സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം: മുഖ്യമന്ത്രി

സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏര്‍പ്പാടാണ് സ്ത്രീധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീധനത്തിനെതിരെയുള്ള പരാതികളിന്മേല്‍ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് പുതിയ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ ഒക്കെ പരാതി സമര്‍പ്പിക്കാവുന്നതാണ്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് പുരുഷന്മാര്‍ക്കും കൃത്യമായ ബോധം ഉണ്ടാവണം. അതിനുതകുന്ന വിവാഹപൂര്‍വ കൗണ്‍സിലിങ് പദ്ധതി ആരംഭിക്കുന്നത്.

കുട്ടികള്‍ക്ക് ചെറുപ്രായം മുതല്‍ തന്നെ സമത്വം മനസിലാക്കികൊടുക്കാനാകും. അങ്കണവാടികളില്‍ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികള്‍ ജെന്‍ഡര്‍ ഓഡിറ്റിനു വിധേയമാക്കി പരിഷ്‌ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌ക്കരിച്ച ‘അങ്കണപ്പൂമഴ’ എന്ന വര്‍ക്ക് ബുക്ക് തയ്യാറാക്കിയത്. അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യപോഷണ നിലവാരം ഉയര്‍ത്താനായി ‘പെണ്‍ട്രികകൂട്ട’ പദ്ധതി നടപ്പാക്കുകയാണ്. അതിക്രമങ്ങളെ ചെറുത്തു നില്‍ക്കാന്‍ മാനസികവും ശരീരികവുമായി പെണ്‍കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ധീര’ പദ്ധതി കൂടി ആവിഷ്‌ക്കരിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്തവണത്തെ വനിതാദിന ചിന്താവിഷയം രൂപപ്പെടുത്തിയിട്ടുള്ളത്. ലോകത്താകെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും ഏറ്റവും അധികം കഷ്ടത അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. അവരുടെ ജീവനും ജീവനോപാധികള്‍ക്കും വലിയ വെല്ലുവിളി ഉയരുന്നു. അതുകൊണ്ടു തന്നെ അതിനെ അതിജീവിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കണം.

നമ്മുടെ സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കിക്കൊണ്ടു വേണം നമുക്കു മുന്നേറാന്‍. വിദ്യാഭ്യാസരംഗത്താകട്ടെ തൊഴില്‍ രംഗത്താകട്ടെ മാതാചാരങ്ങളിലാകട്ടെ ഭരണ നിര്‍വഹണത്തിലാകട്ടെ അങ്ങനെ എല്ലാ രംഗങ്ങളിലും ഇടപെടലുകള്‍ ആവശ്യമാണ്.

മികച്ച ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്കു കടന്നുവരാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന പരിശോധന ഉണ്ടാകണം. സ്ത്രീ തൊഴിലാളികള്‍ക്കു കുറഞ്ഞ കൂലിയും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളും മാത്രം മതിയാകും എന്ന ചിന്ത അംഗീകരിക്കാവുന്നതല്ല. അത്തരം വിവേചനങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ സര്‍ക്കാര്‍ ഇടപെടുക തന്നെ ചെയ്യും. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം തന്നെ അതിനുതകുന്ന സാമൂഹികാവബോധം കൂടി വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അവാര്‍ഡ് ജേതാക്കളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

യുദ്ധവും കൊവിഡും ഏറ്റവും ബാധിക്കുന്നത് സ്ത്രീകളെ: മന്ത്രി വീണാ ജോര്‍ജ്

യുദ്ധവും കോവിഡും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു നൂറ്റാണ്ടിനപ്പുറം നീളുന്ന ചരിത്രമാണ് സ്ത്രീകളുടെ പുരോഗതിയ്ക്ക് പിന്നിലുള്ളത്. പല മേഖലകളിലും സ്ത്രീകള്‍ ഇന്നും വിവേചനം അനുഭവിക്കുന്നുണ്ട്. അതിന് മാറ്റം വരേണ്ടതാണ്.

അടുത്ത തലമുറയെങ്കിലും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഉത്തരവാദിത്തങ്ങള്‍ പങ്കിടാന്‍ പഠിപ്പിക്കണം. ബോധത്തിലും ബോധ്യത്തിലും കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരണം. അതിനായി ക്രിയാത്മകമായ ഇടപെടലുകള്‍ വേണം. സ്വപ്നം കാണാന്‍ ഓരോ പെണ്‍കുട്ടിയ്ക്കും കഴിയട്ടെ. ജീവിത യാഥാര്‍ത്ഥ്യത്തില്‍ കാലൂന്നി നിന്നുള്ള ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളേയാണ് നമുക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷമി, ഡോ. സുനിത കൃഷ്ണന്‍, ഡോ. യു.പി.വി. സുധ എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിത രത്‌ന പുരസ്‌കാരം സമ്മാനിച്ചു.

അങ്കണവാടി മുഖേന നല്‍കുന്ന സേവനങ്ങള്‍ പൂര്‍ണമായി ജനങ്ങളില്‍ എത്തിക്കുന്നതിനായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ശിശുവികസന പദ്ധതി ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ജില്ലാ കളക്ടര്‍ (കോഴിക്കോട് മുന്‍ കളക്ടര്‍ സാംബശിവറാവു) എന്നിവര്‍ക്കുളള അവാര്‍ഡും വിതരണം ചെയ്തു. 14 ജില്ലകളിലെ മികച്ച ഓരോ അങ്കണവാടികള്‍ക്കുമുളള ഐസിഡിഎസ് അവാര്‍ഡുകളും വിതരണം ചെയ്തു. സ്ത്രീധനത്തിനെതിരായുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍ ഉദ്ഘാടനവും ‘വിവാഹ പൂര്‍വ കൗണ്‍സിലിംഗ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ‘അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം’ പ്രകാശനം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അട്ടപ്പാടിയിലെ ‘പെന്‍ട്രിക കൂട്ട’ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ‘ധീര’ പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ഡയറക്ടര്‍ ടി.വി. അനുപമ നന്ദിയും പറഞ്ഞു. വി.കെ. പ്രശാന്ത് എംഎല്‍എ, ശശി തരൂര്‍ എംപി, നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി, പ്ലാനിംഗ് ബോര്‍ഡംഗം മിനി സുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News