AAP യുടെ തേരോട്ടത്തിൽ കടപുഴകിയ പ്രമുഖർ ഇവർ

പഞ്ചാബ് നിയമസഭാ തെഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ തരംഗത്തിൽ പലപ്രമുഖരും അടിതെറ്റി വീണു. ആകെയുള്ള 117 സീറ്റുകളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 92 സീറ്റിലും എഎപി മുന്നേറുകയാണ്. ഭരണകക്ഷിയായ കോൺഗ്രസ് 18 സീറ്റിലും ശിരോമണി അകാലിദൾ 4 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം രണ്ടു സീറ്റിലാണ് മുന്നിൽ. പഞ്ചാബിൽ കേവല‌ ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഡൽഹിക്ക് പുറത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് എഎപി ഭരണത്തിലേക്ക് വരുന്നത്. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിംഗ് മാൻ ധൂരിയിൽ തകർപ്പൻ വിജയം നേടി.

ആംആദ്മി പാർട്ടിയുടെ കുതിപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിലെ പല വമ്പൻമാർക്കും കാലിടറി. രണ്ടു സീറ്റിൽ മത്സരിച്ച നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത് സിംഗ് ഛന്നി രണ്ടിടത്തും തോറ്റു. ചംകോർ സാഹിബ് മണ്ഡലത്തിലും ബർണാല ജില്ലയിലെ ബദൗർ മണ്ഡലത്തിലുമാണ് ഛന്നി ഭാഗ്യം പരീക്ഷിച്ചത്.

കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ തോറ്റു. 19,873 വോട്ടുകൾക്കായിരുന്നു തോൽവി. പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു അമൃത്‌സർ ഈസ്റ്റിൽ തോറ്റു. 6750 വോട്ടിനാണ് തോൽവി. ഇവിടുത്തെ ശിരോമണി അകാലിദൾ സ്ഥാനാർഥി ബിക്രം സിങ് മജീദിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എഎപി സ്ഥാനാർഥി ജീവൻജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ ലാംബിയിൽ പരാജയപ്പെട്ടു.

പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ശിരോമണി അകാലിദളുമായുള്ള ദീർഘകാല ബന്ധം വേർപെടുത്തിയ ബിജെപി ഇത്തവണ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ (സംയുക്ത്) എന്നിവരുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദൾ ബിഎസ്പിയുമായി ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News