നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അടുത്ത മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു.

ജസ്‌ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിലെ തുടരന്വേഷണവുമായി മുന്നോട്ടുപോയത്.

തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് കേസില്‍ വിധി പറയാന്‍ സാധിക്കുക. അന്വേഷണം പൂര്‍ത്തിയാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് മൂന്ന് മാസത്തെ സമയം തേടിയിരുന്നു. എന്നാല്‍ കോടതി ഇപ്പോള്‍ അന്വേഷണം ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത്. വിചാരണകോടതി ആറുമാസത്തെ സമയം കൂടി ചോദിച്ചിട്ടുണ്ട്. സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 16 നായിരുന്നു വിചാരണ തീര്‍ക്കേണ്ടിയിരുന്നത്. തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വാദം കേട്ട ശേഷമേ വിചാരണ പൂര്‍ത്തിയാക്കാനും വിധി പറയാനും സാധിക്കൂ. കോടതിയുടെ നിര്‍ദേശം വന്നതോടെ ഏപ്രില്‍ 15 നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ശേഷം കൂടുതല്‍ സാക്ഷികളുണ്ടെങ്കില്‍ അവരെ വിസ്തരിക്കാനും കൂടുതല്‍ നടപടികളിലേക്കും വിചാരണ കോടതി പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here