അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കനത്ത പോരാട്ടം നടന്ന ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജനവിധി തന്നെയാണ് ഇക്കുറി രാജ്യം ഉറ്റുനോക്കുന്നത്.

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെല്‍റ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതിക്കഴിഞ്ഞു. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിയുടെ ശക്തിദുര്‍ഗമായി മാറിയ ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി.

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണം ഉണ്ടായിരുന്നത്. എക്‌സിറ്റ് പോളുകളുടെ പ്രവചനം സത്യമായാല്‍ അഞ്ച് നദികളുടെ നാടിന്റെ ഹൃദയം ഇക്കുറി ആം ആദ്മി പാര്‍ട്ടിക്ക് ഒപ്പമായിരിക്കും.

കൊളോണിയല്‍ കാലത്തിന്റെ പൈതൃകം പേറുന്ന ഗോവ ഇക്കുറി കനത്ത പോരാട്ടത്തിന്റെ വേദിയായി മാറിയതും രാജ്യം കണ്ടു. പ്രവചനങ്ങള്‍ തൂക്കു മന്ത്രിസഭയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എങ്കിലും ഗോവ മോഹിപ്പിക്കുന്നത് കോണ്‍ഗ്രസിനെ ആണ്. നാളെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വിവിപാറ്റുകളില്‍ നിന്ന് ആദ്യ മണിക്കൂറിന് ഉള്ളില്‍ തന്നെ സൂചനകള്‍ അറിയാന്‍ കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel