ഐജാസ് അഹമ്മദ് ഇടതുപക്ഷ രാഷ്ട്രീയത്തിന് തീരാനഷ്ടം; എം എ ബേബി

മാർക്സിസ്റ്റ് പണ്ഡിതനായിരുന്ന സഖാവ് ഐജാസ് അഹമ്മദിൻറെ നിര്യാണം ഇടതുപക്ഷ രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് പിബി അംഗം എം എ ബേബി. അദ്ദേഹം തന്റെ ഫേസ്ബുക്കിലാണ് അനുശോചനം അറിയിച്ചത്.

അക്കാദമിക് പണ്ഡിതനായിരിക്കെ തന്നെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും സജീവമായും നിരന്തരമായും രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടാണ് പ്രൊഫസർ ഐജാസ് ജീവിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ….

മാർക്സിസ്റ്റ് പണ്ഡിതനായിരുന്ന സഖാവ് ഐജാസ് അഹമ്മദിൻറെ നിര്യാണം ഇടതുപക്ഷ രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. അമേരിക്കൻ സർവകലാശാലകളിലെ ദീർഘകാലത്തെ അധ്യാപനത്തിനു ശേഷം ഡെൽഹിയിലെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിലെയും ജവഹർലാൽ നെഹ്രു സർവകലാശാലയിലെയും ഗവേഷണ-അധ്യാപന ചുമതലകൾ അദ്ദേഹം ഏറ്റെടുത്തു. ഫ്രണ്ട്ലൈൻ, ന്യൂസ്ക്ലിക്ക് എന്നീ ആനുകാലികങ്ങളുടെ ഉപദേശകനായും പ്രവർത്തിച്ചു.

ആധുനികാനന്തരവാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ വിമർശനങ്ങൾ വളരെ പ്രസക്തമായിരുന്നു. ഫ്രെഡറിക് ജെയിംസണിൻറെ വാദങ്ങളെ അദ്ദേഹം വിമർശനപരമായി നവീകരിച്ച് മുന്നോട്ടുകൊണ്ടുപോയി. പോസ്റ്റ് കൊളോണിയൽ വാദങ്ങളുടെ അന്തസത്തയെക്കുറിച്ച് അദ്ദേഹം വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളുയർത്തി. ഇന്ത്യയിലെയും ലോകത്തെയും സമകാലികപ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് എഴുതിയിരുന്ന ലേഖനങ്ങൾ ഈ സൈദ്ധാന്തികപ്രവർത്തനങ്ങൾക്കുപരിയായിരുന്നു.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒരു പതിപ്പ് ലെഫ്റ്റ്വേഡ് പ്രസിദ്ധീകരിച്ചപ്പോൾ അതിന് ദീർഘമായ ഒരു അവതാരികയെഴുതിയത് ഐജാസ് അഹമ്മദ് ആണ്. അത് ചിന്ത പബ്ലിഷേഴ്സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് മാനിഫെസ്റ്റോയെ കാലോചിതമായി വായിക്കന്നതിന് വിലപ്പെട്ടൊരു പഠനസഹായിയാണ്. സിപിഐഎമ്മിൻറെ കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ ഗൌരവപൂർണ്ണമായ വായനയ്ക്കും തുടർപഠനത്തിനുമായി പഠനക്ലാസുകൾ നടത്തേണ്ടതുണ്ടെന്ന് പാർടി തീരുമാനിച്ചിരുന്നു.

രണ്ടു റൌണ്ട് ക്ലാസുകൾ ഇതിന്റെ ഭാഗമായി നടക്കുകയും ചെയ്തു. പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആണതിൽ പങ്കെടുത്തത്. ഇതിൽ ചില വിഷയങ്ങൾ പാർടി നേതാക്കന്മാർ തന്നെ കൈകാര്യം ചെയ്തു. ശാസ്ത്രീയസോഷ്യലിസ്റ്റ് പ്രപഞ്ചവീക്ഷണത്തോടും വിപ്ലവപ്രസ്ഥാനത്തിനോടും ചേർന്നുനില്ക്കുന്ന അതിപ്രഗത്ഭരായ ചിലമാർക്സിസ്റ്റ് ചിന്തകന്മാർ കൂടെ ഈ പഠനപരിപാടിക്ക് നേതൃത്വം നല്കട്ടെ എന്ന് പാർടി കേന്ദ്രക്കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ഉത്തരാധുനികതയുടെ ദാർശനികകാലഘട്ടത്തിൽ മാർക്സിസ്റ്റ് ദർശനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അതരണം നടത്തിയത് ഐജാസ് അഹമ്മദ് ആയിരുന്നു.

ഏ കെ ജി ഗവേഷണകേന്ദ്രത്തിന്റെ പഠനപരിപാടിയിലും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ഹൈദരാബാദിൽ നടന്ന ഒരു സെമിനാറിലാണ് ഐജാസ് അഹമ്മദുമൊത്ത് ഞാൻ അവസാനമായി പങ്കെടുത്തത്. അവിടെ വച്ച്, സെമിനാറിന് പുറത്ത്, കുറെ അധികംനേരം വളരെയധികം കാര്യങ്ങൾ സംസാരിക്കാൻ കഴിഞ്ഞത് എനിക്ക് അമൂല്യമായ ഒരു അനുഭവമായിരുന്നു.

ഇന്ത്യയിൽ ഹിന്ദുത്വവർഗീയരാഷ്ട്രീയത്തിൻറെ വളർച്ചയെക്കുറിച്ച് അദ്ദഹം പറയാറുള്ള ഒരു നിരീക്ഷണം വളരെ ശ്രദ്ധേയമാണ്- ഏറ്റവും ജനവിരുദ്ധവും സാമൂഹ്യവിരുദ്ധവും ആപത്ക്കരവുമായ പ്രത്യശാസ്ത്രമാണ് ആർഎസ്എസിൻറേത്. എന്നാൽ ആ പ്രത്യയശാസ്ത്രത്തിൻറെ പിന്നിൽ ജനങ്ങളെ അണിനിരത്താൻ വളരെ കൌശലപൂർവവും വളരെ സമർത്ഥവുമായി പ്രവർത്തിക്കുന്ന ഒരു സംഘടനാസംവിധാനം മെനഞ്ഞെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ഏറ്റവും ശരിയും ശാസ്ത്രീയവുമായ വീക്ഷണമുള്ളവർക്ക് അത് വേണ്ടത്ര കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ വെല്ലുവിളി.
സഖാവ് ഐജാസ് അഹമ്മദിന് എൻറെ അന്ത്യാഭിവാദ്യങ്ങൾ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News