ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് തിരിച്ചടി

ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ ചെറു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തുടര്‍ഭരണം. ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഗോവയും മണിപ്പൂരും ബിജെപി ഭരിക്കും.

ഉത്തരാഖണ്ഡില്‍ തനിച്ച് ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി തോറ്റത് ബിജെപിക്ക് തിരിച്ചടിയായി. തിരിച്ചുവരവിനിറങ്ങിയ കോണ്‍ഗ്രസിന് ഗോവയിലും ഉത്തരാഖണ്ഡിലും തിരിച്ചടി ആ‍വര്‍ത്തിച്ചു.

മുഖ്യമന്ത്രിമാരെ മാറി മാറി പരീക്ഷിച്ച ഉത്തരാഖണ്ഡ്, റിസോര്‍ട്ട് രാഷ്ട്രീയം കൊണ്ട് ഭരണത്തിലെത്തിയ ഗോവ, ഓപ്പറേഷന്‍ താമരയിലൂടെ അധികാരം പിടിച്ച മണിപ്പൂര്‍ മൂന്ന് ചെറു സംസ്ഥാനങ്ങളിലും ബിജെപിക്ക് ഇത്തവണ ആശ്വാസം. നാടകീയതയുടെ അകമ്പടിയില്ലാതെ മൂന്ന് സംസ്ഥാനങ്ങളും ബിജെപിക്ക് ഭരിക്കാം.

70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ തനിച്ച് ഭൂരിപക്ഷം നേടിയാണ് അധികാരത്തിലേക്കുള്ള ബിജെപിയുടെ രണ്ടാം വരവ്. സീറ്റെണ്ണത്തില്‍ ബിജെപിക്ക് 2017 ലെ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും വോട്ട് ശതമാനത്തില്‍ കാര്യമായ കുറവുണ്ടായില്ല. എന്നാല്‍ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഖട്ടിമയില്‍ മൂന്നാം അങ്കത്തില്‍ തോറ്റത് ബിജെപിക്ക് ഞെട്ടലായി.

പുതിയ മുഖ്യമന്ത്രി ആരെന്നതില്‍ ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചു.അധികാരം ലക്ഷ്യമാക്കിയിറങ്ങിയ കോണ്‍ഗ്രസിനാകട്ടെ ക‍ഴിഞ്ഞ തവണത്തെ പ്രകടനം മെച്ചപ്പെടുത്താനേ സാധിച്ചുള്ളൂ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ഹരീഷ് റാവത്ത് ലാല്‍കുവയില്‍ തോറ്റു.

ഗോവയില്‍ ഇക്കുറി ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. നാല്‍പ്പത് സീറ്റുകളുള്ള സംസ്ഥാനത്ത് തനിച്ച് 20 സീറ്റുകള്‍ നേടിയ ബിജെപിക്ക് സ്വതന്ത്രരും എംജിപിയും പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ രൂപീകരണം തലവേദനയാകില്ല.

മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആദ്യം കിതച്ചെങ്കിലും ഒടുവില്‍ സാന്‍ക്വിലിമില്‍ വിജയം നേടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രി വിശ്വജിത് റാണെയും അവകാശ വാദം ഉന്നയിച്ചതോടെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ബിജെപി ദേശീയ നേതൃത്വമെടുക്കും.

14ന് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. സംസ്ഥാന ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് മണിപ്പൂര്‍ ബിജെപി സ്വന്തമാക്കിയത്. ബിജെപി തനിച്ച് കേവല ഭൂരിപക്ഷമുറപ്പിച്ചു. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് ബിരേന്‍ സിംഗ് പറയുന്നതെങ്കിലും ബിരേന്‍ സിംഗിന് വീണ്ടും നറുക്ക് വീ‍ഴുമെന്നുറപ്പ്.

2017 ല്‍ 28 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. വെറും നാല് സീറ്റുകളാണ് നേടാനായത്. പിസിസി അധ്യക്ഷന്‍ ലോകേന്‍ സിംഗ് ഉള്‍പ്പെടുയുള്ളവര്‍ തോറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News