സ്ത്രീകള്‍ക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്യം വേണം: മന്ത്രി വീണാ ജോര്‍ജ്

 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയിടങ്ങള്‍ സ്ത്രീകളുടേതും കൂടി എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് വനിതാ ദിനത്തില്‍ രാത്രി 10 മണി മുതല്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതിനോടൊപ്പം നൈറ്റ് ഷോപ്പിംഗും ഉണ്ടായിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാത്രി നടത്തത്തിന് നേതൃത്വം നല്‍കി. പൊതുയിടങ്ങള്‍ സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകള്‍ക്ക് രാത്രിയില്‍ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ മാറണം. ജോലി കഴിഞ്ഞിട്ട് പോകുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാത്രിയിലും സഞ്ചാര സ്വാതന്ത്യം ഉണ്ടാകണം. ഇത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഷിഫ്റ്റ് കഴിഞ്ഞോ ജോലി കഴിഞ്ഞോ ഒറ്റയ്ക്കോ കൂട്ടായോ പോകാന്‍ കഴിയണം. ഇത് മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകണമെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമ, കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ലക്ഷ്മി നായര്‍, സിനി ആര്‍ട്ടിസ്റ്റുകളായ ഇന്ദുലേഖ, അഞ്ജിത, രാഖി രവീന്ദ്രന്‍, മീര അനില്‍, മേഘ്ന വിന്‍സെന്റ്, പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട തുടങ്ങിയ പ്രമുഖരും രാത്രി നടത്തത്തില്‍ പങ്കെടുത്തു.

രാത്രി 11 മണിയ്ക്ക് കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്ക് മൈതാനത്ത് എത്തിച്ചേരുന്ന ഇവര്‍ വനിതാദിന സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. സാസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here