ഡോ. വാണി എ കേസരിയുടെ നിയമനം; ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു

കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. വാണി എ കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചു. 2009 ൽ സർവ്വകലാശാല അദ്ധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ ഉദ്യോഗാർത്ഥിയായിരുന്ന ഡോ. സോണിയ കെ ദാസ് സമർപ്പിച്ച അപ്പിലാണ് ജസ്റ്റീസ് മാരായ എ.ജയശങ്കരൻ നമ്പ്യാർ സി.പി.മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്.

സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.രാജീവിൻ്റെ ഭാര്യയാണ് ഡോ. വാണി. കേരള സർവ്വകലാശാലയിൽ എൽ.എൽ.എം റാങ്ക് ജേതാവായ വാണി എം.ജി.സർവ്വകലാശാല ലീഗൽ തോട്ടിൽ അദ്ധ്യാപികയായിരിക്കെയാണ് കുസാറ്റിൽ അദ്ധ്യാപികയായി നിയമിതയായത്.

അദ്ധ്യാപന പരിചയവും യോഗ്യതയും കണക്കിലെടുത്താണ് സെലക്ഷൻ കമ്മറ്റി മാർക്ക് നൽകിയതെന്നും നിയമനലിസ്റ്റിൽ വാണി ഒന്നാം റാങ്ക് കാരിയായതെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബഞ്ച് അപ്പീൽ തള്ളിയത്.

ഏഴര വർഷത്തെ അദ്ധ്യാപന പരിചയവും മറ്റ് യോഗ്യതകളും ഉള്ളപ്പോൾ ഹർജിക്കാരിക്ക് മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന സർവ്വകലാശാലയുടെ വാദം കോടതി ശരിവച്ചു.
യുജിസി മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരമല്ല സെലക്ഷൻ കമ്മറ്റി രൂപികരിച്ചതെന്ന വാദം നിലനിൽക്കില്ലന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

യു ജി സി മാർഗ്ഗ നിർദ്ദേശങൾ പിൻതുടരാൻ തീരുമാനിച്ച സർക്കാർ ഉത്തരവിൽ നിയമനങ്ങൾ ബന്ധപ്പെട്ട സർവ്വകലാശാല നിയമങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നതായി കോടതി പറഞ്ഞു. സെലക്ഷൻ കമ്മറ്റിയുടെ രൂപീകരണം കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ആണ്.

കമ്മറ്റിയുടെ രൂപികരണം സർവ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സെലക്ഷൻ കമ്മറ്റിയിലെ വിദഗ്ദ്ധരുടെ നിയമനത്തെക്കുറിച്ച് ആർക്കും പരാതിയില്ല. വാണി14 വർഷമായി കുസാറ്റിൽ സേവനം അനുഷ്ഠിച്ച് വരുകയാണന്നും കോടതി പറഞ്ഞു.

സർവ്വകലാശാല നിയമപ്രകാരമാണ് നിയമന നടപടികൾ എന്ന അറിവോടെ നടപടിക്രമങ്ങളിൽ പങ്കെടുത്ത ഹർജിക്കാരിക്ക് പിന്നീട് നിയമന നടപടികൾ ചോദ്യം ചെയ്യാൻ അവകാശമില്ലന്ന സിംഗിൾ ബഞ്ചിൻ്റെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.

എം.ജി.സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനവും നേരത്തെ മറ്റൊരു പൊതുതാൽപ്പര്യ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel