ADVERTISEMENT
സ്ത്രീകൾക്ക് എന്നും അടുക്കളയിലാണ് സ്ഥാനം എന്ന പിന്തിരിപ്പൻ ആശയത്തെ കൂട്ടുപിടിച്ചുകൊണ്ട് വനിതാദിനത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് നേർന്ന ആശംസാസന്ദേശം വിവാദമായിരുന്നു.
ഇതിനു പിന്നാലെ അടുക്കള ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സന്ദേശം അയച്ചതിൽ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഉപഭോക്താക്കൾക്ക് സന്ദേശം കെെമാറിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഫ്ലിപ്കാർട്ടിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി ഫ്ലിപ്കാർട്ട് രംഗത്തെത്തിയത്.
“പ്രിയ ഉപഭോക്താവേ, ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299 രൂപ മുതൽ അടുക്കള ഉപകരണങ്ങൾ സ്വന്തമാക്കൂ” എന്നായിരുന്നു ഫ്ലിപ്കാർട്ട് പങ്കുവെച്ച സന്ദേശം.
സ്ത്രീകൾ എല്ലാ കാലത്തും അടുക്കളയിൽ ഒതുങ്ങി കൂടേണ്ടവരാണെന്ന പുരുഷാധിപത്യ പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണ് ഫ്ലിപ്കാർട്ടിന്റെ സന്ദേശമെന്ന തരത്തിലുളള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
കൂടാതെ എല്ലായ്പ്പഴും ഫ്ലിപ്കാർട്ട് നൽകുന്ന പരസ്യങ്ങളും സന്ദേശങ്ങളും സ്ത്രീകളെ അടുക്കളയുമായി കൂട്ടികെട്ടുന്ന തരത്തിലുളളതാണെന്നും വിമർശനങ്ങൾ ഉയർന്നു.
ഇതോടെയാണ് സംഭവത്തിൽ ക്ഷമാപണം നടത്തി ഫ്ലിപ്കാർട്ട് രംഗത്തെത്തിയത്. ‘ഞങ്ങളോട് ക്ഷമിക്കണം, ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല, നേരത്തെ പങ്കിട്ട വനിതാ ദിന സന്ദേശത്തിന് ക്ഷമ ചോദിക്കുന്നു,” ഫ്ലിപ്കാർട്ട് ട്വിറ്ററിൽ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.