ജീവനക്കാരും ഭരണകര്‍ത്താക്കളും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണം; മന്ത്രി വി.ശിവന്‍കുട്ടി

ജീവനക്കാരും ഭരണകര്‍ത്താക്കളും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണമെന്നും അതു വഴി മികച്ചൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കണം സര്‍ക്കാര്‍ ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടത്. സമൂഹത്തിനു വേണ്ടി സര്‍ക്കാര്‍ ജീവനക്കാരും ജനപ്രതിനിധികളും ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ എല്ലായ്പ്പോഴും അംഗീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന റവന്യൂ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് തിരുവനന്തപുരം കളക്ട്രേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ ആന്റ് റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച കളക്ട്രേറ്റിനുള്ള അവാര്‍ഡ് നേടിക്കൊടുക്കാന്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിച്ച മന്ത്രി ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഒരു മുദ്രാവാക്യമായെടുത്തുതന്നെ മുന്നോട്ടു പോകണമെന്നും ജീവനക്കാരോട് ചൂണ്ടിക്കാട്ടി.

നമ്മള്‍ ജീവിക്കുന്ന അന്തരീക്ഷത്തെ മറന്ന് ചിന്തിക്കുമ്പോഴാണ് ജനങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നത്. ന്യായമായ ആവശ്യവുമായി മുന്നിലെത്തുന്ന ഓരോ ഫയലും ആദ്യ തവണ തന്നെ പരിഹരിക്കുമെന്ന് ഓരോ ജീവനക്കാരനും തീരുമാനിക്കണം. ഏറെക്കുറെ അങ്ങനെ മുന്നോട്ടു പോകാനായതാണ് ഏറ്റവും നല്ല കളക്ട്രേറ്റ് എന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയ കാലഘട്ടത്തില്‍ ആ വെല്ലുവിളികളെയെല്ലാം സമര്‍ത്ഥമായി നേരിടാന്‍ നേതൃത്വപരമായ പങ്കാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടം വഹിച്ചതെന്നും അതാണ് മികച്ച ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ സഹായിച്ചതെന്നും ചടങ്ങില്‍ പുരസ്‌കാര വിതരണം നടത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കളക്ടര്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചാല്‍ നല്ല ഭരണകൂടമെന്ന പേരെടുക്കാനാകില്ലെന്നും ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെയും സജീവമായ ഇടപെടലുകളുടേയും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കാണിച്ച താല്‍പ്പര്യത്തിന്റെയുമൊക്കെ പ്രതിഫലമാണ് ഈ അവാര്‍ഡ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പല പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളും ജനപ്രതിനിധികളും ആശ്രയിക്കുന്നത് വില്ലേജ് ഓഫീസ് മുതല്‍ കളക്ട്രേറ്റ് വരെയുള്ള സംവിധാനങ്ങളെയാണെന്നും അതിന്റെ ചുമതലകള്‍ വഹിക്കുന്ന ഓരോരുത്തരും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

അവാര്‍ഡ് ലഭിച്ചതോടെ ഉത്തരവാദിത്തം കൂടുകയാണ്. ജനങ്ങള്‍ കൂടുതല്‍ മികച്ച സേവനം പ്രതീക്ഷിക്കും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും റോഡുകളുടേയും റോഡുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടേയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ വേഗത്തിലുള്ള പ്രവര്‍ത്തനമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വി.കെ.പ്രശാന്ത് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ഇ.മുഹമ്മദ് സഫീര്‍, സബ്കളക്ടര്‍ എം.എസ്.മാധവിക്കുട്ടി, ഡെപ്യൂട്ടി കളര്‍ സഞ്ജയ് ജോണ്‍, അസിസ്റ്റന്റ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി തുടങ്ങിയവരും കളക്ട്രേറ്റ് ജീവനക്കാരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News