയുള്ള നല്ല അവസരമാണ് സാർവദേശീയ മഹിളാദിനം.

ആ വാക്ക് തന്നെ ഒട്ടേറെ ആവേശകരമായ പ്രക്ഷോഭങ്ങളെ നമ്മുടെ ഓർമയിലേക്ക് കൊണ്ടുവരും.ക്ലാര-സെട്കിനെപ്പോലെ റോസാ ലക്സംബർഗിനെപ്പോലെ അലക്സാണ്ട്ര കോലന്റയിയെപ്പോലെ പ്രവർത്തിക്കുകയും അവർക്കുവേണ്ടി നിയമ നിർമാണങ്ങൾ നടത്തുകയും വർക്കിംഗ് വിമന് വേണ്ടി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ഒക്കെ ചെയ്ത നിരവധിയായ ചരിത്ര വനിതകളെ അനുസ്മരിക്കാൻ ഉള്ള ദിനം കൂടിയാണ് സാർവദേശീയ മഹിളാദിനം.അതാണ് ഈ ദിനത്തിന്റെ പ്രസക്തി.

ഇന്നത്തെ വർത്തമാനകാല സാഹചര്യത്തിൽ ആഗോളവൽക്കരണ-ഉദാരവൽക്കരണ നയ സമീപനങ്ങൾ സ്ത്രീകൾ നേരിടുന്ന നാനാമുഖമായുള്ള പ്രയാസങ്ങളെ വലിയ രീതിയിൽ വർദ്ധിപ്പിക്കുന്ന കാഴ്ചയാണ് അനുദിനം നമുക്ക് കാണാൻ കഴിയുന്നത്. വിപണിയിൽ വിലപേശി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വസ്തുവായി സ്ത്രീകൾ മാറ്റപ്പെടുന്ന സാഹചര്യത്തിൽ അതിനൊക്കെ എതിരായിട്ടുള്ള സാർവദേശീയമായ സ്ത്രീ കൂട്ടായ്മ പടുത്തുയർത്തുന്നതിനുള്ള സാധ്യതകൾ കൂടി പരിശോധിക്കാൻ കഴിയുന്ന ഒരു അവസരം കൂടിയാണ് സാർവദേശീയ മഹിളാദിനം.

02. അക്കാദമിക തലത്തിൽ മിനിസ്റ്റർ മിടുക്കിയായിരുന്നു. കലയിലും സാഹിത്യത്തിലും താല്പര്യം, ഒപ്പം രാഷ്ട്രീയവും. ഇതെല്ലാം കോംബോ ആയി വരുന്നത് വളരെ റെയർ ആണ്. ഇത്തരത്തിൽ വളർന്നു വരാനുള്ള ഒരു സാഹചര്യം അന്നത്തെക്കാലത്ത് ഉണ്ടായിരുന്നോ ?

വീട്ടിൽ സാമാന്യേന പുരോഗമനപരമായ അന്തരീക്ഷം ആണ് ഉണ്ടായിരുന്നത്. അച്ഛൻ പുരോഗമന പ്രസ്ഥാനങ്ങളിൽ ഒക്കെ സജീവമായി പ്രവർത്തിക്കുന്ന ഒരാളായിരുന്നു.ഞങ്ങളുടെ പ്രദേശത്തെ സിപിഐഎമ്മിന്റെ പ്രമുഖനായ നേതാക്കളിൽ ഒരാളായിരുന്നു .അതുകൊണ്ടു തന്നെ പെൺകുട്ടി എന്ന നിലയിലുള്ള വിലക്കുകൾ ആരും അടിച്ചേൽപ്പിച്ചിരുന്നില്ല.

ജ്യേഷ്ഠന്മാർ വായനാശീലം നന്നായി ഉള്ളവരായിരുന്നു.ലൈബ്രറികളിൽ പോകാനും വായിക്കാനും ഒക്കെ അവരുടെ പിന്തുണ നന്നായി കിട്ടിയിരുന്നു.എല്ലാ കാര്യങ്ങളിലും എന്റെ മൗലികമായിട്ടുള്ള വാസനകൾ, അരുതുകൾ അടിച്ചേൽപ്പിച്ചു കൊണ്ട് ഇല്ലാതാക്കാൻ കുടുംബം ശ്രമിച്ചിട്ടില്ല. അതൊരു വലിയ കാര്യം ആയിട്ടാണ് ഞാൻ കാണുന്നത്. അതുകൊണ്ടാവാം ഈ രീതിയിൽ രൂപപ്പെടാൻ സാധിച്ചത്.

03. അമ്മയായിരുന്നോ മിനിസ്റ്ററുടെ റോൾമോഡൽ ?

അമ്മ ഒരു യാഥാസ്ഥിതിക ചിന്താഗതി ഉണ്ടായിരുന്ന ആളാണ്.വളരെ ചെറുപ്പത്തിൽത്തന്നെ അച്ഛൻ കമ്മ്യൂണിസത്തിൽ  ആകൃഷ്ടനായിരുന്നു.സ്കൂളിൽ പഠിക്കുന്ന കാലത്തേ എനിക്ക് അച്ഛനായിരുന്നു റോൾ മോഡൽ.

എല്ലാ കാര്യത്തിലും അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. പെൺകുട്ടികളെ ഇങ്ങനെ വളർത്താൻ പാടുണ്ടോയെന്ന് അച്ഛനോട് അമ്മ എന്നും ചോദിക്കാറുണ്ടായിരുന്നു.

04. ജെഎൻയുവിലെ പഠനകാലം കാഴ്ചപ്പാടുകളെ മാറ്റിയിട്ടുണ്ടോ ?

നാട്ടിൽ നിന്ന് കിട്ടിയ കാഴ്ചപ്പാടുകളെ കൂടുതൽ ശക്തിപ്പെടുത്താൻ ജെഎൻയു സഹായിച്ചിട്ടുണ്ട്. മികച്ച അക്കാദമിക്കുകളെയും പണ്ഡിതൻമാരെയും അറിയാനും അവരുടെ അനുഭവങ്ങൾ കേൾക്കാനും സഹായകമായിട്ടുണ്ട്.അവരുടെ വിപുലമായ അനുഭവം നമ്മളോട് പങ്കുവെച്ചിട്ടുണ്ട്.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എൻട്രൻസ് എഴുതി സെലക്ട് ആയിട്ടാണ് ഞാൻ അവിടെ പഠിക്കാൻ പോകുന്നത്.ഞാൻ അവിടെ പഠിക്കാൻ പോകുമ്പോൾ തന്നെ എൻറെ അമ്മയ്ക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു. അച്ഛൻ പറഞ്ഞു പോയി പഠിക്കട്ടെ. പുറത്തൊക്കെ പോയി പഠിച്ച് വളരട്ടെ. അതുകൊണ്ട് അങ്ങനെ പോയതാണ്.

സമരങ്ങൾ വളരെ പ്രസിദ്ധമായിരുന്ന കാലമായിരുന്നു അന്ന്. ഇന്നത്തേക്കാൾ കുറച്ചുകൂടി പുരോഗമനാത്മകമായിരുന്നു അന്നത്തെ അവസ്ഥ. അന്ന് ഞാൻ ചെല്ലുന്ന സമയത്തായിരുന്നു മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും പ്രക്ഷോഭവും ഒക്കെ.‌എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ വന്നിരുന്ന കാലമായിരുന്നു അത്. ഇപ്പോൾ ദില്ലിയിൽ നിന്നുള്ള കുട്ടികളാണ് കൂടുതലും ജെഎൻയുവിൽ ഉള്ളത് എന്നുള്ള തലത്തിലേയ്ക്ക് മാറ്റം വന്നു.

നമുക്ക് വ്യത്യസ്തങ്ങളായ സംസ്കാരം മനസ്സിലാക്കുവാൻ ജെഎൻയു സഹായിക്കുമായിരുന്നു. എപ്പോഴും വളരെ ഫ്രഷ് ആയിട്ട് ഇരിക്കാൻ ജെഎൻയു സഹായിക്കും. അത് ഒരു അനുഭവം തന്നെയാണ്. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലും ഏതാണ്ട് എനിക്കിതേ അനുഭവം തന്നെയായിരുന്നു. കുറച്ചുകൂടി സാമൂഹ്യപരമായുള്ള വീക്ഷണം അക്കാലത്ത് കുട്ടികൾക്ക് ലഭിച്ചിരുന്നു .

05. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹികവിഷയങ്ങളിൽ സ്ത്രീകൾ ഇടപെടേണ്ടവരല്ലേ….?

ഇപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതും പോസിറ്റീവായ മാറ്റങ്ങൾ.കേരളത്തിലെ സാഹചര്യത്തിൽ വൈരുദ്ധ്യമായ കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. ഒരുഭാഗത്ത് കരുത്തുള്ള പെൺകുട്ടികൾ ഉയർന്നുവരുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം ഓതിക്കൊണ്ട് നിരവധിപേർ കടന്നുവരുന്നുണ്ട്.

മറുവശത്ത് വീണ്ടും അടുക്കളയിലേക്ക് വലിക്കുന്ന രീതിയും കാണുന്നു. ഇത്തരം പ്രതിലോമശക്തികൾ ഉണ്ട്. മാർക്കറ്റ് ഓറിയന്റെഡ് ആയ കാഴ്ചപ്പാടുകളും ഒരു വശത്തുണ്ട്. ഇതിന്റെ രണ്ടിന്റേയും ഇടയിലുള്ള വൈരുദ്ധ്യാത്മകമായ രീതിയാണ് ഇന്ന് കേരളത്തിൽ കാണുന്നത്. പക്ഷേ അവബോധമുള്ള, തിരിച്ചറിവുള്ള, ഒരു തലമുറ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

എന്റെ ചെറുപ്പകാലത്ത് എന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ ആരും തന്നെ പൊതുരംഗത്ത് വന്നതായി അറിയില്ല. എന്റെ പ്രദേശത്ത്, എന്തെങ്കിലും ഒന്നിനെക്കുറിച്ച് വായ് തുറന്നു സംസാരിക്കാൻ കഴിയുന്ന കുട്ടികളും ഉണ്ടായതായി എനിക്കറിയില്ല. പക്ഷേ ഇന്നത്തെ നില അങ്ങനെയല്ല.

അക്കാലത്ത് തിരഞ്ഞെടുപ്പ് രംഗത്ത് സ്ത്രീകളെ കാണാൻ കൂടി ഇല്ലായിരുന്നു. ഇപ്പോൾ ധാരാളമായി കാണാൻ സാധിക്കുന്നുണ്ട്. മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .മാറ്റങ്ങൾ ഇല്ല എന്ന് നമുക്ക് പറയാൻ സാധിക്കില്ല. അതേസമയം ഇവിടെ ഒരു പ്രതിലോമ ധാര പിന്നോട്ട് വലിക്കാൻ ശക്തമായിട്ടുണ്ട് .

അറുപഴഞ്ചൻ ആയിട്ടുള്ള അതിയാഥാസ്ഥിതികം ആയിട്ടുള്ള പ്രത്യയ ശാസ്ത്രത്തിന്റെ പ്രവർത്തനം, അതും കേരളീയ സമൂഹത്തിൽ ഉണ്ട്. വളരെ സജീവമായി മുന്നോട്ടു വരുന്നവരുമുണ്ട്.ഒരു പുരോഗമന ധാരയുണ്ട്. അതിന് നേരെ വിപരീതമായിട്ടുള്ള ശക്തിയും ഉണ്ട്. ഈയൊരു സംഘർഷം കേരളത്തിൽ സജീവമാണ്. പ്രത്യേകിച്ച് സ്ത്രീകളുമായി അല്ലെങ്കിൽ സ്ത്രീകളുടെ അവസ്ഥയും ആയി ബന്ധപ്പെട്ട ഈ വൈരുദ്ധ്യം വളരെ പ്രകടമാണ്.

06. സ്ത്രീധനവും ആത്മഹത്യയും കേരളത്തിൽ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും..?

അറുപതുകളിൽ പാസാക്കപ്പെട്ടതാണ് സ്ത്രീധനത്തിന് എതിരായ നിയമം. പക്ഷേ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആ ഒരു ദുരാചാരം വളരെ ശക്തമായി നിലനിൽക്കുന്നു.ഒരുപക്ഷേ സാമൂഹിക അംഗീകാരത്തിനുള്ള അടയാളം ആയിട്ട് സ്ത്രീധനം കണക്കാക്കപ്പെടുന്നു. ഇത് ഒരു അതിശയോക്തിയല്ല.

ഒരു സ്റ്റാറ്റസ് സിംബൽ ആണ് എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. ആ ഒരു രീതി നമുക്ക് മാറ്റിയേ തീരൂ…പെൺകുട്ടിയുടെ രണ്ടാംകിട സാമൂഹ്യ പദവിയുടെ ഒരു കാരണം തന്നെ സ്ത്രീധനമാണ്. പെൺകുട്ടി പിറന്നു വീഴുമ്പോൾ അയ്യോ കഷ്ടം എന്നു പറയുമ്പോൾ അതിനെ ഒരു ആസ്തി ആയിട്ടല്ല ബാധ്യത ആയിട്ടാണ് കുടുംബം കാണുന്നത്. അത്തരം ബാധ്യതയായി കാണാൻ അവർക്ക് കഴിയുന്നത് ഇത്തരം സ്ത്രീധനം എന്നുപറയുന്ന ദുരാചാരം നിലനിൽക്കുന്നതുകൊണ്ടാണ്.

ഒരു കുടുംബത്തിലെ മൊത്തം അധ്വാനവും കൂട്ടിവെച്ചാൽ ഒരു വിവാഹത്തോട് കൂടി അതൊക്കെ തീരുകയാണ്. സ്ത്രീധനത്തിനെതിരെ ശക്തമായ അവബോധം ഉണ്ടാവണം. അത് ഉണ്ടാക്കിയെടുക്കണം നിയമങ്ങൾ കൊണ്ട് മാത്രം കാര്യമില്ല. ബോധതലത്തിൽ മാറ്റങ്ങൾ ഉണ്ടാവണം.സ്ത്രീ സംരക്ഷണ നിയമം ഇന്ത്യയിൽ സജീവമാണ്. ബലാത്സംഗത്തിന് എതിരായ നിയമമുണ്ട്.

ഹ്യൂമൻ ട്രാഫിക്കിം​ഗിനെതിരെ നിയമമുണ്ട്. പക്ഷേ തെറ്റുകൾ നിർബാധം തുടരുകയാണ്. പെൺ ഭ്രൂണ ഹത്യയും നടക്കുന്നു.പെൺഭ്രൂണഹത്യക്കെതിരെ നിയമമുണ്ട് .ഇന്ത്യയിൽ കോടിക്കണക്കിന് പെൺഭ്രൂണഹത്യകളാണ് നടക്കുന്നത്. നിയമങ്ങൾ കൊണ്ട് മാത്രം കാര്യമില്ല. മനുഷ്യരുടെ ബോധതലത്തിൽ മാറ്റങ്ങൾ ഉണ്ടാകണം. അവബോധത്തിൽ മാറ്റമുണ്ടാകണം, പൊതുബോധത്തിൽ മാറ്റമുണ്ടാകണം.സ്ത്രീധനം കൊടുക്കില്ല എന്നുള്ള ഒരു തീരുമാനം എല്ലാ മനുഷ്യരുടെയും ഉള്ളിൽ നിന്ന് തന്നെ ഉണ്ടാകണം.അതിനുള്ള പശ്ചാത്തലം ഉണ്ടാക്കണം.

07. തൃശൂർ മേയർ ആയിരുന്ന കാലത്ത് വനിതാ ക്ഷേമത്തിനായി നടപ്പിലാക്കിയിരുന്ന കാര്യങ്ങൾ….?

അന്ന് വനിതാ ക്ഷേമത്തിനായി ഒട്ടനവധി കാര്യങ്ങൾ തൃശൂർ കോർപ്പറേഷൻ നടത്തിയിരുന്നു. 300 സ്ത്രീകൾക്ക് കാർഷിക അനുബന്ധ മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി അബാഡ് വഴി തൊഴിൽദാന പദ്ധതി കാർഷിക സർവകലാശാലയുമായി ചേർന്ന്
നടപ്പാക്കിയിട്ടുണ്ട് .

പെൺകുട്ടികൾക്ക് പ്രതിരോധവുമായി ബന്ധപ്പെട്ട് കരാട്ടെ പഠിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു. ഇതൊക്കെ എന്തിനാണ് എന്ന് എന്നോട് നിരവധിപേരാണ് അന്ന് ചോദിച്ചത്.ചിലർ പരിഹാസപൂർവ്വം ചോദിച്ചു.ഇപ്പോൾ ജനകീയാസൂത്രണത്തിൻറെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ ഈ പരിപാടി നടത്തി വരുന്നു.

വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം കൊടുക്കുന്ന പരിപാടികൾ തയ്യാറാക്കി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരംഭിച്ച മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ് മേസ്തിരി പരിശീലനകേന്ദ്രം. കട്ട വെച്ച് പണിയുന്ന പുരുഷന് അത് തലയിൽ ചുമന്നു കൊണ്ടു വരുന്ന സ്ത്രീയെക്കാളും കൂലി കൂടുതലാണ് .അതിന് പറയുന്ന പേര് വൈദഗ്ധ്യം കൂടുതൽ ഉള്ള ജോലിയാണ് പുരുഷന്റേത് എന്നാണ് .അതുകൊണ്ട് സ്ത്രീകൾക്ക് വൈദഗ്ധ്യം കൊടുക്കുന്ന, സ്കിൽഡ് വർക്ക് സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനുള്ള, അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുറെ തൊഴിൽ പരിശീലന പദ്ധതികൾ അക്കാലത്ത് നടപ്പിലാക്കിയിരുന്നു.

വനിതകൾക്ക് വേണ്ടി പ്രത്യേക കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിച്ചു. പ്രത്യേകിച്ച് ശക്തൻ മാർക്കറ്റിൽ ഒക്കെ .ടോയ്‌ലറ്റ് സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് മത്സ്യ വിപണനം നടത്തിയിരുന്ന സ്ത്രീകൾ ഒക്കെ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. അവർക്കൊക്കെ വേണ്ടിയാണ് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. അങ്ങനെ ഒരുപാട് പദ്ധതികൾ സ്ത്രീകളുടെ ശാക്തീകരണത്തിനായി‍ നടപ്പാക്കി.

6 കുടുംബശ്രീ റസ്റ്റോറൻറുകൾ ആരംഭിച്ചു. അവ ഇപ്പോഴും മികച്ച നിലയിൽ തുടരുന്നു.വരുമാനദായകമായ സംരംഭങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുപോകാൻ സാധിച്ചു. മൊബൈൽ ലൈബ്രറി.. വീട്ടുമുറ്റത്ത് എത്തുന്ന ലൈബ്രറികൾ ഉണ്ടാക്കി. തൊഴിൽ നൽകുന്ന പദ്ധതികൾ മാത്രമല്ല ജെൻഡർ ഡിഫറൻസിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്ന ബോധവൽക്കരണ പരിപാടികൾ നടപ്പാക്കിയിരുന്നു. പിന്നെ ജെൻഡർ ഗവേഷണത്തിനായി സ്ത്രീ പഠന കേന്ദ്രം ആരംഭിച്ചു.അതായിരുന്നു ലിംഗപദവി പഠനകേന്ദ്രം.

08. മേയറായിരുന്ന കാലത്ത് നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി, ആ സമയത്ത് പോലും നിരവധി ആരോപണങ്ങൾ നേരിട്ടു.

മേയർ ആയിരുന്ന കാലത്ത് ആരോപണങ്ങളും വിമർശനങ്ങളും കേട്ടിട്ടുണ്ട്. ഒരു സ്ത്രീ മേയർ ആയതിൽ അസഹിഷ്ണുത പൂണ്ടവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചത്.ഒരുപാട് മോശം പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം തന്നെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള നിലപാടുകളും ഉണ്ടായിട്ടുണ്ട്. കുറച്ചു പേർ സ്ഥിരം ഊമക്കത്തുകൾ അയച്ചിരുന്നു.

ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് കൂടുതൽ പരിഗണന കൊടുത്തുകൊണ്ട്, ലിംഗപദവി വ്യത്യാസം പരിഹരിക്കുന്നതിനുതകുന്ന പരിപാടികൾ നടത്തുമ്പോൾ അതിന്റെ ആവശ്യം എന്താ? അതുകൊണ്ട് എന്ത് കാര്യം ആണുള്ളത് ? എന്നൊക്കെ പലരും ചോദിച്ചിരുന്നു. ഇന്നിപ്പോൾ അത് പറയുമ്പോൾ ഒരു പുതുമയായി ആർക്കും തോന്നാറില്ല.

15 വർഷങ്ങൾക്കു മുൻപ് ഇത്തരം കാര്യങ്ങൾ പറയുമ്പോൾ, ഇതൊക്കെ എന്തിനാണ് കോർപ്പറേഷൻ നടപ്പാക്കുന്നത് എന്ന് കൗൺസിലർമാർക്ക് കൂടി മനസ്സിലാകാത്ത സ്ഥിതി ഉണ്ടായിരുന്നു. ഇപ്പോൾ ഇത്തരം പദ്ധതികൾ വ്യാപകമായി നടപ്പാക്കുന്നുണ്ട്. അന്ന് അതിന്റെയൊക്കെ ഒരു തുടക്കകാലം ആയിരുന്നു.

09. വിമർശനങ്ങളെ എങ്ങനെയാണ് ഉൾക്കൊള്ളുന്നത്..? നമുക്ക് വിഷമം ഉണ്ടാകില്ലേ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ..

സ്വാഭാവികമായും വിഷമം ഒക്കെ ഉണ്ടാവും. വിഷമിക്കാതിരിക്കില്ല. മഴ പെയ്യുമ്പോൾ പാറയിൻ മേൽ വെള്ളം വീഴുന്ന അവസ്ഥയുണ്ടല്ലോ. വെള്ളം തെറിച്ച് പോകുകയല്ലേ ഉള്ളൂ….ഇതാണ് ഇപ്പോൾ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ തോന്നാറുള്ളത്.നമ്മൾ ഏറ്റവും സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് .ആ ഒരു ഉറപ്പുണ്ടെങ്കിൽ യാതൊരു വിമർശനങ്ങളും ഏൽക്കില്ല.

മേയറായിരുന്ന കാലത്ത് ഇത്തിരികൂടി ചെറുപ്പമായിരുന്നു. ആ സമയത്ത് ഇത്തരം വിമർശനങ്ങൾ, നല്ല വിഷമം ഉണ്ടാക്കിയിട്ടുണ്ട്. തൃശ്ശൂർ പട്ടണത്തിലെ ചേരി നിവാസികളും .പാവപ്പെട്ട പട്ടികജാതി കോളനികളും ഉൾപ്പെടുന്ന ഡിവിഷനുകളിൽ നിന്നാണ് ഞാൻ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്.അവരുടെ ജീവിതം അടുത്തു കാണുമ്പോൾ ഞാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒന്നും ഒരു ബുദ്ധിമുട്ട് അല്ലെന്ന് മനസ്സിലാക്കാനുള്ള പക്വതയുണ്ടായിട്ടുണ്ട്.

വിപുലമായ ഒരു സമൂഹത്തിലേക്ക് ആണ് ജനപ്രതിനിധിയായി ഞാൻ ഇറങ്ങിച്ചെല്ലുന്നത്. അവരുടെ ദൈനംദിന പ്രവൃത്തിയിൽ നമ്മൾ ചേരുമ്പോൾ, നമ്മളെ ആര് എന്തു പറഞ്ഞാലും നമുക്ക് ഒരു പ്രശ്നമേയല്ല. നമ്മൾ പ്രവർത്തിക്കുന്നത് എന്തിനുവേണ്ടിയാണ് എന്നുള്ള ഒരു ഉറച്ച കാഴ്ചപ്പാട് ഉണ്ടെങ്കിൽ മറ്റുള്ള ഒന്നും ഒന്നുമല്ല. ഇപ്പോൾ ഒന്നും എന്നെ അങ്ങനെ വേവലാതിപ്പെടുത്തുന്നില്ല.

10. ഉന്നതവിദ്യാഭ്യാസമേഖലയിൽ പെൺകുട്ടികൾക്കായി എന്തൊക്കെ കാര്യങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്…? പ്രത്യേക പദ്ധതികൾ എന്തെങ്കിലും രൂപീകരിച്ചിട്ടുണ്ടോ..? നടപ്പിലാക്കി വരുന്നുണ്ടോ വിശദാംശങ്ങൾ

ഉന്നതവിദ്യാഭ്യാസമേഖലയിൽ, മിക്ക കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അദൃശ്യമായ ഒരു പവർ പിരമിഡ് ഉണ്ട്.അതിന്റെ ഏറ്റവും താഴെ തട്ടിൽ ആണ് പെൺകുട്ടികൾ ഇപ്പോഴും. അവർക്ക് ആ സ്ഥാപനത്തിൽ എന്തെങ്കിലും കാര്യത്തിൽ ആധികാരികമായി അഭിപ്രായം പറയാനുള്ള അവസരം കുറവാണ്.

നമ്മൾ നോക്കുമ്പോൾ അവർക്ക് ചിലപ്പോൾ യൂണിയനിൽ അംഗത്വം ഉണ്ടാകും. അത്തരം പാർട്ടിസിപ്പേഷൻ ഒക്കെ ഉണ്ടാകും. പക്ഷേ പൊതു തീരുമാനമെടുക്കുന്ന പ്രക്രിയയിൽ അവർക്ക് പങ്കാളിത്തം കുറവാണ്. പിന്നെ അവരെ ഇപ്പോഴും മാർജിനലൈസ് ചെയ്യുന്നുണ്ട്.ഈ സമീപനം തന്നെയാണ് ഇപ്പോഴും നമ്മുടെ ക്ലാസ് മുറികളിൽ കാണാൻ കഴിയുന്നത്.

ഞാൻ പഠിപ്പിച്ച കോളേജിൽ പോലും പെൺകുട്ടികൾ വളരെ നിശബ്ദരായി തുടരുന്ന കാഴ്ച കാണാൻ സാധിച്ചിട്ടുണ്ട് .ഒരുപാട് മൗനങ്ങൾ നമുക്ക് ക്യാമ്പസുകളിൽ കാണാൻ സാധിച്ചിട്ടുണ്ട്. ദുർബല ജനവിഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ, സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽ നിന്ന് വരുന്ന കുട്ടികൾ,അങ്ങനെയുള്ളവരുടെ ശബ്ദം വീണ്ടെടുക്കുക എന്നുള്ളതും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നുള്ളതും പ്രധാനപ്പെട്ട ഒരു ചുമതലയാണ്.

അതിന്റെ തുടർച്ചയായിട്ടാണ് സമഭാവനയുടെ സർവ്വകലാശാലകൾ എന്ന ഒരു പദ്ധതി ഇപ്പോൾ ആവിഷ്കരിച്ചത്. അതിന്റെ സംസ്ഥാനതല ശില്പശാല നടന്നു.പക്ഷേ പദ്ധതി കൂടുതലായി മുന്നോട്ടുകൊണ്ടുപോകാൻ ഈ അക്കാദമിക് വർഷം നമുക്ക് സാധിച്ചില്ല. കൊവിഡ് സാഹചര്യത്തിൽ കോളേജുകൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാലാണ് ഇത് നടപ്പിലാക്കാൻ സാധിക്കാത്തത്.അടുത്തവർഷത്തോടു കൂടി അത് ശക്തിപ്പെടുത്തണം എന്നാണ് കരുതുന്നത്.

പെൺകുട്ടികൾക്കായുള്ള പ്രത്യേക സ്കോളർഷിപ്പുകൾ കൊണ്ടുവരണം എന്ന് ഉദ്ദേശിക്കുന്നുണ്ട് .പൊതുവിൽ അവരുടെ പങ്കാളിത്തവും നേതൃത്വവും വർധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും ക്യാമ്പസുകളിൽ ഉണ്ടാവണം എന്നുള്ളതാണ് ഉദ്ദേശിക്കുന്നത് .

11. അധ്യാപികയായിരുന്നു. ഒരുപാട് മിടുക്കികളായ പെൺകുട്ടികളെ കണ്ടിട്ടുണ്ട്. നല്ല വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളെ നമ്മൾ പിന്നീട് മുഖ്യധാരയിൽ കാണാറില്ല. മിടുക്കികളായ പലരും എവിടെപ്പോയി എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ ?

അത് ഒരു വസ്തുനിഷ്ഠ യാഥാർഥ്യമാണ്.ഏറ്റവും മിടുക്കികൾ ആയിട്ട് നമുക്ക് കോളേജുകളിൽ കാണാൻ സാധിക്കുന്നവർ വിവാഹം കഴിച്ചു പോകുന്നതോടുകൂടി കുടുംബം എന്ന പരിമിത വൃത്തത്തിനുള്ളിൽ ചുരുങ്ങി പോവുകയാണ്. പുറത്തുപോയി ജോലി ചെയ്യുന്നവർ ഉണ്ടാകാം.
അങ്ങനെയാണെങ്കിൽ തന്നെ അവർ രണ്ടറ്റവും കത്തുന്ന മെഴുകുതിരി പോലെയാണ്.

ജോലി ചെയ്യുന്ന സ്ഥലത്തെ ചുമതലകളും കുടുംബത്തെ പ്രവൃത്തികളും കഴിഞ്ഞിട്ട് അവർക്ക് അവരുടെ സർഗാത്മകമായ കഴിവുകൾ ആവിഷ്ക്കരിക്കാൻ കഴിയില്ല. പലപ്പോഴും വിവാഹത്തോടെ, നല്ലതുപോലെ പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന കുട്ടികൾക്ക് അവസാനിപ്പിക്കേണ്ടത് ആയി വരുന്നു.അതുപോലെ പല രീതിയിലുള്ള കാര്യക്ഷമതയും മിടുക്കും പ്രദർശിപ്പിച്ചിരുന്ന ഒരുപാട് കുട്ടികൾ കല്യാണം കഴിയുന്നതോടുകൂടി ഒതുങ്ങിപ്പോകുന്ന ഒരു സ്ഥിതി വിശേഷവും വളരെയധികം കാണാൻ സാധിച്ചിട്ടുണ്ട് .

വിവാഹം കുടുംബം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമ്മുടെ സമൂഹത്തിലുള്ള സാമ്പ്രദായിക ധാരണകളാണ് അതിന് കാരണം. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ പങ്കു വയ്ക്കപ്പെടുകയാണെങ്കിൽ സ്ത്രീകൾക്ക് കുറച്ചുകൂടി കാര്യങ്ങൾ ചെയ്യാൻ പറ്റും. ഇപ്പോൾ മനുഷ്യജീവിതത്തിലെ എല്ലാ കർമ്മ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം നമുക്ക് കാണാം.പക്ഷേ ഇപ്പോൾ പറഞ്ഞ പോലെ ഒരുപാട് സമർത്ഥരായ കുട്ടികൾ പിന്നീട് കുടുംബിനികൾ ആയി ഒതുങ്ങിപ്പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും.

എഞ്ചിനീയറിംഗ് ഒക്കെ പഠിക്കുന്ന കുട്ടികൾ എത്ര പണമാണ് ചെലവാക്കുന്നത്. പക്ഷേ അവർ ജോലി ചെയ്യാതെ അമ്മമാർ മാത്രമായിട്ട്
കഴിഞ്ഞുകൂടുകയാണ് .ആ രീതിക്ക് നമുക്ക് മാറ്റം ഉണ്ടാക്കാൻ കഴിയണം. കുടുംബത്തിനകത്ത് ജനാധിപത്യം പ്രധാനപ്പെട്ട ഒരു കാര്യമാണ്.
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ പങ്കിടാൻ തയ്യാറുള്ള ഒരു മനസ്സ് എല്ലാ കുടുംബാംഗങ്ങൾക്കും ഉണ്ടാകണം. എങ്കിൽ മാത്രമേ ഒരു മാറ്റം കൊണ്ടുവരാൻ നമുക്ക് സാധിക്കുകയുളളൂ. കുടുംബത്തിൻറെ ഒരു സ്വകാര്യ മണ്ഡലം പൊതുമണ്ഡലമാകണം. ഗാർഹിക മണ്ഡലമാണ് സ്ത്രീയുടേത് എന്ന ചിന്ത മാറ്റി കൊടുക്കണം. എങ്കിലേ മാറ്റം ഉണ്ടാവുകയുള്ളൂ.

12. സ്ത്രീധന മരണങ്ങൾ (ആത്മഹത്യകൾ ) വളരെ കൂടുതലായി ഈ അടുത്ത കാലങ്ങളിൽ കണ്ടു വരുന്നു. അവരിൽ പലരും വിദ്യാഭ്യാസമുള്ളവരാണ്. എങ്ങനെ പ്രതികരിക്കണം. എന്തിനോട് പ്രതികരിക്കണം. എന്നൊരു തിരിച്ചറിവ് ഇപ്പോഴും കൃത്യമായി അവർക്ക് കിട്ടുന്നില്ല .എന്തുകൊണ്ടാണ് പെൺകുട്ടികൾ ഈ രീതിയിലേയ്ക്ക് മാറുന്നത്.

ഈയിടെ മരണപ്പെട്ട രണ്ടു കുട്ടികളുടെ വീടുകളിൽ പോയി.മൊഫിയ പർവീൺ, വിസ്മയ ഇവരൊക്കെ വളരെ ടാലന്റഡ് കുട്ടികളാണ്.നന്നായി പഠിക്കുകയും കലാകായിക പരിപാടികളിൽ പങ്കെടുക്കുകയും ഏറ്റവും മികവാർന്ന കലാപ്രകടനം നടത്തുകയും ചെയ്യുന്ന കുട്ടികളായിരുന്നു.അതാണ് ഞാൻ ഏറ്റവുമധികം ശ്രദ്ധിച്ചത്.

തിരിച്ചറിവുള്ള കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ നിരാശ ഇത്തരം അനുഭവങ്ങളിൽ നിന്നും ഉണ്ടാകുന്നത്. സ്ത്രീധനം എന്നുപറയുന്ന സമ്പ്രദായം മോശപ്പെട്ട അവസ്ഥയിലാണ് അവരെ ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീധനം മാത്രമല്ല അതി യാഥാസ്ഥിതികമായ കുടുംബവുമായി ബന്ധപ്പെട്ട ചട്ടക്കൂട് പൊളിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

വിദ്യാസമ്പന്നരായ യുവതികൾ അവരുടെ വീടുകളിൽ നിന്ന്, അറുപിന്തിരിപ്പൻ ആയിട്ടുള്ള ജീവിതസാഹചര്യം ഉള്ള കുടുംബത്തിലേക്ക് കല്യാണം കഴിച്ചു ചെല്ലുന്നു.അതോടു കൂടി അവരുടെ എല്ലാ സാധ്യതകളും മങ്ങി മുരടിച്ചു പോവുകയാണ്. അവസാനം വലിയ നിരാശയിലേക്ക് പോകുന്നു.പിന്നീട് ആത്മഹത്യയിലേക്കും. അതിനൊപ്പം ആണ് ഈ സ്ത്രീധന വിഷയവും കടന്നുവരുന്നത്. ഇത്തരം കാര്യങ്ങളിൽ വലിയ രീതിയിലുള്ള പുനഃപരിശോധന ആവശ്യമാണ്.

പെൺകുട്ടികൾക്ക് കുറച്ചുകൂടി തന്റേടം ഉണ്ടാകേണ്ടതുണ്ട്. തന്റേടം എന്നുപറഞ്ഞാൽ തന്റേതായ ഇടം തന്നെയാണ്. അവളുടെ സ്പെയ്സ് അനുവദിച്ചുകൊടുക്കാൻ, കുടുംബങ്ങളിലുള്ളവർക്ക് മനസ്സുണ്ടാകണം. കല്യാണം കഴിച്ചു പോകുന്ന വീടും അങ്ങനെ സജ്ജമാക്കണം .

പൊതുബോധത്തിൽ മാറ്റമുണ്ടാകണം. സ്ത്രീകളും മനുഷ്യരാണ് എന്ന് അംഗീകരിക്കുന്ന, സ്നേഹമുള്ള ,സമത്വമുള്ള, സൗഹാർദം ഉള്ള അന്തരീക്ഷമാണ് കുടുംബങ്ങളിൽ ഉണ്ടാകേണ്ടത് .ഇപ്പോൾ നമ്മുടെ കുടുംബങ്ങൾ ആധിപത്യത്തിൽ അധിഷ്ഠിതമാണ്. അധികാര പ്രയോഗങ്ങളാണ് അവിടെ നടക്കുന്നത്. അതിനുപകരം സ്നേഹത്തിന്റേയും പരസ്പരം മനസ്സിലാക്കലിന്റേയും വേദികൾ ആകണം. കുടുംബങ്ങൾ ജനാധിപത്യപരം ആകണം. അപ്പോൾ ആർക്കും ആത്മഹത്യ ചെയ്യേണ്ടി വരില്ല.

13. സ്കൂളുകളിൽ യൂണിഫോമിൽ വരുത്തിയ മാറ്റം.വസ്ത്രധാരണത്തിലെ ഏകീകരണം. ജെൻഡർ ന്യൂട്രൽ.. അതേക്കുറിച്ചുള്ള അഭിപ്രായം..

കുട്ടികളിൽ വിവേചനം ഉണ്ടാക്കുന്നത് ആദ്യമേ ഈ വസ്ത്രധാരണത്തിലൂടെയാണ് .കുട്ടികൾ ജനിച്ചു വീഴുമ്പോൾ അവർ ഉടുപ്പ് ഇടാറില്ലല്ലോ.ഒരേ പോലത്തെ ഡ്രസ്സ് ധരിപ്പിച്ചാണ് നമ്മൾ ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ വീടുകളിലേക്ക് കൊണ്ടുവരുന്നത്. പക്ഷേ ആറു മാസമാകുന്നതോടു കൂടി രണ്ടു തരത്തിലുള്ള വസ്ത്ര രീതിയിലേക്ക് മാറുന്നു.

നീ പെണ്ണാണ് എന്ന് നമ്മൾ ഓർമിപ്പിക്കുകയാണ് . പുരുഷന്
സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിപ്പിക്കുന്നു, സ്ത്രീകൾക്കാണെങ്കിൽ സൗന്ദര്യാധിഷ്ഠിതമായ വസ്ത്രങ്ങളാണ് ധരിപ്പിക്കുന്നത്. മറ്റുള്ളവർക്ക് കാണാൻ ഭംഗി ഉണ്ടാകണം. നമ്മുടെ സൗകര്യത്തിന് ഒരു വിലയുമില്ല. ആ രീതിയിലുള്ള വസ്ത്രധാരണമാണ് സ്ത്രീക്ക് കൊടുക്കുന്നത്. ഇത് എല്ലാ സമൂഹങ്ങളിലും പരിശോധിച്ചാൽ കാണാൻ സാധിക്കും.

പെൺകുട്ടികൾ സൗന്ദര്യാധിഷ്ഠിതവും ആൺകുട്ടികൾ സൗകര്യാധിഷ്ഠിതവുമായ വസ്ത്രങ്ങൾ ധരിക്കണം എന്നതാണ് കാഴ്ചപ്പാട്. സ്ത്രീകൾ മറ്റുള്ളവർക്ക് കാണാൻ വേണ്ടിയുള്ളത് എന്നുള്ള ഒരു കാഴ്ചപ്പാടും. വസ്ത്രധാരണ രീതിയിൽ പുരുഷമേധാവിത്വം കാണപ്പെടുന്നതാണ്.

സ്കൂളുകളിൽ ആൺകുട്ടികൾ പാൻ്‍റും ഷർട്ടും ഉപയോ​ഗിക്കുമ്പോൾ അവർക്ക് ചലന പരിമിതിയില്ല. പെൺകുട്ടികൾ പാവാട ധരിക്കുമ്പോൾ അത് കാറ്റത്ത് പറന്നു പോകുന്നു. ഇതൊക്കെ അനുഭവിച്ചുകൊണ്ട് തന്നെയാണ് പെൺ കുട്ടികൾ കൈകാര്യം ചെയ്യുന്നത് .വസ്ത്ര ധാരണത്തിൽ ഏകീകരണം വരുന്നതോടെ ആൺ-പെൺ എന്ന വ്യത്യാസം ആ വസ്ത്രധാരണത്തിലൂടെ ഇല്ലാതായി തീരുകയാണ്.

വളർന്നുവരുന്ന കുഞ്ഞിന്റെ മനസ്സിലേക്ക് ആദ്യം ഒരു വിവേചന ചിന്ത കൊണ്ടുവരുന്ന കാര്യമാണ് വസ്ത്രധാരണം എന്ന് പറയുന്നത് .പിന്നീട് നമ്മൾ കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കുമ്പോൾ പോലും ഈ വ്യത്യാസം കാണപ്പെടും. ആൺകുട്ടികൾക്ക് തോക്കും കാറും വാങ്ങിച്ചു കൊടുക്കും. പെൺകുട്ടികൾക്ക് കിച്ചൻ സെറ്റും ബാർബി പാവകളും ആണ് വാങ്ങുന്നത്.

അച്ഛനും അമ്മയും തന്നെയാണ് ഈ വ്യത്യാസം മക്കളിൽ ഉണ്ടാക്കുന്നത്. എന്തിനാണ് തോക്ക്.. നശീകരണത്തിന് ഉപയോഗിക്കുന്ന ഒരു സാധനമാണ് തോക്ക്. മറുവശത്ത് പെൺകുട്ടിക്ക് കിച്ചൻ സെറ്റും ബാർബി പാവയും. കുട്ടികളെ നോക്കലും അടുക്കളപ്പണിയും അതാണ് നിൻറെ ഭാവിയിലെ റോൾ എന്ന് രണ്ടുമൂന്നു വയസ്സുള്ള കുട്ടിയോട് പറയുകയാണ്. അങ്ങനെ കളിപ്പാട്ടങ്ങളിൽ പോലും ഈ വ്യത്യാസം ഉണ്ടാകുന്നു.

സമൂഹ നിർമ്മിതമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ല. വിദേശരാജ്യങ്ങളിൽ ഗവേഷണം ചെയ്യുന്ന സ്ത്രീകൾ പാൻറും ഷർട്ടുമാണ് ഉപയോഗിക്കുന്നത്. അവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ .സ്വതന്ത്രമായി മൂവ് ചെയ്യാൻ സഹായിക്കുന്ന വസ്ത്രം. അതാണ് വേണ്ടത്. പിന്നെ ശീലങ്ങളുടെ പ്രശ്നവുമുണ്ട്.

കോളേജുകളിൽ അധ്യാപകർ സാരി ഉടുക്കണം എന്ന് പറയുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല.യുവ അധ്യാപികമാരുടെ ആവശ്യം മുൻനിർത്തി സാരിയിൽ നിന്ന് ചുരിദാറിലേക്കുള്ള മാറ്റം കൊണ്ടുവന്നു .സാരി അവരുടെ ചലനത്തെ പരിമിതപ്പെടുത്തുന്നു എന്ന് തോന്നുന്നു. അതിനാലാണ് ചുരിദാറിലേക്ക് മാറിയത്. ചുരിദാർ എന്നുപറയുന്ന വസ്ത്രത്തിന് യാതൊരു അപാകതയും ഇല്ലല്ലോ. അത് അനുവദിക്കുന്നുണ്ട്. എന്താണ് കുഴപ്പം.
കേരളീയ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിൽ എല്ലാവരും മുണ്ട് ഉടുത്താൽ മതിയല്ലോ.

14. കുടുംബശ്രീ പോലുള്ള പെൺ കൂട്ടായ്മകൾ..

കുടുംബശ്രീ വലിയൊരു മാറ്റമാണ് സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. ഒരു നിശബ്ദ വിപ്ലവം തന്നെയാണ് കുടുംബശ്രീ കാഴ്ചവച്ചിട്ടുള്ളത്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ അണിനിരക്കുന്ന വലിയൊരു പ്രസ്ഥാനമാണ് കുടുംബശ്രീ. സ്ത്രീശാക്തീകരണത്തിന് ഉത്തമമാതൃകയാണ് കുടുംബശ്രീ. സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ കുടുംബശ്രീ കൂട്ടായ്മകൾക്ക് സാധിച്ചു. ഇത്രയുമൊക്കെ സ്ത്രീകൾക്കായി നടപ്പിലാക്കുമ്പോഴും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമുക്ക് കഴിയണം.

കുടുംബശ്രീയുടെ പ്രവർത്തനത്തിൽ ഇനിയും മാറ്റം വരുത്തേണ്ടതുണ്ട്. കുടുംബശ്രീ മുഖേന പ്രാദേശിക തരത്തിലുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് എത്തി എന്നത് നമുക്ക് മറക്കാൻ കഴിയില്ല. സ്ത്രീകളുടെ ആത്മവിശ്വാസം, കാര്യപ്രാപ്തി, നേതൃപാടവം എന്നിവ വർദ്ധിപ്പിക്കുന്നതിന് കുടുംബശ്രീ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

വരുമാനദായകമായ തൊഴിലിലേക്ക് പോകാൻ സ്ത്രീകൾക്ക് സാധിച്ചു. ഇത്തരം തൊഴിൽദായക സമ്പ്രദായങ്ങൾ മുന്നോട്ടു കൊണ്ടുവരാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കണം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. കുടുംബശ്രീയുടെ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

15. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പകുതി സീറ്റുകൾ സ്ത്രീസംവരണമാണല്ലോ. സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തുന്നതിൽ ഈ പ്രാതിനിധ്യം എത്രകണ്ട് പങ്ക് വഹിക്കുന്നു ? നിയമ നിർമാണ സഭകളിലുൾപ്പെടെ ഇതേപോലെ സംവരണം ആവശ്യമല്ലേ ? എന്താണ് നിലപാട് ?

നേതൃത്വ ശേഷിയുള്ള നിരവധി സ്ത്രീകൾ പ്രാദേശികതലത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അവർക്ക് നാടിന്റെ വികസന പ്രക്രിയ എന്താണെന്ന് തിരിച്ചറിയാനും അതിനായി ഇടപെടൽ നടത്താനും കഴിഞ്ഞു. പഞ്ചായത്ത് അധ്യക്ഷ ആയിട്ട് ഒക്കെ വന്ന സ്ത്രീകൾ എന്താണ് വികസന പ്രക്രിയ എന്ന് മനസ്സിലാക്കി കൊണ്ട്, സ്ത്രീകൾക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഇടപെട്ട് പ്രവർത്തിക്കാൻ ശേഷിയുള്ളവർ ആയി
വളർന്നു വന്നു .

പക്ഷേ ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾ ആയിട്ട് ഇന്ത്യയിലെ പൊതുസമൂഹത്തിന് മുൻപിൽ വനിതാ സംഘടനകൾ ഉയർത്തുന്ന,
സ്ത്രീ സംവരണത്തിനു വേണ്ടിയുള്ള മുദ്രാവാക്യം, നിയമനിർമാണ സഭകളിൽ 33 ശതമാനം വനിതാസംവരണം എന്ന ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നുള്ളത് ഇന്ത്യയിൽ പുരുഷമേധാവിത്വം എത്ര ശക്തമായാണ് നിലനിൽക്കുന്നത് എന്നതിന്റെ തെളിവാണ്.നയരൂപീകരണ വേദിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതുണ്ട്.

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവർക്കായി ഫലപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള നിയമനിർമാണങ്ങൾ നടത്തുന്നതിനൊക്കെ അസംബ്ലിയിലും പാർലമെൻറിലും ഉള്ള സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് കഴിയും എന്നുള്ളത് വസ്തുനിഷ്ഠമായ കാര്യമാണ്. സഖാവ് സുശീലാ ഗോപാലൻ കേരള നിയമസഭയിൽ അവിവാഹിതരായ സ്ത്രീകളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് 50 വയസ്സു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതി കേരളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞത്.

വനിതാ കമ്മീഷൻ ആയാലും കുടുംബകോടതി ആയാലും അതൊക്കെ തന്നെ വനിതാ സംഘടനകളുടെ ആവശ്യ പ്രകാരവും അസംബ്ലിയിലും പാർലമെൻറിലുമുള്ള വനിതാപ്രാതിനിധ്യത്തിന്റെ ഇടപെടൽ കൊണ്ടുമാണ് സാധിച്ചതെന്ന കാര്യം എവിടെയും പരിശോധിക്കാവുന്നതാണ്. സാമൂഹ്യമായി പിൻ നിലയിൽ നിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് നിയമനിർമാണ സഭകളിൽ സാന്നിധ്യം വർദ്ധിപ്പിക്കേണ്ടതുണ്ട് .അത് വളരെ അനിവാര്യമായിട്ടുള്ള കാര്യമാണ്. ഈ പിൻ നില മുറിച്ചുകടക്കാൻ കഴിയണം. പാർലമെൻറിനെ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നാണ് നമ്മൾ വിളിക്കുന്നത്.

പക്ഷേ അവിടുത്തെ സ്ത്രീപ്രാതിനിധ്യം എക്കാലത്തും 11 ശതമാനം മാത്രമാണ്. കേരള നിയമസഭയിൽ 11 പേരാണ് വനിതകൾ ആയിട്ടുള്ളത്. അധികാര ശ്രേണിയിൽ സ്ത്രീകളുടെ സാന്നിധ്യം ഇല്ലായ്മ അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് നിയമനിർമ്മാണ സഭകളിൽ നിന്ന് അവരെ ഒഴിവാക്കി നിർത്തുന്ന പ്രവണത. അത് തിരുത്തി കുറയ്ക്കണമെങ്കിൽ വനിതാസംവരണം കൂടിയേതീരൂ.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ സംവരണം എത്രകണ്ട് പ്രയോജനപ്രദമാണ് എന്നത് മനസ്സിലാക്കാനുള്ള അവസരം നമ്മുടെ സമൂഹത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോലെതന്നെ നിയമസഭകളിലും പാർലമെൻറിലും സ്ത്രീകളുടെ സംവരണം, സ്ത്രീകളുടെ പ്രാധാന്യം വർധിപ്പിക്കേണ്ടത് സാമൂഹ്യപരമായി സ്ത്രീകളെ പിന്നാക്കാവസ്ഥയിൽ നിന്ന് മുൻപന്തിയിലേക്ക് കൊണ്ടുവരാൻ ഏറെ സഹായകമാകും എന്നതിൽ യാതൊരു സംശയവുമില്ല.

16. സ്ത്രീകൾ നേരിടുന്ന സൈബർ അറ്റാക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു അതേക്കുറിച്ച്…?

പൊതു മണ്ഡലത്തിൽ സ്ത്രീകൾ പൊതുവേ പലരീതിയിൽ ആക്രമിക്കപ്പെടുന്ന കാഴ്ചയാണുള്ളത്. സ്ഥിരമായി ഇത് ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് നമുക്കുചുറ്റും. അതുപോലെ തന്നെയാണ് സൈബർ പൊതുവിടം എന്നു പറയുന്നതും.

സൈബർ മേഖലയിൽ ചിന്താശേഷിയുള്ള, അത്യാവശ്യം ബോധനിലവാരം ഉള്ള സ്ത്രീകൾ എഴുതുകയും ആശയ ആവിഷ്ക്കാരം നടത്തുകയും ഒക്കെ ചെയ്യുമ്പോൾ ചിലർക്ക് അസഹിഷ്ണുതയാണ്. അതിന്റെ ഭാ​ഗമാണ് അത്തരം കുറിപ്പുകൾ പങ്കു വയ്ക്കുന്ന സ്ത്രീകളോട് ചിലർ അസഭ്യ വർഷം നടത്തുന്നത്.

അതി ജീർണമായ സാംസ്കാരിക തരംഗങ്ങൾ ഉണ്ട് സൈബർ ഇടങ്ങളിൽ.സൈബർ നിയമങ്ങൾ ഉപയോഗിച്ച് തന്നെ ഇത്തരം അതി ജീർണമായ പ്രവണതകളെ പ്രതിരോധിക്കണം. അതിന് തന്റേടത്തോടെ സ്ത്രീകൾ മുന്നോട്ടു വരണം.

17. തന്റെ വകുപ്പിൽ നടപ്പിലാക്കുന്നതും നടപ്പിലാക്കിയതുമായ കാര്യങ്ങളെക്കുറിച്ച് മന്ത്രി..

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വളരെ സമൂലവും സമഗ്രവുമായ പരിവർത്തനം ഉണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.അതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

കാലഹരണപ്പെട്ട പരീക്ഷാ സമ്പ്രദായങ്ങൾ പരിഷ്കരിക്കുന്നതിന് ഒരു പരീക്ഷാ പരിഷ്കരണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട് .ഇപ്പോൾ സർവകലാശാലകളും കോളേജുകളും ഒക്കെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പുനഃപരിശോധിക്കുന്നതിന് ഒരു നിയമ പരിഷ്കരണ കമ്മീഷനേയും നിയോഗിച്ചിട്ടുണ്ട്. ഈ മൂന്നു കമ്മീഷനുകളും അവരുടെ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് .ആ നിർദ്ദേശങ്ങൾ ഒക്കെ പ്രാവർത്തികമാകുന്നതോടു കൂടി വലിയ പരിവർത്തനമാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ ഉണ്ടാവാൻ പോകുന്നത്.

ഇന്നത്തെ ആഗോള സാഹചര്യത്തിൽ ലോകം മുന്നോട്ടുവയ്ക്കുന്ന എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ നമ്മുടെ യുവതലമുറയെ സജ്ജമാക്കുക എന്നതാണ്, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നമ്മൾ ഏറ്റെടുക്കുന്ന കാര്യം. വിവര വിസ്ഫോടനത്തിന്റെ യുഗമാണ്. അതിവേഗത്തിൽ സാങ്കേതികവിദ്യ വൈജ്ഞാനിക മേഖലയിൽ മാറ്റങ്ങൾ കൊണ്ടു വരികയാണ്. അതൊക്കെ മനസ്സിലാക്കാനും അതിനനുസരിച്ച് സ്വയം മാറാനും നമ്മുടെ വിദ്യാർഥികൾക്ക് കഴിയുന്ന വിധത്തിലുള്ള ഏറ്റവും ആധുനികമായ സംവിധാനങ്ങൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാകണം.

നമ്മുടെ പഠന രീതികളിൽ മാറ്റം ഉണ്ടാകണം. അതിന് ആവശ്യമായ സമീപനമാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത് .ഒരേ സന്ദർഭത്തിൽ അക്കാദമികമായിട്ടുള്ള ഗുണമേന്മയും അടിസ്ഥാന സൗകര്യ വികസനവും സാധ്യമാകണം എന്ന് ഉദ്ദേശിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് . അതിനായി കിഫ്ബിയിലൂടെയും സംസ്ഥാനത്തെ പദ്ധതിവിഹിതം ഉപയോഗിച്ചും ഏറ്റവും പുതിയ സംവിധാനങ്ങളുള്ള ലബോറട്ടറികളും ഒക്കെ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു ജേർണൽ കൺസോർഷ്യം, മികച്ച ജേർണലുകളുടെ ഒരു സമാഹാരം ഇപ്പോൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ലൈബ്രറികളുടെ ഡിജിറ്റലൈസേഷൻ ഏറ്റെടുക്കാൻ പോകുകയാണ്. പുതുതലമുറയ്ക്ക് ഉള്ള കോഴ്സുകൾ കൂടുതലായി നൽകാൻ കഴിയുന്ന ശ്രമത്തിലാണ്.ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരികയാണ്.

ലോകോത്തരമായ ചില സ്ഥാപനങ്ങളും ഇവിടെ സാക്ഷാത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.ഏറ്റവും പുതിയ വിജ്ഞാന മേഖലകളിലെ പരീക്ഷണത്തിനായി ഗവേഷണം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.അത്തരം ഒരുപാട് പദ്ധതികൾ മുന്നോട്ട് വച്ചിട്ടുണ്ട് .

സാമൂഹ്യനീതി ആണ് മറ്റൊരു വകുപ്പ്. ഭിന്നശേഷി വിഭാഗക്കാർ, ട്രാന്സ്ജെന്ഡേഴ്സ്, വയോജനങ്ങൾ ഇവർക്കൊക്കെ ഉള്ള ക്ഷേമ പരിപാടികൾ വകുപ്പ് ആവിഷ്കരിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി എല്ലാ ജില്ലകളിലും പ്രത്യേക പദ്ധതികൾ.

വയോജനങ്ങൾക്ക് വേണ്ടി വയോജന പാർക്കുകൾ ,വയോജന കോൾ സെൻററുകൾ എന്നിവ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നുണ്ട് .സഹജീവനം എന്ന പേരിൽ വാതിൽ പടിക്കൽ സേവനം എത്തിക്കുന്നു. ഭിന്നശേഷി വിഭാഗത്തിനു വേണ്ടി പ്രത്യേക വോളണ്ടിയർമാരെ നിയോഗിച്ച് ആണ് പരിപാടികൾ നടത്തുന്നത്. വാർഡുകൾ തോറും വയോജന ക്ലബ്ബുകൾ രൂപീകരിക്കും. ഭിന്നശേഷി പുനരധിവാസത്തിന് ഇപ്പോൾ തന്നെ നിരവധി പദ്ധതികൾ ഉണ്ട്. അതെല്ലാം നല്ല നിലയിൽ മുന്നോട്ടു പോകുന്നു.

നിപ്മർ, നിഷ് എന്നീ രണ്ടു സുപ്രധാന സ്ഥാപനങ്ങൾ ഭിന്നശേഷി മേഖലയിലുള്ളവർക്കായി പ്രവർത്തിക്കുന്നു.ഒരുപാട് സഹായസഹകരണങ്ങൾ ഭിന്നശേഷി വിഭാഗത്തിനായി നൽകിവരുന്നുണ്ട്. ചെവി കേൾക്കാൻ സാധിക്കാത്ത കുട്ടികൾക്കായി കോക്ലിയാർ ഇംപ്ലാന്റേഷൻ,അവയവ ശസ്ത്രക്രിയയ്ക്കായി പ്രത്യേക പദ്ധതി, ട്രാൻസ്ജെൻഡേഴ്സിന് തൊഴിലിനും വിദ്യാഭ്യാസത്തിനും താമസത്തിനും കലാ പോഷണത്തിനും ഒക്കെ ഉള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

18. ആത്മവിശ്വാസം ഉള്ള പെൺകുട്ടികൾ ആയി നമ്മുടെ പുതു തലമുറ വളർന്നു വരണം…അതിനായി വനിതാ ദിനത്തിൽ മന്ത്രി നൽകുന്ന സന്ദേശം

സമൂഹത്തിൽ പകുതിയിലധികം വരുന്ന സ്ത്രീകൾക്ക് സാമൂഹ്യമായ തുല്യപദവി ഉണ്ട് എന്നുള്ളത് ആദ്യം അവർ തന്നെ മനസ്സിലാക്കേണ്ടതാണ്. അധഃസ്ഥിതരുടെ ആത്മവിശ്വാസത്തെ ഉണർത്തിക്കൊണ്ട് മുന്നേറണം. സ്ത്രീകൾക്ക് സ്വയം തിരിച്ചറിവുണ്ടാകണം. ആത്മബോധം ഉണ്ടാകണം.
താൻ ആരാണ്, സമൂഹത്തിൽ തൻറെ റോൾ എന്താണ്, എന്നത് കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് അത് ആവിഷ്കരിക്കാൻ അവർക്ക് കഴിയണം.

തന്റേതായ ഇടം കണ്ടെത്തുന്നതോടൊപ്പം നേതൃത്വപരമായ ശേഷിയിലേക്ക് കേരളത്തിലെ സ്ത്രീകൾ മുന്നേറണം. ഗുണാത്മകമായ മാറ്റം സമൂഹത്തിൽ ഉണ്ടാക്കാനുള്ള കഴിവിനൊപ്പം ,കർമ്മശേഷിയുള്ള സ്ത്രീകളായി പുതിയ പെൺകുട്ടികൾ മാറണം .നമ്മൾ ജീവിക്കുന്ന സമൂഹത്തെ ഏറ്റവും ഗുണപരമായ ഒന്നാക്കി മാറ്റിത്തീർക്കാനുള്ള ഇടപെടൽ ശക്തിപ്പെടുത്താൻ ശേഷിയുള്ളവർ ആയി വനിതകൾ മാറണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News