മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു. കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി താല്‍ക്കാലികമായി അച്ഛന് കൈമാറി. കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിക്കും. അതേസമയം കുട്ടിക്കുണ്ടായ പരിക്ക് സംബന്ധിച്ച ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല.

പതിനഞ്ച് ദിവസത്തിലധികമായി നല്‍കിയ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ട മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടത്. തലയോട്ടിക്ക് ക്ഷതമേല്‍ക്കുകയും ഇടതുകൈ ഒടിയുകയും ശരീരമാസകലം പരുക്കുകളുമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടിയെ അമ്മയും അമ്മൂമ്മയും ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ ദിവസങ്ങള്‍ നീണ്ട ചികിത്സയിലൂടെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചു. ഇപ്പോള്‍ കുട്ടി സംസാരിക്കാനും തനിയെ ഇരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇടതുകൈ ശസ്ത്രിക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

ആരോഗ്യനില മെച്ചപ്പെട്ട കുട്ടി മൂന്നാം പിറന്നാള്‍ ആഘോഷിച്ച ശേഷമാണ് മടങ്ങിയത്. കുട്ടിയുടെ സംരക്ഷണം താത്ക്കാലികമായി പിതാവിനാണ് കൈമാറിയിരിക്കുന്നത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകും തുടര്‍ നടപടികള്‍.

അതേസമയം കുട്ടിയുടെ ശരീരത്തില്‍ എങ്ങനെ മാരകമായ പരിക്കുണ്ടായി എന്നത് സംബന്ധിച്ച ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം മുറിവേല്‍പ്പിച്ചുവെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും. ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട്പ്രകാരം കേസെടുത്തിട്ടുണ്ട്. അതിനിടെ അമ്മയുടെ സഹോദരീ പങ്കാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരിക്കിന്റെ കാരണം കണ്ടെത്താനായിട്ടില്ല. കേസില്‍ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here