ഭാവന തുറപ്പിക്കുന്ന കണ്ണുകൾ…

‘ഞാന്‍ ഇരയല്ല, അതിജീവിത’ ഭാഷയും ദേശവും കടന്ന് ജനത ഒന്നടങ്കം ഏറ്റെടുത്ത വാക്കുകളാണിത്. വനിതാ ദിനം തൊട്ടരികെ നിൽകുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തലയുയർത്തി ഒരു പെണ്ണ് പറയുന്ന കാഴ്ചയാണ് നാടും സോഷ്യൽ മീഡിയയും കണ്ടത്.

മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിൽ(6-3-2022) നടി ഭാവന 2017 ഫെബ്രുവരിൽ തന്റെ ജീവിതത്തെ തലകീഴായി മറിച്ച സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

”ഞാനാകെ തകര്‍ന്നു പോയി. ആയിരം കഷ്ണങ്ങളായി മുറിഞ്ഞു പോകുന്നത് പോലെ തോന്നി. കഷ്ടപ്പെട്ട് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിൽ നിന്നും വളരെ മോശമായ കമന്റുകൾ കേള്‍ക്കുന്നത് എന്നെ വീണ്ടും വീണ്ടും തളര്‍ത്തി. ചിലപ്പോള്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് അലറി വിളിക്കാന്‍ തോന്നും”.

ഒരു മനുഷ്യനെ തകർക്കാൻ പറ്റുന്നതിന്റെ അങ്ങേയറ്റം സമൂഹം തളർത്തി എന്നത് ഭാവനയുടെ വാക്കുകളിൽ വ്യക്തമാണ്. ഇരയാണ്, ഇരയാക്കപ്പെട്ടവളാണ് എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുമ്പോൾ, പൊതുവിടങ്ങളിലും ചാനൽ ചർച്ചകളിലും അവളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമ്പോൾ ഒരു വ്യക്തി അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് ആരും ഓർത്തിരുന്നില്ല. കടന്ന് പോയ നീണ്ട 5 വർഷത്തെ മെന്റൽ ട്രോമയെ പറ്റി അവളുടെ അതിജീവനത്തെ കുറിച്ച് പോരാട്ടത്തെ കുറിച്ചാണ് ഭാവന പ്രതികരിച്ചത്. ഇനിയും മുഖം ചുളിക്കുന്നവർക്ക് കണ്ണടയ്ക്കാം.

ഭാവനയുടെ തുറന്നുപറച്ചിലിനെ കേരളത്തിലെ മീ ടൂ മൂവ്മെന്റിന്റെ പുതിയ ഘട്ടം എന്നു തന്നെ പറയാം.2022 ജനുവരി പത്തിന് ഇൻസ്റ്റാഗ്രാം സ്റ്റോറിയയായി ഭാവന കുറിച്ച വാക്കുകൾ അത്രപെട്ടെന്ന് മറക്കാനാവില്ല. ‘ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച കുറിപ്പ് മീ ടൂ മൂവ്മെന്റിന്റെ പുതിയ മുഖം തന്നെയായിരുന്നു.

മീ ടൂ ചരിത്രത്തിലൂടെ….

സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ കുറിച്ച് തുറന്നുപറയാനായി നവമാധ്യമങ്ങളിൽ തുടങ്ങിയ ക്യാമ്പയിനാണ് മീ ടു . ഹോളിവുഡിനെ ചുവടുപിടിച്ചാണ് ഇന്ത്യയിലേക്കും മീ.ടു ക്യാമ്പയിന്‍ പടര്‍ന്നുപിടിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിൽ അതിന്റെ വ്യാപ്തിയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതായിരുന്നു മീ.ടുവിന്റെ ലക്ഷ്യം. ഇതോടെ എല്ലാ സ്ത്രീകളും തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ തുറന്നുപറയാനുള്ള വേദിയായി മീ.ടു വിനെ കണ്ടുകൊണ്ട് തങ്ങളുടെ അനുഭവങ്ങള്‍ ലോകത്തോട് തുറന്നടിച്ചു.

2017 ഒക്ടോബര്‍ 15 ന് അമേരിക്കന്‍ നടി അലിസാ മിലാന തന്റെ ട്വിറ്റര്‍ പേജില്‍ മീ.ടു എന്ന ഹാഷ്ടാഗ് ഉള്‍പ്പെടുത്തി പോസ്റ്റിട്ടതോടെയാണ് ലോകത്തെ ഞെട്ടിച്ച മീ ടൂ ക്യാമ്പെയ്നിന്റെ തുടക്കം. അലിസായുടെ പോസ്റ്റ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ ഏറ്റെടുത്തു. 24 മണിക്കൂറിനുള്ളിൽ 4.7 ദശലക്ഷം ആളുകള്‍ മീ.ടു ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അലിസാ മിലാന

മീ.ടു തരംഗമായത് അലിസാ മിലാനയുടെ ട്വീറ്റോടെയാണെങ്കിലും ആ ടാഗ് ആദ്യമായി ഉപയോഗിക്കപ്പെട്ടത്, അതിനും 11 വര്‍ഷം മുമ്പേയാണ്. പൗരാവകാശ പ്രവര്‍ത്തകയും ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയുമായ തരാനാ ബൂര്‍ക്കാണ് ആ ടാഗ് ലൈനിന്റെ ഉപജ്ഞാതാവ്.

തരാന ബൂര്‍ക്ക

ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച് ചരിത്രമുള്ള തരാന ബൂര്‍ക്ക തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് ശക്തിയേകാനും പിന്തുണയേകാനുമാണ് 2006-ൽ മീ.ടു ക്യാമ്പയിൻ അവതരിപ്പിച്ചത്.

ലോകരാജ്യങ്ങൾ മീ ടൂവിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ തന്നെയിരുന്നു ഇന്ത്യയിലും മീ.ടു ക്യാമ്പയിനിന്റെ ആവിർഭാവം അമേരിക്കയിൽ അഭിഭാഷകയായ റായസര്‍ക്കാര്‍ 2017 നവംബറിൽ ഇന്ത്യയിലെ അക്കാദമിക് മേഖലയിലെ എഴുപതോളം ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുകയും അവര്‍ നടത്തിയെന്നു പറയപ്പെടുന്ന ലൈംഗികാതിക്രമങ്ങളുടെ വിശദവിവരങ്ങളും പുറത്തുവിടുകയുമുണ്ടായി.

റായസര്‍ക്കാര്‍

എന്നാൽ മീ.ടൂവിനെതിരെ ഇന്ത്യയിലെ തന്നെ സ്ത്രീവാദ പ്രവര്‍ത്തകരിൽ പലരും രംഗത്ത് വന്നു. റായ പുറത്തുവിട്ട പട്ടികയുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ആ വാദങ്ങള്‍.ഇന്ത്യയിലെ പ്രവാസികള്‍ക്കിടയിൽ ഉണ്ടായ അഭിപ്രായഭിന്നതകള്‍ ഇന്ത്യയിലെ മീ.ടു മുന്നേറ്റത്തെ ആദ്യഘട്ടത്തിൽ പിന്നാക്കം വലിച്ചുവെങ്കിലും പിന്നീട് മീ.ടൂ ശക്തമായി മുന്നേറിയിരുന്നു.

തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് പ്രചോദനമായ മീ.ടു ക്യാമ്പെയിൻ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി 2017-ല്‍ ടൈം മാസിക തെരഞ്ഞെടുത്തു. ‘നിശബ്ദത ഭേദിച്ചവര്‍’ എന്നാണ് മീ.ടൂ ക്യാമ്പയിനിലൂടെ തുറന്നുപറച്ചിൽ നടത്തിയവരെ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വേഡ് വിശേഷിപ്പിച്ചത്.

മീ ടൂ കേരളത്തിൽ

2017 -ൽ എഴുത്തുകാരി എച്ച്മുകുട്ടിയുടെ തുറന്നുപറച്ചിലോടെയാണ് കേരളത്തിൽ മീ ടൂ ശ്രദ്ധേയമാകുന്നത്. തുടർന്ന് 2018 ആഗസ്റ്റ്- ഒക്ടോബർ മാസങ്ങളിൽ മീ ടൂ ഹാഷ്ടാഗ് ഉപയോഗിച്ച് ധാരാളം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.

നേരിടേണ്ടിവന്ന ലൈംഗീകാതിക്രമങ്ങളെയും ചൂഷങ്ങളെയും കുറിച്ച് പെണ്ണുങ്ങൾ ഉച്ചത്തിൽ വിളിച്ച് പറയാൻ തുടങ്ങിയപ്പോൾ കപട മാന്യമാർ വിറയ്ക്കാൻ തുടങ്ങി. കൂലിക്ക് ആളെ വച്ച് തെറിവിളിപ്പിച്ച് അവരെ നേരിടുവാൻ ചെറുതും വലുതുമായ പ്രമുഖന്മാർ പലരും രംഗത്തെത്തിയെങ്കിലും തളരാതെ നിലപാടിലുറച്ച് സ്ത്രീകൾ മുന്നോട്ട് നീങ്ങിയ കാഴ്ചയാണ് കേരളത്തിൽ കാണാനായത്.

2017-ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുപ്രകാരം 53 കേസുകളാണ് സെക്ഷ്വൽ ഹരാസ്സ്‌മെന്റിന് കേരളത്തിലെ തൊഴിലിടങ്ങളിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്രയധികം കേസുകൾ പുറംലോകം അറിയുന്നതിന് മീടൂ വഹിച്ച പങ്ക് വലുതാണെന്നും സ്ത്രീകൾക്ക് തുറന്നുപറയാനും പരാതിപ്പെടാനും കഴിയുന്നതരത്തിൽ ഒരു മാറ്റം പ്രകടമാക്കിയതായും മുൻ ബാലാവകാശ കമീഷൻ അംഗം അഡ്വ.ജെ സന്ധ്യ പറയുന്നു[2019-ൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച ആർട്ടിക്കൽ].

കേരളത്തിലെ ആദ്യകാല മീടൂ പോസ്റ്റുകൾ പരിശോധിക്കുമ്പോൾ വ്യത്യസ്ത ഇടങ്ങളിൽ നേരിട്ട അനുഭവങ്ങൾ തുറന്നുപറയുന്നവരുടെ പോസ്റ്റുകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരേക്കാൾ കൂടുതൽ തെറിവിളിക്കുന്നവരെ കമന്റുകളിൽ കാണാം. ചൂഷങ്ങൾക്ക് വിധേയവരായവർ എല്ലാവരും തുറന്ന് പറച്ചിലിന് പാകപ്പെടാൻ നീണ്ട സമയം എടുക്കുന്നതിനാൽ തെളിവുകൾ പലതും മാഞ്ഞുപോയിട്ടുണ്ടാകും. മാത്രവുമല്ല, ആരോപണങ്ങൾക്കെതിരെ നിയമനടപടിയും സ്വീകരിക്കുന്നില്ല. ഇത്തരമൊരു ദുരവസ്ഥ മീടൂവിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. മീ ടൂവിനെ പിന്തുണച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ രണ്ട് പക്ഷങ്ങളും രൂപപ്പെട്ടിരുന്നു.

അതേസമയം പ്രതിസന്ധിയിൽ നിന്നും തുറന്നുപറയുവാൻ ധൈര്യം കാണിച്ചവരെ മുഴുവൻ അപമാനിക്കുന്നതായിരുന്നു മീടൂമായി ബന്ധപ്പെട്ട് ഒരു പത്രത്തിൽ അച്ചടിച്ച് വന്ന കാർട്ടൂൺ. പാരമ്പര്യവും ആധികാരികതയും വിശ്വാസ്യതയും കൊണ്ട് സോഷ്യൽ മീഡിയയേക്കാൾ മുന്നിൽ നിൽക്കുന്ന മാധ്യമമാണ് പത്രം.

രാവിലെ എഴുന്നേറ്റ് പത്രം വായിക്കുന്ന വ്യക്തിയുടെ ചിന്തയിലേക്ക് മുഖ്യധാരയിൽ ചർച്ചചെയ്യുന്ന ഒരു വിഷയത്തെ അങ്ങേയറ്റം നിസാരവത്കരിച്ചും കളിയാക്കിയുമാണ് പ്രമുഖ പത്രം കൈകാര്യം ചെയ്തിരിക്കുന്നതെന്നത് ഗുരുതരമായ വീഴ്ചയാണ്. തുടർന്ന് മീടൂവിനൊപ്പം ഈ കാർട്ടൂണും വിമർശനാത്മകമായി സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും സമൂഹമാധ്യമങ്ങളിൽ മീ ടൂ ഹാഷ്ടാഗ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. സമൂഹത്തിൽ നടക്കുന്ന ലൈംഗീക ചൂഷങ്ങളുടെയും അതിക്രമങ്ങളുടെയും വ്യാപ്തി എത്രത്തോളമാണെന്ന അവബോധമുണ്ടാക്കാൻ മീടൂ വേദിയാകുന്നുണ്ടെങ്കിലും ഇന്നും അതിക്രമങ്ങൾ തുടരുകായാണെന്ന്  ഓർമപ്പെടുത്തുകയാണ് വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്സ്മെന്റ്(Woman Against Sexual Harrasment ) എന്ന ഫേസ്ബുക്ക് പേജ്.

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള ലൈംഗീക പീഡന ആരോപണത്തോടെ വീണ്ടും മീടൂ ആരോപണങ്ങൾ ചർച്ചയാകുകയാണ് . 2022 ജനുവരി 9നാണ് Woman Against Sexual Harrasment എന്ന പേജിലൂടെ ശ്രീകാന്ത് ലൈഗീകമായി അതിക്രമിച്ചുവെന്ന് ആരോപിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

തൊട്ട് പിന്നാലെ മറ്റൊരാൾ കൂടി ശ്രീകാന്തിനാൽ അതിക്രമിക്കപ്പെട്ടുവെന്നു പറഞ്ഞു രംഗത്ത് വന്നു. എന്നാൽ ഇരുവരും ഇതുവരെ ഐഡൻറിറ്റി വെളിപ്പെടുത്തിയിട്ടില്ല.അതേസമയം സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ സുനിൽ കുമാറിന്റെ ചെയ്തികളെ കേരളം ഞെട്ടലോടെയാണ് കേട്ടത്. സ്വന്തം വിദ്യാർത്ഥിനിയെ ശാരീകമായി ആക്രമിച്ച ശേഷം വിചിത്രമായ ന്യായികരണങ്ങളാണ് അദ്ദേഹം പറഞ്ഞത്.

തുടർന്ന് സുഹൃത്തിന് സംഭവിച്ച കാര്യങ്ങൾ വിശദമാക്കികൊണ്ട് ഇതേ പേജിൽ തന്നെ സുനിൽ കുമാറിനെതിരെ കടുത്ത ആരോപണങ്ങൾ പുറത്തുവന്നു.കൊച്ചിയിൽ ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജേഷ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇൻസ്റ്റാഗ്രാമിൽ യുവതി തുറന്നുപറച്ചിൽ നടത്തിയപ്പോൾ അയാളിൽ നിന്നും സമാന അനുഭവം നേരിട്ടവരും രംഗത്തെത്തിയിരുന്നു.

പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയില്‍ നിന്ന് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ശാരീരികവും മാനസികവുമായ ചൂഷണങ്ങളെക്കുറിച്ചും തുറന്നു പറച്ചിലുമായി യുവതി കടന്ന് വന്നതോടെ മലയാള സിനിമയിലെ ലൈംഗീകാതിക്രമം വീണ്ടും ചർച്ചയാകുകയാണ്. എന്നാൽ ഇത്തവണ മീടൂ അടിമുടി മാറി. സ്വഭാവത്തിലും ഘടനയിലും വരെ മാറ്റം പ്രകടമാകാൻ തുടങ്ങി.ആരോപണങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ പൊലീസ് ഇടപെടൽ ഉണ്ടാവുന്നു.

കൃത്യമായി നിയമനടപടി ഉടനടി സ്വീകരിക്കുന്നതിലൂടെ മീടൂ കൂടുതൽ വിശ്വാസ്യത നേടുകയാണ്. ശ്രീകാന്ത് മുതൽ ലിജുവരെ, ഉയർന്നുവന്ന ആരോപണങ്ങൾ വിട്ടുവീഴ്ച്ചയില്ലാതെ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.

മലയാള സിനിമയിലെ മീ ടൂ ഓളം….

മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് മീ ടൂ വഴിയൊരുക്കിയത് . സ്ത്രീ വിരുദ്ധതയുടെ വിളനിലമായ മലയാള സിനിമയിൽ പെൺ ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി.2017 മേയിൽ WCC (വുമൺ കളക്റ്റീവ് സിനിമ) എന്ന കൂട്ടായ്മ രൂപം കൊണ്ടു. സിനിമയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നു. സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളും പ്രവൃത്തികളും ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി.എന്നാൽ പുരുഷ മേധാവിത്വം കയ്യാളുന്ന മലയാള സിനിമയിൽ മിണ്ടി തുടങ്ങിയ സ്ത്രീകൾ ഒന്നൊന്നായി കൊഴിഞ്ഞുപോയി.

സിനിമാ മേഖലയിലെ സ്ത്രീകകളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തണമെന്നുള്ള ശക്തമായ ആവശ്യം സർക്കാരിനോട് ഉന്നയിച്ചത് WCC ആയിരുന്നു. തുടർന്ന് ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ ഹേമ കമ്മിറ്റി 2018 മേയിൽ നിലവിൽ വന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്.നിലവിൽ കമ്മിറ്റിയുടെ നിർദേശങ്ങൾ വിലയിരുത്തിയ ശേഷം നടപ്പിലാകുമെന്നാണ് സർക്കാർ നിലപാട്.

എന്നാല്‍, WCCക്ക് പൂർണമായും സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ പ്രതിനിധാനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. കൂട്ടായ്മയുടെ ആരംഭത്തിൽ ഊർജിതമായ പ്രവത്തനങ്ങൾ കാഴ്ച വച്ചുവെങ്കിലും ഇടവേളയിൽ മുളച്ചുപൊന്തുന്ന കൂൺ പോലെ നിർജീവമായിരുന്നു പിന്നീട് അങ്ങോട്ടുള്ള കാലം. സിനിമയുടെ വിവിധ മേഖകളിൽ നടക്കുന്ന കെടുകാര്യസ്ഥക്കെതിരെ WCCക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയുന്നില്ല. കൂട്ടായ്മയുടെ തലപത്തിരുന്ന വിധു വിൻസന്റിന്റെ ഇറങ്ങിപ്പോക്ക് എന്തിനുവേണ്ടിയായിരുന്നു എന്നും സംഘടന ആത്മവിമര്ശനം നടത്തി മുന്നോട്ട് പോകേണ്ടതുണ്ട്.

അതേസമയം നാളിന്നുവരെ സമൂഹം കണ്ട സ്ത്രീ പോരാട്ടത്തിന് പുതിയ വാതിലുകൾ തുറന്നിടുകയാണ് ഭാവന, ആക്രമിച്ചവന് മുഖവും ഇരയ്ക്ക് മുഖവുമില്ലാത്ത സാമൂഹികാവസ്ഥയെ പൊളിച്ചെഴുതുകയാണ് ഭാവന എന്ന പെണ്ണ്. കാലങ്ങളായി ആക്രമിക്കപെട്ടവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നിനക്ക് ഇനി സമൂഹത്തിൽ ഇടമില്ല, നീ വെളിച്ചത്ത് പ്രത്യക്ഷപ്പെടാൻ പാടില്ലെന്ന് പറയുന്ന ദുർവ്യവസ്ഥയാണ് ഒറ്റദിവസം കൊണ്ട് മാറിമറിയുന്നത്. ആക്രമിക്കപ്പെട്ട നടി ഞാനാണ് എന്ന് പറയുന്നിടത്ത് ഒരു പുതിയ യുഗം പിറക്കുകയാണ്.

എന്നാൽ പ്രിവിലേജുകൾ ഏറെയുള്ള ഒരു നടി നീതിക്ക് വേണ്ടി കയറിയിറങ്ങുമ്പോൾ ഒരു സാധാരണ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ!! ഇന്ന് സകല മേഖലകളിലും സ്ത്രീകളുടെ കൈയൊപ്പ് ഉണ്ട്. ഇനിയും തോറ്റ് പിന്മാറാനോ മാറിനിൽക്കാനോ സ്ത്രീ സമൂഹം ഉദ്ദേശിക്കുന്നില്ലെന്ന് ഒരിക്കൽ കൂടി പറഞ്ഞുവയ്ക്കുകയാണ് ഭാവന ഉൾപ്പെടുന്ന പെൺസമൂഹം . ഇനി മാറേണ്ടത് സമൂഹമാണ്. മാറാത്ത കാലത്തോളം ഭാവന പറഞ്ഞതുപോലെ ‘പോരാട്ടം തുടരും’…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News