ദിലീപ് തെളിവുകള്‍ നശിപ്പിച്ച സംഭവം; വിന്‍സന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്യും

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ നിര്‍ണ്ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. മുംബൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ സുപ്രധാന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മൊബൈല്‍ ഫോണുകളിലെ ഡേറ്റകള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും മിറര്‍ ഇമേജുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായി. മുംബൈയിലേക്ക് ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്ലും , ലാബ് തയ്യാറാക്കിയ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുംബൈ മലയാളിയായ വിന്‍സന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ദിലീപിന്റെ അഭിഭാഷകന് മുംബൈയിലെ ലാബ് ഉടമയെ പരിചയപ്പെടുത്തിയത് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായ വിന്‍സന്റാണ്. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കൈക്കുലിക്കേസില്‍ പ്രതിയാണ് ഇയാളെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഇയാളുടെ മൊഴി നിര്‍ണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെട്ടിലാക്കി മുന്‍ ജോലിക്കാരന്‍ ദാസന്റെ മൊഴി. പൊലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയതായി ദാസന്‍. പള്‍സര്‍ സുനി ജയിലില്‍ നിന്നിറങ്ങിയാല്‍ കാണിച്ചുകൊടുക്കാമെന്ന് ദിലീപിന്റെ സഹോദരീ ഭര്‍ത്താവായ സൂരജ് പറഞ്ഞത് നേരിട്ട് കേട്ടതായും ദാസന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ മുന്‍ ജീവനക്കാരനായ ചേര്‍ത്തല സ്വദേശി ദാസന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഈ മൊഴിയിലാണ് ദിലീപ് അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ദാസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വിലക്കിയെന്നാണ് മൊഴി.

ദിലീപിന്റെ സഹോദരന്‍ അനൂപാണ് അഭിഭാഷകന്റെ അടുത്തേക്ക് രണ്ട് തവണ തന്നെ കൂട്ടിക്കൊണ്ടുപോയത്. അപ്പോഴെല്ലാം ക്രൈംബ്രാഞ്ച് എന്താണ് ചോദിച്ചതെന്നും ബാലചന്ദ്രകുമാറിനെക്കുറിച്ച് വല്ലതും പറഞ്ഞോ എന്നെല്ലാം അഭിഭാഷകര്‍ ചോദിച്ചു. ഭയം മൂലം താനൊന്നും പറഞ്ഞില്ലെന്നാണ് മറുപടി നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംഭവങ്ങള്‍ നടന്നതെന്നും ദാസന്‍ പറയുന്നു.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവായ സുരാജ് ഒരിക്കല്‍ ഫോണില്‍ വിളിച്ച് പള്‍സര്‍ സുനി ജയിലില്‍ നിന്നിറങ്ങട്ടെ, കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞത് നേരിട്ട് കേട്ടയാളാണ് ദാസന്‍. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ബാലചന്ദ്രകുമാര്‍ തനിക്ക് വാട്‌സ് ആപ് സന്ദേശം അയച്ചപ്പോള്‍, ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ ബാലചന്ദ്രകുമാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ദാസന്റെ മൊഴിയിലുണ്ട്. ബാലചന്ദ്രകുമാറുമായി ദിലീപിന് അടുത്ത ബന്ധമാണുളളതെന്നും ബാലുഭായി എന്നാണ് അദ്ദേഹം വിളിച്ചിരുന്നതെന്നും ദാസന്‍ പറയുന്നു. 2007 മുതല്‍ 2020വരെ ദിലീപിന്റെ വീട്ടിലെ വാച്ചറായിരുന്നു ദാസന്‍. ഇക്കാലയളവിലാണ് നടി ആക്രമിക്കപ്പെടുന്നതും വധഗൂഢാലോചന കേസും ഉണ്ടാകുന്നത്. അതിനാല്‍ ദാസന്റെ മൊഴിയും കേസില്‍ ഏറെ നിര്‍ണായകമായാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News