ത്രിതല കേര കര്‍ഷക കൂട്ടായ്മകളുടെ പ്രവര്‍ത്തനം മാതൃകാപരം

ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തിയ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. അഭിലാഷ് ലിഖി ആലപ്പുഴ ജില്ലയിലെ എഴുപുന്ന വില്ലേജില്‍ നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തീരദേശ നാളികേര ഉത്പാദക ഫെഡറേഷന്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചു.
ബോര്‍ഡ് രൂപീകരിച്ചിട്ടുള്ള ത്രിതല കേര കര്‍ഷക കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി.

നാളികേരോല്‍പാദക സംഘങ്ങളും (സി.പി.എസ്) ഫെഡറേഷനുകളും (സി.പി.എഫ്) പ്രൊഡ്യൂസര്‍ കമ്പനികളും (സി.പി.സി) കൂട്ടായി കേര കൃഷി മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും കര്‍ഷകര്‍ക്കിടയില്‍ നടപ്പാക്കുകയും ചെയ്യുന്ന ഈ സംവിധാനം നൂതനമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്ര ഏജന്‍സികള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് നാളികേര കര്‍ഷകരുമായി ഡോ. ലിഖി ചര്‍ച്ച നടത്തി.

ഉച്ചയ്ക്കു ശേഷം നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനമന്ദിരത്തില്‍ ഡോ. ലിഖിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ വിശദീകരിച്ച് അവലോകന യോഗം നടന്നു. ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇന്‍സ്പെക്ഷന്‍ പ്രതിനിധി, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍, രാഷ്ട്രീയ കൃഷി വികാസ് യോജന ഡയറക്ടര്‍, ഡയറക്ടര്‍ സീഡ്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ ക്വാറന്റൈന്‍ ആന്‍ഡ് സ്റ്റോറേജ്, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കൊക്കോ- കശുവണ്ടി വികസന ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നാളികേര ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാളികേര വികസനബോര്‍ഡും, സംസ്ഥാന സര്‍ക്കാരും വിപുലമായ പ്രചാരണം ഉറപ്പു വരുത്തണമെന്ന് ഡോ. ലിഖി പറഞ്ഞു. വിവിധ കാര്‍ഷിക പദ്ധതികള്‍ ഗുണഭോക്താക്കളായ കര്‍ഷകരിലേക്ക് എത്തുന്നതിനു വേണ്ട നടപടികള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here