തിരുവനന്തപുരം കോര്‍പ്പറേഷനിലെ JHI യുടെ പോസ്റ്റ് വൈറലാകുന്നു

വനിതാ ദിനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ jhi യുടെ വൈകാരികമായ പോസ്റ്റ് വൈറലാകുന്നു. തിരുവനന്തപുരം നഗരസഭയിലെ ഇന്‍ഫാന്റ് ബോഡി സൗജന്യമാക്കിയ മേയര്‍ ആര്യ രാജേന്ദ്രന്റെ ഉത്തരവിനെ പ്രകീര്‍ത്തിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ JHI. ഫേസ്ബുക്കിലൂടെയാണ് JHI തന്റെ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇന്‍ഫാന്റ് ബോഡിയുമായി ബന്ധപ്പെട്ട് ആര്യ രാജേന്ദ്രനുമായി നേരില്‍ കണ്ട് സംസാരിക്കുവാനുണ്ടായ സാഹചര്യവും കുറിപ്പില്‍ വിവരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-

മരണം കണ്ടുകണ്ട്, കേട്ടുകേട്ട് ഒന്നുമല്ലാതായിരിക്കുന്നു. ഒരുതരം നിര്‍വ്വികാരത. ഈ നിസ്സംഗതയ്ക്കിടയിലും ചിലവിളികള്‍ മനുഷ്യനിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിളിയായിരുന്നു അയാളുടേത്. ഒരു പെനാല്‍റ്റിയുടെ ഓര്‍മ്മയില്‍ യാത്രകളില്‍ ഫോണ്‍ എടുക്കാറില്ല. തുടര്‍ച്ചയായി ഒരേ നംബരില്‍ നിന്നുള്ള വിളി. പരിചയമില്ലാത്ത നംബരുകളില്‍ നിന്നുള്ള വിളികള്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറെക്കുറേയും മരണവുമായി ബന്ധപ്പെട്ടതാണ്. അതു കൊണ്ട് തന്നെ ശാന്തികവാടത്തിലെ നംബര്‍ കൊടുത്ത് ഫോണ്‍ കട്ട് ചെയ്തു.

ഓഫീസിലെത്തുമ്പോള്‍ ആറോളം മിസ്ഡ് കാളുകള്‍ ഒരു നംബരില്‍ നിന്നും. തിരികെ വിളിക്കുമ്പോള്‍ ഒരു കരച്ചില്‍ മാത്രം. ആരാണ്? എന്താ കാര്യം എന്ന ചോദ്യത്തിനു മറുപടി എന്റെ മോന്‍ മരിച്ചു അവനെ ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. ഇവിടത്തെ നംബരില്‍ വിളിച്ച് ബുക്ക് ചെയ്തിട്ട് കൊണ്ടു വരൂ. അയാളുടെ കരച്ചില്‍ കേട്ടാവണം കാര്യം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യാന്‍ മുതിരാത്തത്.

ഏതെങ്കിലും ആംബുലന്‍സ് വിളിച്ച് ബോഡി കൊണ്ടു വരൂ..
ആംബുലന്‍സ് വിളിക്കാന്‍ എന്റേല് പൈസയില്ല സാര്‍. മൂന്നാഴ്ചയായി SAT ആശുപത്രിയില്‍ ഭാര്യയെ അഡ്മിറ്റ് ചെയ്തിട്ട്, ആദ്യത്തെ പ്രസവം. ഒപ്പം ഇയാള്‍ മാത്രം. കൊല്ലത്ത് കാരനാണ്. കോവിഡായതിനാല്‍ പണിയില്ല. കടം വാങ്ങി വന്നതു മുഴുവന്‍ തീര്‍ന്നു. DYFI യുടെ ഉച്ചയ്ക്കുള്ള പൊതിച്ചോറ് ഒരു ദിവസത്തെ ഭക്ഷണം. ജനിച്ച് കണ്‍കുളിര്‍ക്കേ തന്റെ കുഞ്ഞിനെ കാണാന്‍ പോലും കഴിയാതെ മരണപ്പെട്ടു പോവുക, കുഞ്ഞിന് മരണാനന്തര കര്‍മ്മങ്ങള്‍ നടത്താന്‍ കഴിവില്ലാതെ നില്‍ക്കുന്ന നിസ്സഹായനായ ഒരു പിതാവ്.

വിവരം സഹപ്രവര്‍ത്തകരോട് പറയുന്നു. തോര്‍ത്തില്‍ പൊതിഞ്ഞ് കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ആംബുലന്‍സില്‍ നിന്നും ഇറങ്ങുന്ന അയാളുടെ മുഖം ഇപ്പോഴും മുന്നില്‍. പലപ്പോഴും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരോട് നാം ബഹുമാനം കാണിക്കാറുണ്ട്. നഗരസഭകളെ സംബന്ധിച്ച് കേവലം അഞ്ച് വര്‍ഷങ്ങള്‍ മാത്രം. പിന്നെ അവരെ കാണുമ്പോള്‍ മുഖത്ത് പോലും നാം നോക്കില്ല. ഇവരെയാണല്ലോ നാം ബഹുമാനിച്ചത് എന്ന് സ്വയം പുശ്ചം തോന്നാറുമുണ്ട്.

എന്നാല്‍ കേവലം 21 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി.
ഏറ്റവും വലിയ നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യാരാജേന്ദ്രന്‍ . ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പലപ്പോഴും ഇവരുടെ മുന്നിലെത്താറുണ്ട് അധികാരത്തിന്റെ തലക്കനം ഇല്ലാതെ ചിരിച്ചു കൊണ്ട് കളിയായി എന്താണ് ആഗമനോദ്ദേശം എന്ന് ചോദിക്കാറാണ് പതിവ്. (ചെറിയ ഒരു സ്ഥാനം ലഭിച്ചാല്‍ ചിരിക്കാന്‍ മറന്നു പോകുന്നവരുടെ ഇടയില്‍ ഇത് വേറിട്ട കാഴ്ച ) SAT ല്‍ നിന്നും മരിച്ചു ശാന്തികവാടത്തിലെത്തുന്ന കുഞ്ഞുങ്ങളുടെ കാര്യം മടിയോടു കൂടി പറഞ്ഞു.

ഇന്‍ഫാന്റ് ബോഡി സൗജന്യമാക്കുകയാണെങ്കില്‍ നന്നായിരുന്നു സൂചിപ്പിച്ചു. കൊല്ലത്തു കാരന്റെ അവസ്ഥയും പറഞ്ഞു. ചിരിച്ചുകൊണ്ടിരുന്ന ആ മുഖത്ത് വിഷാദത്തിന്റെ ഭാവം. സൗജന്യമാക്കുകയാണെങ്കില്‍ നഗരസഭക്ക് ചെറിയ നഷ്ടം ഉണ്ടാകുമെന്നും പറഞ്ഞപ്പോള്‍ സാധാരണക്കാരെ സഹായിച്ചില്ലെങ്കില്‍ പിന്നെന്തിനു നഗരസഭ പിന്നെന്ത് മനുഷ്യന്‍ എന്ന ചോദ്യം . മുന്നിലിരുന്ന നോട്ട് ഷീറ്റ് എടുത്ത് തന്ന് ഒരു റിപ്പോര്‍ട്ട് എഴുതി തരാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഇന്‍ ഫാന്റ് ബോഡി സൗജന്യമാക്കിക്കൊണ്ടുള്ള ഉത്തരവ്. ഈ വനിതാ ദിനത്തില്‍ ബഹു: മേയറായ ആര്യാരാജേന്ദ്രനെ അല്ലാതെ ആരെയാണ് ഞാന്‍ സ്മരിക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News