അതെന്താ ഞങ്ങള്‍ ഇങ്ങനായാല്‍? ഇന്നെങ്കിലും മാറിചിന്തിച്ചില്ലെങ്കില്‍ ഇനിയെന്ന് ?

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. ഇന്നത്തെ ദിവസമെങ്കിലും വനിതകളെ കുറിച്ച് സംസാരിച്ചില്ലെങ്കില്‍ മറ്റെന്ന് സംസാരിക്കാനാണ് ?  മലയാളികള്‍ക്കുള്ള ചില പൊതുശീലങ്ങളുണ്ട് എന്തൊക്കെയാണെന്നല്ലേ??? വണ്ണമുള്ളവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങരുത്….. വണ്ണമുള്ളവര്‍ ഇറങ്ങിയാല്‍ തന്നെ അതിന്റേതായ രീതിയില്‍ ഇറങ്ങണം, അങ്ങനെ അങ്ങനെ…

അതായത് വണ്ണമുള്ളവര്‍ എന്ത് ഡ്രസ് ഇട്ടാലും ഷാള്‍ നെഞ്ച് മറച്ച് ഇടണം. കാലുകളും തുടകളും കാണുന്ന രീതിയില്‍ ടോപ്പുകള്‍ ഇടരുത്. ഷോര്‍ട്ട് ടോപ്പുകള്‍ ഇടരുത്… ഇങ്ങനെ പോകും മലയാളികള്‍ ശീലിച്ചുവന്ന ആ ശീലങ്ങള്‍.

എന്നാല്‍ ഒന്ന് പറയട്ടേ…. ഇതിലൊന്നും നിങ്ങളുടെ കണ്ണുകള്‍ ചൂഴ്ന്ന് ഇറങ്ങേണ്ട ആവശ്യമില്ല. കാരണം ഇതൊക്കെ ഞങ്ങളുടെ ചോയ്‌സ് ആണ്. എങ്ങനെ ധരിക്കണമെന്നും  എന്ത് ധരിക്കണമെന്നും എങ്ങനെ നടക്കണമെന്നും എന്ത് കഴിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് ഞങ്ങള്‍ മാത്രമാണ്.

അതില്‍ പുറത്തുനിന്നും ഒരാളുടെ ആഭിപ്രായം സ്വീകരിക്കേണ്ടതില്ല. എനിക്ക് ഷാള്‍ ഒരു സൈഡില്‍ മാത്രം ഇടാനാണ് തോന്നുന്നതെങ്കില്‍ ഞാന്‍ അങ്ങനയേ ഇടു. അതില്‍ ആരും തുറിച്ചു നോക്കേണ്ടതില്ല. വണ്ണമുണ്ടെന്ന് കരുതി എനിക്ക് പൊറോട്ടയും ബീഫും കഴിക്കാന്‍ തോന്നിയാല്‍ ഞാന്‍ എന്തിനത് വേണ്ടെന്ന് വയ്ക്കണം?

ഇതൊക്കെ ഓരോ വ്യക്തികളുടെയും വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. അല്ലാതെ വണ്ണമുള്ളവര്‍ എപ്പോഴും ചപ്പാത്തി മാത്രം കഴിക്കണം…. വണ്ണമുള്ളവര്‍ എപ്പോഴും ചുരിദാറും സാരിയും മാത്രം ധരിക്കണം… ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ക്ക് വിലകൊടുത്തിരുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞുവെന്ന് തലയുയുര്‍ത്തി പറയാന്‍ സാധിക്കുന്നത് തന്നെ ഞങ്ങളുടെ വിജയമാണ്.

ഒരുകാലത്ത് മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് സ്വന്തം അഭിപ്രായങ്ങള്‍വരെ മാറ്റിയിരുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നിന്നും ഒരുപാട് ദൂരെയാണ് ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍. ഇഷ്ടമല്ലാത്തത് ഇഷ്ടമല്ല എന്ന് തന്റേടത്തോടെ മുഖത്തുനോക്കി പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങിപ്പോകാന്‍ സ്ത്രീകള്‍ ഇന്ന് കാണിക്കുന്ന ധൈര്യം കുറേ കഷ്ടപ്പെട്ടും പോരാടിയും സ്ത്രീ സമൂഹം നേടിയെടുത്തതാണ്.

ഇഷ്ടമല്ലാത്ത സ്‌പെയ്‌സില്‍ നിന്നും ഇഷ്ടത്തിനും സ്നേഹത്തിനും വേണ്ടി കാത്തുകെട്ടിക്കിടക്കാതെ നമ്മളെ വേണ്ടവരുടെ അടുത്തേക്ക് പോകാന്‍ സ്ത്രീകള്‍ കാണിക്കുന്ന തന്റേടം നമ്മള്‍ എത്രമാത്രം ഇന്‍ഡിപ്പെന്‍ഡഡ് ആണെന്നതിന് തെളിവ് കൂടിയാണ്. ഇനിയും അതിന് കഴിയാത്തവര്‍ക്ക് വേണ്ടി കൂടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പ്

നിങ്ങള്‍ ആരാണെന്നും എങ്ങനെയാണ് എന്നും തീരുമാനിക്കേണ്ടത് നിങ്ങള്‍ മാത്രമാണ്. അത് നിങ്ങളുടെ മാത്രം അവകാശവും സ്വാതന്ത്ര്യവുമാണ്. ഇന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരോട് വീണ്ടും വീണ്ടും പറയുകയാണ്….. നിങ്ങള്‍ മാറ്റിയെഴുതപ്പെടേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.

ഇനിയും ഒന്നിനും വേണ്ടി കാത്ത് നില്‍ക്കരുത്. ഇതാണ് നിങ്ങളുടെ സമയം. നിങ്ങളുടെ മാറ്റങ്ങളുടെ സമയം. കാരണം ഈ ലോകം നിങ്ങളുടേത് കൂടിയാണ്. എല്ലാവര്‍ക്കും വനിതാ ദിനം ആശംസിച്ചുകൊണ്ട് നമുക്ക് ഇവിടെ അവസാനിപ്പിക്കാം. ഒരു കാര്യം കൂടി… ഈ കുറിപ്പ് കണ്ടിട്ട് ഒരു സ്ത്രീയ്‌ക്കെങ്കിലും മാറിചിന്തിക്കാന്‍ തോന്നിയെങ്കില്‍ അവിടെയാണ് എന്നെപ്പോലെയുള്ള സ്ത്രീകളുടെ വിജയവും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News