നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിയ്ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിയ്ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, തൃശൂർ, എറണാകുളം ജില്ലകൾ വിട്ടുപോകരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലുള്ള മാർട്ടിൽ അഞ്ച് വർഷമായി എറണാകുളത്തെ ജില്ല ജയിലിലാണ്. കഴിഞ്ഞ ദിവസമാണ് മാർട്ടിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതി നിർദ്ദേശിക്കണം എന്ന വ്യവസ്ഥയോടെയായിരുന്നു സുപ്രീംകോടതി ഉത്തരവ്.

അതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതാണെന്ന് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പെൻഡ്രൈവ് പരിശോധിച്ചത്. പെൻഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളിൽ പെൻഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണൽ സെഷൻസ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്.
എന്നാൽ ഇതിൽ ഏത് കോടതിയിൽ നിന്നാണ് ദൃശ്യം ചോർന്നതെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത പൊലീസിനില്ല. എവിടെ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം നടത്തിയതിൽ അന്തിമറിപ്പോർട്ട് ഏപ്രിൽ 18-ന് സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി നിർദേശം നൽകി. അടുത്ത മാസം 15-ന് മുമ്പ് തുടരന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News