തിരുവല്ലത്ത് യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചത് ഹൃദയാഘാതം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണമാകുന്ന പരുക്കുകള്‍ ശരീരത്തിലില്ല. ഇതോടെ കേസില്‍ മര്‍ദനം, കൊലപാതകം പോലുള്ള വകുപ്പുകള്‍ ഉടന്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എങ്കിലും കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടുണ്ടോയെന്നതില്‍ അന്വേഷണം തുടരും.

തിരുവല്ലത്തെ ജഡ്ജിക്കുന്ന് കാണാനെത്തിയ ദമ്പതികളെ ആക്രമിച്ചതിന് പിടിയിലായ സുരേഷ് ഒരു രാത്രി മുഴുവന്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് കുഴഞ്ഞ് വീണതും ആശുപത്രിയിലെത്തിക്കും വഴി മരിച്ചതും. കസ്റ്റഡി കൊലപാതകം എന്ന വ്യാപക ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശരീരത്തില്‍ കാര്യമായ പരുക്കുകളില്ല. ഗുരുതരമായ മര്‍ദനത്തിന്‍റെ അടയാളങ്ങളുമില്ല. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളുമുണ്ട്. അവ മരണകാരണമാകുന്നവയല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പ് നിലനിര്‍ത്തി അന്വേഷണം തുടരും. സുരേഷിന്‍റെ ശരീരത്തിലുള്ള പാടുകള്‍ എങ്ങിനെയുണ്ടായെന്ന് കണ്ടെത്തണം. ഇതിനായി സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ചോദ്യം ചെയ്യും. തിരുവല്ലം സ്റ്റേഷനിലെ പൊലീസുകാരെയും ചോദ്യം ചെയ്യും. അറസ്റ്റ് നടന്ന ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. . ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News