അഖിലേഷിന്റെ നീക്കങ്ങള്‍ പാളി ; ബി.എസ്.പിയില്‍ നിന്ന് ബിജെപിയിലേക്ക് വോട്ടുകള്‍ ചോര്‍ന്നു

മുസ്‌ലീം-ഒ.ബി.സി വോട്ടുകൾ ഏകീകരിച്ച് യുപിയിൽ ബിജെപിയെ പിടിച്ചുകെട്ടാനുള്ള അഖിലേഷിന്റെ നീക്കങ്ങൾ പാളി. സീറ്റും വോട്ടും കൂടിയെങ്കിലും പ്രാദേശിക സഖ്യങ്ങളിലൂടെ പ്രതീക്ഷിച്ച നേട്ടം അഖിലേഷിന് ഉണ്ടാക്കാനായില്ല. ബി.എസ്.പിയിൽ നിന്ന് ബിജെപിയിലേക്ക് വോട്ടുകൾ ചോർന്നതും അഖിലേഷിന് തിരിച്ചടിയായി.

പിന്നാക്ക വിഭാഗ നേതാക്കളെ ഒപ്പം കൂട്ടിയും മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും തന്ത്രപരമായ രാഷ്ട്രീയ നീക്കമായിരുന്നു ഇത്തവണ അഖിലേഷിന്റേത്. ആദ്യഘട്ടത്തിൽ ബിജെപിയെ തന്നെ വിറപ്പിച്ച നീക്കം. 45 ശതമാനം ഒ.ബി.സി വോട്ടുകളാണ് യു.പിയിലുള്ളത്. ഇതിൽ യാദവ് വിഭാഗം 9 ശതമാനം.

2017ൽ ഒ.ബി.സി വോട്ടുകളിൽ 58 ശതമാനം ബിജെപിക്കാണ് കിട്ടിയത്. ആർ.എൽ.ഡി ഉൾപ്പടെയുള്ള പാർട്ടികളുമായുള്ള സഖ്യത്തിലൂടെ ബിജെപിയിലേക്ക് പോയ ഒ ബി.സി വോട്ടുകൾ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം മുസ്‌ലീം വോട്ടുകൾ കൂടി ലഭിച്ചാൽ യു.പി പിടിക്കാമെന്ന് അഖിലേഷ് കരുതി. അഖിലേഷിന്റൈ ഒ.ബി.സി സഖ്യം ഒരു പരിധി വരെ വിജയിച്ചതിന്റെ സൂുചനയാണ് വോട്ട് ശതമാനം 21 ൽ നിന്ന് 32 ആയി ഉയർന്നതും നൂറിലധികം സീറ്റുകൾ കിട്ടിയതും.

2017 ൽ 22 ശതമാനം വോട്ടുപിടിച്ച ബി.എസ്.പിക്ക് ഇത്തവണ ലഭിച്ചത് 12 ശതമാനം വോട്ടുമാത്രം. അഖിലേഷ് സഖ്യം ബിജെപിയുടെ ഒ.ബി.സി വോട്ടുകൾ പിളർത്തിയപ്പോൾ ബി.എസ്.പിയുടെ ദളിത് വോട്ടുകൾ ബിജെപി പിളർത്തി. ഇതോടെയാണ് അഖിലേഷിന്റെ തന്ത്രങ്ങൾ പാളിയത്. ഒപ്പം
മുല്ല മുലായം, 80-20, കാശി, അയോദ്ധ്യ, മധുര തുടങ്ങിയ ഹിന്ദുത്വ പ്രചരണം ബിജെപി തീവ്രമാക്കിയതും അഖിലേഷിന് വിനയായി.

കർഷക സമരം ഏറ്റവും അധികം സ്വാധീനമുണ്ടാക്കിയ മുസഫർനഗറും ബുന്ദേൽകണ്ഡ്, ലക്‌നൗ മേഖലയിലെ യാദവ ബെൽറ്റിലും അഖിലേഷിന് പിടിച്ചുനിൽക്കാനായി. അതിനപ്പുറത്ത് പൂർവ്വാഞ്ചലും ഗോരക്പൂരും വാരാണസിയുമൊക്കെ ബിജെപി തൂത്തുവാരി. അധികാരത്തിലെത്താനായില്ലെങ്കിലും അഖിലേഷ് ബിജെപിക്കെതിരെ പിടിച്ചുനിന്നു.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായി വിലയിരുത്തപ്പെടുന്ന യു.പി തെരഞ്ഞെടുപ്പ് ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു. അപ്പോഴും തൊട്ടുപുറകെ അഖിലേഷ് ഉയർത്തുന്ന ഭിഷണി ചെറുതല്ല. ദേശീയതലത്തിൽ മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ മുന്നോട്ടുവെക്കുന്ന സഖ്യത്തിനൊപ്പമുള്ള അഖിലേഷിന്റെ മുന്നേറ്റം ബിജെപിക്ക് വെല്ലുവിളി ഉയർത്തും എന്നതിൽ സംശയമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News