പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരേയും ഞെട്ടിച്ച് പ്രമുഖരുടെ അപ്രതീക്ഷിത തോല്‍വികള്‍

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പ്രമുഖരുടെ അപ്രതീക്ഷിത തോൽവികൾ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരേയും ഞെട്ടിച്ചു. ബിജെപിയിലെയും കോൺഗ്രസിലെയും മുൻമുഖ്യമന്ത്രിമാർക്കും പാർട്ടി അധ്യക്ഷൻമാർക്കുമടക്കം കാലിടറുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.

5 സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പഞ്ചാബിലാണ് കൂടുതൽ പ്രമുഖർക്ക് കാലിടറിയത്.ഭരണത്തുടർച്ചയ്ക്കായി ദളിത് വോട്ടുകൾ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് അമരീന്ദറിനെ മാറ്റി ചരൺജിത് സിംഗ് ചന്നിയെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയതെങ്കിലും അത് ഫലം കണ്ടില്ല.

ചാംപ്കൗർ സാബ്, ഭാദൗർ എന്നീ 2 മണ്ഡലങ്ങളിൽ മത്സരിച്ച ചന്നി 2 ഇടത്തും പരാജയപ്പെട്ടു. പാളയത്തിൽ പടയുമായി നിന്ന പിസിസി അധ്യക്ഷൻ നവജോത് സീംഗ് സിദ്ദുവാകട്ടെ അമൃത്സർ നോർത്ത് മണ്ഡലത്തിൽ പരാജയപ്പെട്ടു.

അതേസമയം കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുണ്ടാക്കി BJP സഖ്യത്തിൽ പാട്യാലാ മണ്ഡലത്തിൽ നിന്നും മത്സരിച്ച അമരീന്ദർ സിംഗ് പരാജയപ്പെട്ടെന്ന് മാത്രമല്ല, നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. പഞ്ചാബിൽ അകാലിദൾ വലിയ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പിൽ പാർട്ടി നേതാവ് പ്രകാശ് സിംഗ് ബാദലും തോൽവി ഏറ്റുവാങ്ങി.

ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയിട്ടും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തോൽവി അപ്രതീക്ഷിതമായി. ബിജെപി വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്ന സ്വാമി പ്രസാദ് മൗര്യ സിറ്റിംഗ് സീറ്റായ ഫാസിൽ നഗറിൽ തോൽവി വഴങ്ങി.

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഖട്ടിമ മണ്ഡലത്തിൽ നേരിട്ട അപ്രതീക്ഷിത തോൽവി പാർട്ടി നേതൃത്വത്തെയും ഞെട്ടിച്ചു.ലാൽകുവ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.

ഗോവയിൽ BJP യോട് പിണങ്ങി പനാജി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ BJPസ്ഥാനാർത്ഥിയോടു തന്നെ പരാജയം വഴങ്ങി.

കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയ മണിപ്പൂരിൽ പാർട്ടി അധ്യക്ഷൻ നമേരാക്പാം ലൊകെൻ സിംഗ് നാംബുൾ മണ്ഡലത്തിൽ പരാജയപ്പെട്ടു.

നിർണായക തെരഞ്ഞെടുപ്പിൽ പ്രമുഖർക്കു പലർക്കും കാലിടറിയതോടെ വിവിധ പാർട്ടികളിലെ അധികാര സമവാക്യങ്ങൾ മാറിമറിയുമെന്നും തീർച്ചയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News